ചൂലാംവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)


പൂനൂര്‍ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്ക് കിഴക്ക് പ്രദേശം. ആമ്പ്ര-കൂടത്താല്‍ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്വരയില്‍ പ്രകൃതി കനി‍‍ഞ്ഞനുഗ്രഹിച്ച ഗ്രാമം. കരുവാരപ്പറ്റ നായന്‍മാര്‍ ഉല്‍സവം നടത്തിയപ്പോള്‍ ശൂലം കുത്തിയ വയല്‍. പിന്നീട് ആവര്‍ത്തനപ്രയോഗത്തില്‍ ശൂലം വയലും ചൂലാംവയലുമായി മാറിയതെന്ന് പഴമക്കാര്‍ പറയുന്നു. കുരുത്തോലകള്‍കൊണ്ടുള്ള ഉത്സവദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും പഴയ കാലത്തെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. നെല്‍വയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഒാലമേഞ്ഞ വീടുകളും ഉണ്ടായിരുന്ന ചൂലാംവയല്‍ പ്രദേശം. മുളങ്കൂട്ടങ്ങളും ഈര്‍മ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകള്‍. വയലുകളില്‍ തൊപ്പിപ്പാള വെച്ച കര്‍ഷകര്‍. വള്ളിച്ചെരിപ്പില്‍ കാളകള്‍ക്ക് പിന്നാലെ ചെളിപ്പാടങ്ങള്‍. ഉഴുതുമറിച്ച വയലേലകളില്‍ മുട്ടി കൊണ്ട് കട്ടയുടക്കുന്ന കര്‍ഷകര്‍. ദേശത്തിന്റെ ചരിത്രം ചികയുമ്പോള്‍ തെളിയുന്ന ചിത്രങ്ങള്‍ മുന്‍പേ കടന്നു പോയവര്‍ വരച്ചുതരുന്നതിങ്ങിനെ. പ്രശസ്തമായ തൊടുകയില്‍, തെക്കെയില്‍, ചാലിയില്‍ തറവാടുകള്‍ മുസ്ലിംകളുടേത്. പിന്നെ കരുവാരപ്പന്ന നായന്‍മാരുടെയും അക്കരപ്പറമ്പത്ത് തിയ്യന്‍മാരുടെയും തറവാടുകള്‍. തൊടുകയില്‍ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങക്കാരുടെയും കാളവണ്ടികള്‍ ചരക്കുഗതാഗതത്തിന്റെ മാര്‍ഗങ്ങള്‍. കോഴിക്കോട്ടേക്കും തിരിച്ചും കാര്‍ഷികോല്‍പ്പന്നങ്ങളുമായി അവ മണികിലുക്കത്തോടെ മുന്നില്‍ തൂക്കിയിട്ട റാന്തല്‍ വിളക്കുമായി കടന്നുപോകുന്നു. കാക്കാട്ടുപറമ്പില്‍ നിന്നും തൊടുകയില്‍ നിന്നും മറ്റും തലച്ചുമടായി ഒാലയും മുളയും കൊണ്ടുവന്ന് കെട്ടിമേച്ചില്‍ നടത്തിയിരുന്ന സ്കൂള്‍ ഷെഡും മുമ്പിലൊരു സ്രാമ്പിയയും. ഒരിക്കല്‍ ദഫ് മുട്ട് നടത്തുമ്പോള്‍ ബ്രിട്ടീഷ് പട്ടാളം സ്രാമ്പിയില്‍ ഒാടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചുതകര്‍ക്കുകയും ചെയ്തിരുന്നുവത്രെ. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരി കലക്കിയുണ്ടാക്കുന്ന മഷിയില്‍ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെണ്‍കുട്ടികളും മൊട്ടത്തലയും ചുവന്ന കരയുമുള്ള കിണ്ടന്‍ തുണിയുടുത്ത് വരുന്ന ആണ്‍കുട്ടികളും. പലര്‍ക്കും ഷര്‍ട്ടുണ്ടായിരുന്നില്ല. മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാര്‍ പ്രദേശത്ത് 1930 കളില്‍ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാരീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികള്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാല്‍ മാനേജറായിരുന്ന കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കാക്കാട്ട് തറവാട്ടിലെ കുട്ടികളെ മുഴുവന്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. സ്കൂളിന്റെ മുമ്പിലെ കുഞ്ഞായിന്‍ കുട്ടിക്കായുടെ ചായപ്പീടികയില്‍ കാപ്പിക്ക് ഒരു കാശും ചായക്ക് മൂന്ന് കാശും ഒരടുക്ക് പുട്ടിന് മൂന്ന് കാശും (ഒരണ സമം 6 കാശ്, 16 അണ സമം ഒരു രൂപ, ഒരുറുപ്പികക്ക് 16 ഗുണം 6 സമം 96കാശ്). വീടുകളില്‍ പല്ലുതേയ്ക്കാന്‍ ഉമിക്കരിയും ചൂടുകാലത്ത് വിയര്‍പ്പകറ്റാന്‍ പാളവിശറിയും വെള്ളം കോരാന്‍ പാളയും. രാത്രി യാത്രക്കാര്‍ക്ക് വെളിച്ചമേകയിരുന്നത് ചൂട്ടുകറ്റകള്‍. കടകളില്‍ ഒാലച്ചൂട്ട് വില്‍പ്പനക്കുണ്ടായിരുന്നു.

കടപ്പാട്: സ്കൂള്‍ പൂര്‍വാധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ആരാമ്പ്രം

"https://schoolwiki.in/index.php?title=ചൂലാംവയൽ&oldid=342427" എന്ന താളിൽനിന്ന് ശേഖരിച്ചത്