Schoolwiki സംരംഭത്തിൽ നിന്ന്
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുന്‍പ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സന് അധികാരി ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തിന്‍കീഴിലായിരുന്നു. 1956-ല്‍ നവംബര്‍ 1-ന് ഐക്യകേരള പിറവിയെ തുടര്‍ന്ന് 1957-ല്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവല്‍ക്കരിക്കപ്പെട്ടു. മുക്കം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ തന്നയായിരുന്നു. മണാശേരി സ്കൂളില്‍ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബര്‍ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകള്‍ ചേര്‍ന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ല്‍ അധികാരമേറ്റു. ഔഷധച്ചെടികളാല്‍ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയില്‍ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ പെടുന്നു. കോഴിക്കോട് പട്ടണത്തില്‍ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളര്‍ച്ച. പച്ചക്കാടും, അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുല്‍മേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങള്‍, മലഞ്ചെരുവുകളിലെ പാടശേഖരങ്ങള്‍, ചെറിയ തോടുകള്‍, അങ്ങിങ്ങ് പാറക്കൂട്ടങ്ങള്‍, കടുത്ത ചെങ്കല്‍ പ്രദേശങ്ങള്‍ എന്നിവ ചേര്‍ന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാര്‍ഗ്ഗങ്ങളുടെ മര്‍മ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കര്‍ക്കിടകത്തിലെ കറുത്ത വാവില്‍ അര്‍ദ്ധരാത്രി നീലക്കൊടുവേലിയും മരമഞ്ഞളും ഈ വെള്ളത്തില്‍ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താല്‍ പുഴയിലെ ജലം ഔഷധസമ്പൂര്‍ണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവില്‍ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണന് നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടര്‍ന്നും ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ഫര്‍ക്കയില്‍ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.