എസ്സ്.ജെ.എൽ.പി.എസ്സ്.കൊച്ചറ/എന്റെ ഗ്രാമം
കൊച്ചറ ഗ്രാമത്തിന്റെ ചരിത്രം
ചരിത്രം എന്നും ഒരു അനുസ്മരണമാണ്. അതുപോലെ ഇന്നലകളുടെ പുനർ വ്യാഖ്യാനവും ആണ്. 1946 - 50 കാലഘട്ടത്തിൽ കേരളം നേരിട്ട രൂക്ഷമായ ഭക്ഷ്യ ശാമ പരിഹാരാർത്ഥം പീരുമേട് താലൂക്കിൽ ധാരാളം ചതുപ്പ് നിലങ്ങൾ കൃഷിക്കാർക്ക് കുത്തക പാട്ടമായും അലോട്ട്മെന്റ് ആയും തിരുകൊച്ചി മന്ത്രിയായിരുന്ന ഇക്കണ്ട വാര്യരുടെ കാലത്ത് വിട്ടുകൊടുത്തു തുടങ്ങി.ഈ അവസരത്തിൽ കൃഷി തൽപരരായിരുന്ന അനവധി ആളുകൾ കിഴക്കോട്ട് കുടിയേറി. അന്ന് നെറ്റിത്തൊഴു പ്രദേശങ്ങൾ വെറും പുൽമേടുകളും കാട്ടു മൃഗങ്ങളുടെ വിഹാര രംഗവും ആയിരുന്നു. കോട്ടയം പാല,,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ,മുക്കുളം തുടങ്ങിയ നാട്ടിൻപുറങ്ങളിൽ നിന്ന് എത്തിയവരാണ് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ.
കൊച്ചറ എന്ന പേരിന്റെ ആവിർഭാവം
ചക്കുപള്ളം പഞ്ചായത്തിലെ കുരുവിക്കാട്ട് പാറയിൽ നിന്ന് ആരംഭിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകി കൂട്ടാറിൽ പതിക്കുന്ന കൊച്ചറ തോടിന് വളരെ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലേക്ക് വെള്ളം കടത്തുന്നതിന് ഈ തോടിന് കുറുകെ മൺചിറ നിർമ്മിക്കുകയും കനാൽ വെട്ടിത്തുറന്ന് കൊച്ചു ചിറ നിർമ്മിക്കുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് കൊച്ചറ എന്ന പേര് ഉണ്ടാവുകയും ചെയ്തു.