ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകൻ എന്തിനു സിനിമ കാണണം.

11:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സിനിമ കാണാൻ അദ്ധ്യാപകർ എന്തിനു പഠിക്കണം?

'യു ടുബിൽ ആയിരക്കണക്കിന്‌ ആളുകൾ കണ്ട ഒരു വീഡിയോയുണ്ട്‌. വീ ആർ ഡിജിറ്റൽ ലേണേർസ്‌. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന പതിനാറോളം കുട്ടികൾ അവരുടെ താല്പര്യങ്ങളെക്കുറിച്ച്‌ പറയുകയാണിതിൽ. ക്യാമറ ഓരോരുത്തരുടെ അടുത്തേക്കും ചെല്ലുമ്പോൾ അവരുടെ കൈയ്യിലുള്ള ബോർഡ്‌ അവർ ഉയർത്തിക്കാട്ടും. കഴിഞ്ഞ ഒരാഴ്ച അവർ എന്താണ്‌ ചെയ്തതെന്ന്‌ വ്യക്തമായി അതിൽ എഴുതിയിട്ടുണ്ട്‌. മിക്കവാറും സമയം അവർ കമ്പ്യുട്ടറിന്റെ മുന്നിൽ, ഇന്റർനെറ്റിന്റെ മുന്നിൽ, ടി.വി.യുടെ മുന്നിൽ ആണ്‌. ബ്ലോഗ്‌ ചെയ്തും പോഡ്കാസ്റ്റ്‌ ചെയ്തും ഹാരിപോട്ടർ കേട്ടും ഇമെയിൽ ചെയ്തും വിക്കിയിൽ വായിച്ചും ആണ്‌ അവർ സമയം ചെലവഴിച്ചത്‌. സ്കൂളിൽ അവർക്ക്‌ പകർത്തി എഴുതാനും വിരസമായ 'കഥാപ്രസംഗങ്ങൾ' കേൾക്കാനും, മാത്രമേ ഇടയുണ്ടായിരുന്നുള്ളൂ. ഡിജിറ്റലായി കഥ പറഞ്ഞുകൊണ്ട്‌ തങ്ങളെ എൻഗേജ്‌ ചെയ്യാൻ അദ്ധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ആ വിഡിയോ ക്ലിപ്പ്‌ അവസാനിക്കുന്നത്‌. കാലത്തിന്റെ മാറ്റം, പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും അതാത് കാലത്തെ വിദ്യാഭ്യാസമാണ്. താളിയോലകളിൽ നിന്നും കടലാസിലേക്കും അച്ചടിയിലേക്കും ആദ്യം കാൽവെച്ചത് അറിവ് പകരുന്ന പ്രക്രിയ കൂടിയാണ്. അത് സാങ്കേതികവിദ്യയ്ക്ക് നേരെയുള്ള അഭിനിവേശം മാത്രമല്ല കാണിക്കുന്നത്. അറിവിനെ ജനാധിപത്യവത്കരിക്കാനും അതിന്റെ വ്യാപ്തി പരമാവധി വർദ്ധിപ്പിക്കാനും ഇത് കൂടിയേ കഴിയു എന്ന് അതത് കാലത്തെ 'അറിവധികാരികൾക്ക്' ബോദ്ധ്യമായിരുന്നു. ആധുനികസാങ്കേതികവിദ്യ സാദ്ധ്യമാക്കിത്തീർത്ത ജ്ഞാനചക്രവാളങ്ങളെ പുതിയ കാലത്തെ 'അറിവധികാരികൾ' എങ്ങിനെ നോക്കിക്കാണുന്നു എന്ന് ആലോചിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ മനസ്സിലെത്തിയത്. അച്ചടിയിൽ വന്ന മാറ്റം പോലും പാഠപുസ്തകങ്ങൾ രൂപകല്പന ചെയ്യുന്നതിലും അതിന്റെ ധർമ്മം വ്യത്യസ്ത രീതിയിൽ നിറവേറ്റുന്നതിലും പ്രയോജനപ്പെടുത്തിയിരുന്നു. ഡി.ടി.പി. വന്നതോടുകൂടി പാഠപുസ്തകങ്ങളുടെ രൂപകല്പനയിൽ വന്ന മാറ്റം ശ്രദ്ധേയമാണല്ലോ. ചിത്രങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാവനാലോകം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പാഠപുസ്തകത്താളുകളിൽത്തന്നെ വരയ്ക്കാനും എഴുതാനുമുള്ള സൌകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. എന്നാൽ അവിടുന്ന് മുന്നോട്ട് സാങ്കേതികവിദ്യയുടെ വളർച്ചയെ തൊടാൻ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്. അതിന് സാങ്കേതികവിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയൻസ്അദ്ധ്യാപകർക്ക് പോലും ഇല്ല. മാത്രമല്ല ആധുനികവാർത്താവിനിമയ സൌകര്യങ്ങൾ സാദ്ധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവർ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാൻ പോലും അവർ തയ്യാറല്ല. (മൾടി മീഡിയയുടെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തുന്ന അപൂർവ്വം അദ്ധ്യാപകർ ക്ഷമിക്കട്ടെ ) ഡിജിറ്റൽ സാങ്കേതികവിദ്യയും ദൃശ്യമാദ്ധ്യമങ്ങളും നമ്മുടെ ക്ലാസ് മുറിയെ എത്രമാത്രം സർഗാത്മകവും ആവേശഭരിതവും ആക്കിത്തീർക്കും എന്ന് ആരാണ് അവരെ ബോദ്ധ്യപ്പെടുത്തുക. ഡിജിറ്റൽ സാങ്കേതികവിദ്യയും ദൃശ്യമാദ്ധ്യമങ്ങളും നമ്മുടെ ദൈനംദിനജീവിതത്തിനുമേൽ തന്നെ കാർമേഘമായും മഴവില്ലായും മാറി മാറി ഇരുണ്ടും തെളിഞ്ഞും വന്നു മൂടുകയാണ്. സത്യത്തിൽ അദ്ധ്യാപകന്റെ റോൾ തന്നെ ഈ കാലത്ത് എന്താണ് എന്ന് പുനർനിർവ്വചിക്കേണ്ടതുണ്ട്‌. കേവലം വിജ്ഞാനം വിതരണം ചെയ്തുകൊണ്ട് അവനു പുലരാൻ സാദ്ധ്യമല്ലതന്നെ. വിജ്ഞാനം ഏറ്റവും സഫലമായി അവന്റെ ഉള്ളിലെത്തിക്കാൻ എത്രയോ മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പ്യുട്ടറും ഇന്റർനെറ്റും ആയിരക്കണക്കിനുള്ള സി ഡി / ഡി വി ഡി കളും സംഭരിച്ചിട്ടുള്ള വിജ്ഞാനത്തിന്റെ പതിനായിരത്തിൽ ഒന്ന് പോലും നമ്മുടെ മിക്ക അദ്ധ്യാപകരുടെയും സമീപത്തുകൂടെ പോലും പോയിട്ടില്ല. അത് മുഴുവൻ ആർജ്ജിക്കുക ആർക്കും സാദ്ധ്യവുമല്ല. പക്ഷെ ഒരു വിരൽ സ്പർശത്തിനപ്പുറത്ത് അതുണ്ട്, തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥിക്ക് ഏറ്റവും എളുപ്പത്തിൽ അത് ലഭ്യമാണ് എന്ന ബോദ്ധ്യം അവർക്ക് വേണം. അപ്പോൾ മനസ്സിലാവും കേവലം വിജ്ഞാനം വിളമ്പുക മാത്രമല്ല തന്റെ ദൌത്യമെന്ന്; അതിനും അപ്പുറം എത്രയോ ഗൌരവത്തിലുള്ള ചുമതലകളാണ് കാലം തന്നെ ഏല്പിച്ചിരിക്കുന്നത് എന്ന്. വാർത്തകളായും വിവരങ്ങളായും അനുനിമിഷം പെരുകുന്ന അറിവുകളുടെ ഈ പെരുമഴയിൽ ഒലിച്ചുപോകാതെ ആരാണ് അവർക്ക് നേരെ സത്യത്തിന്റെയും തെളിച്ചത്തിന്റെയും നേർത്തവിരൽ നീട്ടുക. ഈ വിജ്ഞാനം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്, എത്രമാത്രം സ്വീകരിക്കണം എന്ന് പരിശോധിക്കാനുള്ള സൂക്ഷ്മദർശിനികൾ അവരുടെ ചിന്തയിൽ ആരാണ് നിക്ഷേപിക്കുക. ആധികാരികമെന്ന് നിങ്ങൾ ആണയിടുന്ന എല്ലാ ഗ്രന്ഥവും അവർക്ക് ചതുർത്ഥിയുമാണ്‌. എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത ഈ സമസ്യയ്ക്ക് മുന്നിൽ അദ്ധ്യാപകരും കൈമലർത്തി നിന്നാൽ നാളെ നമ്മൾ അശാസ്യമെന്നു കരുതുന്ന ഒന്നല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിൽ വിരിയുക. അതുകൊണ്ട് തന്നെ സാങ്കേതികവിദ്യയുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും ശക്തിയെയും സാദ്ധ്യതയും കുറിച്ച് മറ്റൊന്നിനും നല്കാത്ത പ്രാധാന്യം കൊടുത്തുതന്നെ നമ്മുടെ അദ്ധ്യാപകസുഹൃത്തുക്കൾ പഠിക്കാൻ തയ്യാറാവണം. ഏതൊരു സംഗതിയുടെയും അപ്പുറവും ഇപ്പുറവും നില്ക്കുന്ന കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുമ്പോൾ താൻ അറിഞ്ഞ ഒന്നാണ് പരമയാഥാർത്ഥ്യം എന്ന മിഥ്യാബോധത്തിന്റെ തൂവലുകൾ കൊഴിയും. ഇതിനു കേവലമായ വിവരണം മാത്രം പോര. ഇതൊരു ശക്തമായ ബോദ്ധ്യമായി അവരുടെ ഉള്ളിൽ നിറയണം. നന്നായി സംവിധാനം ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും പ്രസക്തി ഇവിടെയാണ്‌. ഒരു വ്യക്തിയുടെതന്നെ ജീവിതത്തെ പലകാഴ്ചപ്പാടുകളിൽ നിന്നും നോക്കിക്കാണുന്ന, ഒരു സംഭവത്തെ തന്നെ പലകാഴ്ചപ്പാടുകളിൽ നിന്നും നോക്കിക്കാണുന്ന എത്രയോ നല്ല ചലച്ചിത്രങ്ങൾ നമുക്കുണ്ട്. അനന്തരം, റാഷമോൺ തുടങ്ങിയവ പെട്ടെന്ന് തോന്നുന്ന ഉദാഹരണങ്ങൾ. ഹയർ സെക്കന്ററി തലത്തിലെങ്കിലും ഇത്തരം ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഉള്ളടക്കം, ശൈലി എന്നിവയെ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ നടത്തുകയും വേണം. വിമർശനാത്മകമായി നമുക്ക് ചുറ്റുമുള്ള ഓരോന്നിനെയും നോക്കിക്കാണാനുള്ള മനോഭാവം രൂപീകരിക്കുക എന്നത് ലോകമെമ്പാടുമുള്ള കരിക്കുലത്തിന്റെ ഇന്നത്തെ പ്രധാനലക്ഷ്യമാണ്‌. സാങ്കേതികവിദ്യയുടെയും മാദ്ധ്യമങ്ങളുടെയും ഒരു സവിശേഷത അതിനെത്തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ടൂളുകളും അത് തയ്യാറാക്കി തന്നിട്ടുണ്ട് എന്നതാണ്. ഒരു ഭാഗത്ത് നിലയും പിടുത്തവും കിട്ടാത്ത ജീർണ്ണതയുടെ ആഴങ്ങളിലേക്ക് അത് നമ്മളെ പിടിച്ചു വലിക്കുമ്പോൾ മറ്റൊരു ഭാഗത്ത് അനുഭൂതിയുടെ, സൌന്ദര്യത്തിന്റെ തീരങ്ങളിലേക്ക് അത് നമ്മളെ കൈപിടിച്ച് കയറ്റുകയും ചെയ്യും. ഉചിതമായ മനോഭാവം രൂപീകരിക്കാനും സ്നേഹം, സഹാനുഭൂതി, കാരുണ്യം തുടങ്ങിയ മാനുഷികമൂല്യങ്ങൾ ശക്തിപ്പെടുത്താനും സഹായകമാകുന്ന ചലച്ചിത്രങ്ങൾ കൊണ്ടേ അക്രമവും ലൈംഗികഅരാജകത്വവും നിറഞ്ഞ കച്ചവടചിത്രങ്ങളുടെ സ്വാധീനത്തിൽ നിന്ന് അവരെ തിരിച്ചു കൊണ്ടുവരാൻ കഴിയൂ. ഒരു ദൃശ്യസാക്ഷരതയുടെ അഭാവമാണ് ഈ കാര്യങ്ങൾ ശരിയായി വിനിമയം ചെയ്യുന്നതിന് നമ്മുടെ അദ്ധ്യാപകർക്ക് തടസ്സമായി നില്ക്കുന്നത്. അത് നീക്കിയേ പറ്റൂ. യാഥാർത്ഥ്യത്തിന്റെ നേർത്ത മുള്ളുകൊണ്ട് അയുക്തിയുടെയും ആലങ്കാരിതയുടെയും കാറ്റുനിറച്ച ഇത്തരം കാഴ്ചകളെ മെല്ലെ ഒന്ന് കുത്തിനോക്കുകയേ വേണ്ടൂ. കാഴ്ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്ക്കും. നേരിന്റെ പര്യായമായി കാഴ്ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്കാരം, കല, ചരിത്രം, പരിസ്ഥിതിപ്രവർത്തനം എല്ലാം കാഴ്ചക്കുവേണ്ടിയും കാഴ്ചയുടെ രീതിശാസ്ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്ചയ്ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോൾ അവയിൽ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്ചകളെ ശരിയായ അർത്ഥത്തിൽ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.

  • ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബലതാല്പര്യങ്ങൾ എന്ത്‌ ?
  • ദൃശ്യങ്ങൾ നിഷ്ക്കളങ്കമാണോ ?
  • പതിവ്‌ ഘടനയിലൂടെ ആവർത്തിക്കുന്ന ദൃശ്യങ്ങൾ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
  • ഓരോ ദൃശ്യവും രുചികരമാക്കാൻ ചേർക്കുന്ന ചേരുവകൾ എന്ത്‌ ?
  • ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരൽ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
  • ദൃശ്യങ്ങൾ ഉല്പാദിപ്പിക്കുന്ന ആന്തരികാർത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
  • എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?

ഇത്തരം ചോദ്യങ്ങൾ നാം ശരിയായ രീതിയിൽ ഉയർത്തേണ്ടതുണ്ട്‌. വിമർശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങൾ ഓരോരുത്തരുടെയും കൈമുതലാകണം. സംവിധായകന്റെ (സംശയമില്ല, അയാൾ നിർമ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാർത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തിൽ എവിടെയുണ്ടാകും അത്തരമൊരാൾ) വീടിന്റെ ചുമരിൽ തൂങ്ങുന്ന കലണ്ടർ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കിൽ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകൾകൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്ട്രകൾ, ദൃശ്യങ്ങളുടെ സൂക്ഷ്മവിശകലനത്തിൽ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തിൽ വ്യാഖ്യാനിക്കാൻ ആദ്യം പരിശീലിപ്പിക്കേണ്ടത് നമ്മുടെ അദ്ധ്യാപകരെയാണ്. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളിൽ അവരും ചടഞ്ഞിരുന്നാൽ ആരാണ്‌ ഇതേറ്റെടുക്കുക. നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയിൽ പരത്തിപ്പറയുന്ന ഒരു മാദ്ധ്യമരീതിശാസ്ത്രം ബോധപൂർവ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാദ്ധ്യമദൃശ്യങ്ങൾ മാത്രമല്ല, ജീവിതക്കാഴ്ചകളെ ചേർത്തുവയ്ക്കുകയോ കാഴ്ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്ക്ക്‌ ചെയ്യാനുള്ളത്‌. യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികൾ പോലും സൃഷ്ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേർക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാദ്ധ്യമത്തിൽ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്ചപ്പാട്‌ മുന്നിൽ നില്ക്കും. ഒരേ ദൃശ്യത്താൽ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാൻ ഈ മാദ്ധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്ദപഥം, ക്യമറയുടെ ആംഗിളുകൾ എന്നിവയെല്ലാം ആശയരൂപീകരണത്തിൽ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാദ്ധ്യമത്തിൽ. ഇത്തരം ആലോചനകളും ചർച്ചകളും തെളിവുകളും ക്ലാസ്‌ മുറിയിൽ ചർച്ച ചെയ്യപ്പെടണം. പരസ്യങ്ങൾ മാത്രമല്ല സിനിമകളും ദൃശ്യമാദ്ധ്യമങ്ങളിൽ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകൾ തന്നെ) ഇത്തരം ചർച്ചകളുടെയും വിമർശനചിന്തയുടെയും അഭാവത്തിൽ വളർന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്കാരികസ്വത്വരൂപീകരണം മാദ്ധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്ഠിതമായ അവ തീർച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേർത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാദ്ധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീർക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാദ്ധ്യമായതിനെ സുസാദ്ധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്മയങ്ങളെ ചവച്ചരയ്‌ക്കാൻ അവരെ പ്രാപ്തരാക്കും. അതിന് ആദ്യം വേണ്ടത് ഇവയെ സൂക്ഷ്മമായി അനുധാവനം ചെയ്യാൻ നമ്മുടെ അദ്ധ്യാപകർ ക്ഷമ കാണിക്കണം എന്നതാണ്. താൻ പഠിക്കുമ്പോൾ പരിചയപ്പെട്ട ഗൈഡുകൾപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാൽ ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാർത്തെടുക്കേണ്ട ചുമതല തന്നിൽ വന്നുചേർന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാൽറ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷൻ പരിപാടികളും ഇന്റർനെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോൾ മാത്രമേ അവർ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.