എം.ജി.എൽ.പി.എസ്.എം. പുതൂർ/എന്റെ ഗ്രാമം
ഗ്രാമചരിത്രം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ മുതലമട ഗ്രാമപഞ്ചാത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എം.പുതൂർ അഥവ മൂവുലക പുതൂർ. മൂന്ന് ഉലകങ്ങളിൽ നിന്നും ഉണ്ടായ പുതിയ ഊര് അഥവ മൂന്ന് സ്ഥലങ്ങളിൽ നിന്നും ഉണ്ടായ പുതിയ സ്ഥലം എന്നതിൽ നിന്നാണ് മൂവുലക പുതൂർ എന്ന പേര് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
മുതലമട പ്രദേശം മുൻകാലത്ത് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തനതുചരിത്രം 200 വർഷങ്ങൾക്കു മുമ്പാണ് ആരംഭിക്കുന്നത്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് പാറക്കൽചള്ളയുടെ പടിഞ്ഞാറുഭാഗത്ത് തച്ചൻകുളമ്പിൽ നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്രമാറ്റങ്ങളെ നിശബ്ദമായി നോക്കി പന്തലിച്ചുനിൽക്കുന്ന പേരാൽമരവും പനങ്കൂട്ടവും കാലഘട്ടത്തിന്റെ പഴക്കത്തെ നമുക്ക് അറിയിച്ചുതരുന്ന ചരിത്രസ്മാരകങ്ങളാണ്. ടിപ്പുസുൽത്താൻ പടയോട്ടകാലത്ത് പാലക്കാട് കോട്ട സ്ഥാപിച്ചതിനു ശേഷം ഇവിടെയും ഒരു കോട്ട സ്ഥാപിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഈ കോട്ടയിലെ കല്ലുകൾ പാലക്കാട്ടെ കോട്ടയുടെ അതേ അളവിലും വലിപ്പത്തിലുമാണ്. ഈ കോട്ടയുടെ സംരക്ഷണത്തിന് പന്ത്രണ്ട് പഠാണികുടുംബങ്ങളെ ഇതിന്റെ പരിസരങ്ങളിൽ താമസിപ്പിച്ചിരുന്നു. ഉറുദു സംസാരിക്കുന്ന ഇവരുടെ സന്തതിപരമ്പരകൾ ഇന്നും മുതലമടയിലെ പല സ്ഥലങ്ങളിലും കാണാം. ബ്രീട്ടീഷ്ഭരണകാലത്ത് ഈ കോട്ട കച്ചേരിയായിമാറി. കൊല്ലങ്കോട് രാജാവിന്റെ ഭരണത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഈ കോട്ട. അക്കാലത്താണ് ഈ കോട്ടയ്ക്ക് മുതലക്കോട്ട എന്ന പേര് വന്നത്. ഏകദേശം മുക്കാൽഭാഗം പഴയ മലബാറിലും വടക്കുഭാഗത്തുളള കാൽഭാഗം തിരുകൊച്ചിയിലും ഉൾപ്പെട്ടിരുന്ന സ്ഥലമാണ് മുതലമട പഞ്ചായത്ത്. ഈ പ്രദേശങ്ങളിൽ ചതുപ്പുനിലങ്ങളായിരുന്നു അധികവും. ഇവിടെ ധാരാളം മുതലകൾ ഉണ്ടായിരുന്നതാവാം ഈ പേരു വരാനുണ്ടായ കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് ഈ പേരു ലോപിച്ച് മുതലമട എന്നായിട്ടുണ്ടാവാം. ഈ പ്രദേശത്തെ സ്ഥലനാമങ്ങളെല്ലാം തന്നെ ജന്തുനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. ആനമാറി, കുതിരമുളി, പോത്തമ്പാടം, നരിപ്പാറചള്ള എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. പോയ കാലത്ത് സവർണ്ണമേധാവിത്വം മുതലമടയിൽ ശക്തമായിരുന്നു. അവരുടെ ശിങ്കിടികളും ഇത് ശക്തമായി നിലനിർത്താൻ ശ്രമിച്ചു. താഴ്ന്ന ജതിക്കാരുടെ വിവാഹത്തിന് കറുത്ത വസ്ത്രം ധരിക്കണമെന്നും, ഹരിജനസ്ത്രീകൾ പിച്ചളവളകൾ ധരിക്കണമെന്നും, മാറു മറയ്ക്കാൻ പാടില്ലായെന്നും, ചായക്കടകളിൽ കീഴാളർക്കായി പ്രത്യേക പാത്രങ്ങൾ വക്കണമെന്നും നിർബന്ധമായിരുന്നു. തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. കുടിവെള്ളം, കുളം, വഴി എന്നിവ ഓരോ ജാതിക്കും വേറെവേറെയായിരുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി-തൃശ്ശൂർ റോഡും, പൊള്ളാച്ചി-പാലക്കാട് റെയിൽഗതാഗതപാതയും മുതലമടയിൽ തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കടന്നുവരാൻ ഇടയാക്കി. കിഴക്കൻ പ്രദേശത്തെ വെങ്ങുനാട് കോവിലകംഭൂമി വെട്ടിത്തെളിയിക്കാനായാണ് തമിഴ് വംശജർ വന്നു ചേർന്നത്. മൈലുകൾക്കപ്പുറത്തുവെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിപ്പിച്ചാണ് പഴയകാലത്ത് കുടിയാൻ ജന്മിയെ കാണാൻ പോവുക. കുപ്പായം ഊരിയില്ലെങ്കിൽ മർദ്ദിക്കപ്പെടും. കടയിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട ദുഃഖിതവർഗ്ഗം ഇവിടെ ഉണ്ടായിരുന്നു. മർദ്ദിച്ചനുസരിപ്പിച്ച് ജോലിചെയ്യിപ്പിക്കുന്ന ക്രൂരതയും ഇവിടെ ഉണ്ടായിരുന്നു. പശുപെറ്റാൽ ജന്മിയുടെ കാര്യസ്ഥന്മാർ വന്ന് പ്രതിഫലം നൽകാതെ ഭീഷണിപ്പെടുത്തി പശുവിനെ ജന്മിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന അനീതിക്കെതിരായി പുളിയന്തോണിയിലെ 50-ഓളംപേർ ഒറ്റക്കെട്ടായി എതിർക്കുകയുണ്ടായി. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചപ്പോൾ ഇവിടെയുള്ള വിദ്യാസമ്പന്നർ അതിൽ ആകൃഷ്ടരായി. 1932-ൽ ആയിരുന്നു സവർണ്ണമേധാവിത്വത്തിനെതിരെ ആദ്യമായുണ്ടായ പ്രതിഷേധം. ഒരു സവർണ്ണമേധാവിയുടെ കുട എറിഞ്ഞുപൊളിച്ചതിലൂടെ നിലവിലുള്ള സമ്പ്രദായത്തിനു നേരെയുള്ള പ്രതിഷേധമായിരുന്നു വെളിപ്പെടുത്തപ്പെട്ടത്. 1942-ൽ സർവ്വ ജാതിക്കാരും പങ്കെടുത്ത പന്തിഭോജനം നടന്നു. ഇതിൽ പാറക്കൽ ചിദംബരമേനോൻ, വിശ്വനാഥമേനോൻ, മായൻ, പി.സി.നാരായണൻ, പി.എൻ.കൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. ദേശീയ സ്വാതന്ത്യ്രസമരം ഇന്ത്യയിലെങ്ങും ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചപ്പോൾ മുതലമടയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. വിദ്യാസമ്പന്നരായ കുടിയാന്മാരിൽ ചിലർ ഒളിഞ്ഞും തെളിഞ്ഞും ഇതിൽ ബന്ധപ്പെട്ടു. സ്വാതന്ത്യ്രസമരത്തിന്റെ സമരാഗ്നി മുതലമടയിൽ ജ്വലിപ്പിച്ചതിൽ പാറക്കൽ വാസുമേനോനുള്ള പങ്ക് പ്രധാനമാണ്. 1942-ൽ ഗാന്ധിജിയെ അറസ്റ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇവിടെ ജാഥ നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ചെന്താമരാക്ഷൻ, പ്രകാശമേനോൻ, വെള്ളപ്പറാവുത്തർ എന്നിവരെ വിദ്യാലയത്തിൽ നിന്ന് ഒരാഴ്ച്ചക്കാലം സസ്പെൻഡ് ചെയ്തിരുന്നു. വിദേശവസ്തുക്കളുടെ ബഹിഷ്ക്കരണം, ഖാദി വസ്ത്രധാരണം, അയിത്തോച്ചാടനം എന്നീ ആശയങ്ങൾ ശക്തമാവുകയും പി.എൻ.കൃഷ്ണനെപ്പോലെയുള്ള വിദ്യാസമ്പന്നർ ഇതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങൾ മുതലമടയിൽ സംഘടിപ്പിച്ചതിന്റെ പിന്നിലെ മുഖ്യ പ്രേരകശക്തി നാരായണൻകുട്ടി മേനോനായിരുന്നു. ബീഡിതൊഴിലാളികളുടെ സംഘടനായാണ് ഇവിടെ ആദ്യം രൂപീകൃതമായത്. ഈ രംഗത്ത് എ.എം.ഇബ്രാഹിം, പി.എ.ഷെയ്ക്ക് മുഹമ്മദ്, എൻ.എ.റഹ്മാൻ, പി.എ.ഷാഹുൽഹമീദ് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. അന്ന് നിലവിലുണ്ടായിരുന്ന കൂലി പുരുഷന് നാലണയും സ്ത്രീകൾക്ക് 2.5 അണയുമായിരുന്നു. സമൂഹത്തിൽ കർഷകരും, തൊഴിലാളികളും അനുഭവിച്ച യാതനകൾക്കും കുറഞ്ഞ കൂലിനിരക്കിനുമെതിരേ ഉണ്ടായ അമർഷം തൊഴിലാളികളെ സംഘബോധത്തിലേക്ക് നയിച്ചു. 1950-കളിൽ പുതിയ സംഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങി. 1952-ൽ ആദ്യമായി തൊഴിലാളികളും കർഷകരും ചേർന്നു കർഷകസംഘം സ്ഥാപിച്ചു. മായൻ, പി.സി.നാരായണൻ, മാധവൻ മാസ്റ്റർ എന്നിവരായിരുന്നു സജീവപ്രവർത്തകർ. പിന്നീട് തദ്ദേശീയരായ ടി.ചാത്തു, കെ.പി.പിള്ള, എം.വാസു, എ.ചെല്ലപ്പൻ എന്നിവർ നേതൃനിരയിലേക്ക് ഉയർന്നുവന്നു. ജന്മിയുടെ ആജ്ഞയെ ധിക്കരിച്ചതിന്റെ പേരിൽ കുടിയാന്റെ കൂളൻകുട്ടിയെ ആട്ടിക്കൊണ്ടുപോയ ജന്മിക്കെതിരെ പൊതുജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പ് തെളിയിച്ച ആദ്യസംഭവമാണ് കൂളൻകുട്ടി സമരം. നിലവിലുള്ള ജന്മിത്വത്തിന്റെ മർദ്ദനവാഴ്ചയ്ക്കെതിരെ കീഴാളന് തിരിച്ചടിക്കാൻ കഴിയുമെന്നും അതിനുള്ള ശക്തിയുണ്ടെന്നും ഇത് തെളിയിച്ചു. തുടർന്ന് നിരവധി സമരങ്ങളിലൂടെയും ചെറുത്തുനിൽപ്പുകളിലൂടെയും ജനകീയനിര കെട്ടിപ്പടുക്കാൻ ഈ സംഘടനകൾക്ക് കഴിഞ്ഞു. മദിരാശിനിയമസഭയിൽ കെ.പി.ആർ.ഗോപാലന്റെ നേതൃത്വത്തിൽ അതിക്രമിച്ചുകയറിയ നാൽപതുപേർ പാട്ടം നിജപ്പെടുത്താൻ കൃഷി, കുടിയിരിപ്പ് സ്ഥിരമാക്കൽ എന്നിവയ്ക്കുവേണ്ടി മുദ്രാവാക്യം മുഴക്കി. 1954-ൽ മലബാർ ടെനൻസി ആക്ട് പാസാക്കിയതിനെ തുടർന്ന് പാട്ടം നിജപ്പെടുത്തുകയും കുടിയാന്മാരെ സ്ഥിരപ്പെടുത്തുകയും മറ്റും ഉണ്ടായി. മുതലമടയിലെ പാട്ടകുടിയാന്മാരായിരുന്ന കർഷകർ അനുഭവിച്ച യാതനകൾ വർണ്ണനാതീതമായിരുന്നു. രാവും പകലും വർഷം മുഴുവൻ പാടത്തും പറമ്പിലും ജോലി ചെയ്തുണ്ടാക്കിയ വിളവു മുഴുവൻ, ജന്മി പാട്ടം അളന്ന് വാങ്ങിയെടുക്കുന്നതോടെ ഒഴിഞ്ഞ കയ്യോടെ മടങ്ങുന്ന കർഷകന്റെ രക്ഷയ്ക്കായി 1970-ലാണ് കേരളത്തിൽ ഭൂപരിഷ്കരണനിയമം നിലവിൽ വന്നത്. അതോടെ മണ്ണിൽ പണിയെടുക്കുന്നവന് മണ്ണ് സ്വന്തമായി. ഭൂവുടമാസമ്പ്രദായം അടിമുടി മാറി. ജന്മി-കുടിയാൻ വ്യവസ്ഥിതിയ്ക്ക് വിപ്ളവകരമായ മാറ്റം വന്നു. കൃഷിഭൂമിയുടെ വിസ്തീർണ്ണത്തിലും ഗുണപരമായ മാറ്റം വന്നു. മുതലമടയിലാകെ സാമൂഹ്യമായും സാമ്പത്തികമായും പുത്തൻ ഉണർവ് ഇതോടെ നിലവിൽ വന്നു. 1910-ലാണ് വിദ്യാഭ്യാസകേന്ദ്രങ്ങൾ മുതലമടയിൽ ആരംഭിച്ചത്. അനൌപചാരിക എഴുത്തുപള്ളികളും എഴുത്താശ്ശാൻമാരും ഓലയിലെഴുതി പഠിക്കുന്ന രീതിയും തുടങ്ങിയത് ഇക്കാലത്താണ്. വലിയചള്ള, ആനമാറി, ചേനപ്പന്തോട്ടം, ഗോവിന്ദാപുരം എന്നിവിടങ്ങളിൽ എഴുത്തുപള്ളികളുണ്ടായിരുന്നു. ആദ്യ അനൌപചാരികസ്ഥാപനം വലിയചള്ളയിലായിരുന്നു. പി.നാഗുമണി മാസ്റ്ററായിരുന്നു മുതലമടയിലെ ആദ്യത്തെ അധ്യാപകൻ. 1919-ലാണ് ആദ്യമായി ഔപചാരിക വിദ്യാലയം നിലവിൽ വന്നത്. 1957-ലായിരുന്നു മുതലമട ഹൈസ്ക്കുൾ നിലവിൽ വന്നത്. അതോടെ ഉന്നതവിദ്യാഭ്യാസത്തിന് സൌകര്യം ഉണ്ടായി. ആദ്യമായി പഞ്ചായത്ത് രൂപികരിക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത് 1954-ലായിരുന്നു. കൈപൊക്കി വോട്ട് ചെയ്യലായിരുന്നു രീതി. ആദ്യപ്രസിഡണ്ട് പി.നാഗുമണി മാസ്റ്ററായിരുന്നു. ആദ്യകാലത്ത് പഞ്ചായത്തോഫീസ് കാമ്പ്രത്ത്ചള്ളയിലായിരുന്നു. 1969-ലാണ് ഇന്നത്തെ ഓഫീസ് നിലവിൽ വന്നത്. കല്ലുവപ്പൻ സംഭാവനയായി നൽകിയ സ്ഥലത്ത് സർക്കാർ കെട്ടിടം നിർമ്മിച്ചു. 1977-ലെ തുലാവർഷക്കാലത്ത് തെന്മലയുടെ താഴ്വരയിൽ മൊണ്ടിപ്പതി, ചേപ്പക്കാട് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ മുതലമടയെയെന്നല്ല, കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇതിൽ 33 പേരാണ് മരിച്ചത്. ചുള്ളിയാർ ഡാമിലേക്ക് ഒലിച്ചുവന്ന വന്യമൃഗങ്ങളും പശുക്കളും നിരവധിയാണ്.
സാംസ്കാരികചരിത്രം
ഇടതൂർന്ന വനപ്രദേശങ്ങളും വെള്ളംകെട്ടി നിൽക്കുന്ന കുഴികളും നിറഞ്ഞതായിരുന്നു ഈ പ്രദേശം. മുതലകളുടെ ആവാസ കേന്ദ്രമായതിനാൽ മുതലമട എന്ന പേരിലറിയപ്പെട്ടു. വൈവിധ്യമാർന്ന പ്രദേശിക സ്ഥലനാമങ്ങളാണ് മുതലമടക്കുള്ളത്. മൃഗങ്ങളുടെ പേരു ചേർത്ത് ആനക്കുഴിക്കാട്, പോത്തമ്പാടം, നരിപ്പാറചള്ള തുടങ്ങിയ സ്ഥലനാമങ്ങളുണ്ടായി. കൂട്ടായ കൃഷിനിലങ്ങൾക്ക് ചള്ള എന്ന പേര് ചേർത്ത് കാമ്പ്രത്ത്ചള്ള, വടക്കേചള്ള, വലിയചള്ള എന്നിങ്ങനെ സ്ഥലനാമങ്ങളുമുണ്ടായി. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ചിറ എന്ന പേരിലറിയപ്പെട്ടതിനാൽ പത്തിച്ചിറയും മേച്ചിറയും സ്ഥലനാമങ്ങളായി. സ്ഥലവാസികളായ പ്രധാനികളുടെ പേരിന്റെ കൂടെ പതി ചേർത്ത് രൂപപ്പെട്ടതാണ് ആട്ടയാംപതിയും ചുക്കൻപതിയും മൊണ്ടിപ്പതിയും. മൂന്ന് ഉലകുമരം നിന്ന സ്ഥലം മുവുലകുപുതൂർ ആയി. താഴ്ന്ന പ്രദേശം പള്ളം ആയി. ഇതിനുദാഹരണമാണ് പള്ളവും, ഒന്നുർപള്ളവും. ചക്കക്കാട്, തെക്കേക്കാട്, കാട്ടുപാടം എന്നിവയൊക്കെ ഈ പ്രദേശത്തുണ്ടായിരുന്ന കാടിനെയും പാടത്തെയും സൂചിപ്പിക്കുന്നു. തമിഴ്നാടുമായി മുതലമടയെ ബന്ധിപ്പിക്കുന്ന പൊള്ളാച്ചി-തൃശ്ശൂർ റോഡും, പൊള്ളാച്ചി-പാലക്കാട് റെയിൽഗതാഗതപാതയും മുതലമടയിൽ തമിഴുസംസ്ക്കാരത്തിന്റെ സ്വാധീനം കടന്നുവരാൻ ഇടയാക്കി. കിഴക്കൻ പ്രദേശത്തെ വെങ്ങുനാട് കോവിലകം ഭൂമി വെട്ടിത്തെളിയിക്കാനായാണ് തമിഴ് വംശജർ വന്നു ചേർന്നത്. മൈലുകൾക്കപ്പുറത്തുവെച്ച് കുപ്പായം ഊരി ചുരുട്ടിപ്പിടിപ്പിച്ചാണ് പഴയകാലത്ത് കുടിയാൻ ജന്മിയെ കാണാൻ പോവുക. കുപ്പായം ഊരിയില്ലെങ്കിൽ മർദ്ദിക്കപ്പെടും. കടയിൽ ഒന്നിച്ചിരുന്ന് ചായ കുടിക്കാനോ കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാനോ അനുവദിക്കാതെ മാറ്റിനിർത്തപ്പെട്ട ദുഃഖിതവർഗ്ഗം ഇവിടെ ഉണ്ടായിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തിനുശേഷം ആനമാറിപളളി നിർമ്മിക്കപ്പെട്ടു. അതിനോടനുബന്ധിച്ച് പഠാണികുടുംബങ്ങളും അവിടെ താമസം തുടങ്ങി. ജനപ്പെരുപ്പത്തിന് അനുസൃതമായി വിവിധ പ്രദേശങ്ങളിൽ മുസ്ളീംപളളികളും അമ്പലങ്ങളും മറ്റ് ആരാധനാകേന്ദ്രങ്ങളും ഉയർന്നുവന്നു. ആദ്യകാലം മുതൽ നടന്നുവരുന്ന ഒരു ഉത്സവമാണ് പുളിയന്തോണി മാരിയമ്മൻ പൊങ്കൽ. സമീപവാസികളായ എല്ലാവരും വാദ്യഘോഷങ്ങളോടും ദീപങ്ങളോടുംകൂടി ഇതിൽ പങ്കുചേരുന്നു. ഭക്തിപൂർവ്വം തീക്കുണ്ഠത്തിൽ നടക്കുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. കിഴക്കൻപ്രദേശത്തുള്ള മീങ്കിരയിലെ ഭദ്രകാളിയമ്മൻ കോവിലും കുടുതൽ പഴക്കമുള്ള ആരാധനാസ്ഥലമാണ്. ഉത്സവകാലങ്ങളിൽ പോത്ത്, ആട്, തുടങ്ങിയവയെ ബലി നടത്താറുണ്ടായിരുന്നു. നിയമതടസ്സം വന്നതോടുകൂടി മൃഗബലി നിർത്തലാക്കി. വർഷംതോറും നടത്തുന്ന ഉത്സവത്തിൽ ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന ജനങ്ങളും സമീപവാസികളും ഐക്യത്തോടെ പങ്കുചേരുന്നു. തമിഴ്നാട്ടിന്റെ ഉത്സവങ്ങളായ തൈപൊങ്കൽ, ദീപാവലി എന്നിവയും തമിഴ് വംശജർ ആഘോഷിക്കുന്നു. പ്രാദേശികമായി അതാതു സ്ഥലങ്ങളിൽ പൊങ്കൽ, അയ്യപ്പൻവിളക്ക് എന്നിവകളും വിപുലമായി ആഘോഷിച്ചുവരുന്നു. ഉത്സവങ്ങളിൽ രാത്രി കലാപരിപാടികൾ നടത്തുക പതിവാണ്. മുൻകാലങ്ങളിൽ സാധാരണക്കാർ ആസ്വാദിച്ചിരുന്ന കാലാവിഭവമാണ് പൊറാട്ടുക്കളി. ഒഴിഞ്ഞ വയൽഭാഗങ്ങളിലോ, പൊതുസ്ഥലങ്ങളിലോ പൊറാട്ടുക്കളി നടത്തും. കാര്യമായ രംഗസംവിധാനങ്ങളൊന്നുമില്ലാതെ മേൽഭാഗം പന്തലിട്ടും മൂന്നു ഭാഗവും തുറന്നിട്ടതുമായ അരങ്ങിലാണ് ചെണ്ട തുടങ്ങി വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെ ഇത് കളിക്കുക. കുറവൻ-കുറത്തി, മണ്ണാൻ-മണ്ണാത്തി തുടങ്ങിയ ജാതിപ്പേരോടുകൂടി പാടിആടിക്കളിക്കും. പാട്ടിനാണ് പ്രാധാന്യം. സമകാലീന രാഷ്ട്രീയ സമുദായമാറ്റങ്ങളെ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. രാഷ്ട്രീയബോധം സാധാരണക്കാരിൽ വളർത്താൻ പാലംതോണി വേലായുധന്റെ പൊറാട്ടുകളി പ്രയോജനപ്പെട്ടിരുന്നു. ഇതിനു പുറമെ ആര്യമാല, പവളക്കൊടി, ഹരിശ്ചന്ദ്ര, നല്ലതങ്കാൾ, സത്യവാൻ സാവിത്രി എന്നീ നാടകങ്ങളും അവതരിപ്പിക്കാറുണ്ടായിരുന്നു. ഇതിനായി തമിഴ്നാട്ടിലെ നാടകട്രൂപ്പുകളെ കൊണ്ടുവരാറുണ്ടായിരുന്നു. പ്രദേശികമായി പള്ളം, തെക്കേക്കാട്, പോത്തമ്പാടം എന്നീ ഭാഗങ്ങളിൽ ചിലർ നാടകം രൂപപ്പെടുത്തി അവതരിപ്പിച്ചിരുന്നു. 1956-ൽ തന്നെ ഓന്നൂർപള്ളം സത്രം കേന്ദ്രമാക്കി നവകേരള കലാസമിതി നിലവിൽ വന്നു. ജീവിതം ഒരു കൊടുങ്കാറ്റ് എന്ന നാടകം പലയിടങ്ങളിൽ പ്രദർശിപ്പിച്ചു. പ്രസിദ്ധ ചെണ്ടമേളക്കാരായ സി.ചെല്ലൻ, കുഞ്ചുമണി, മസയൻ എന്നിവർ ഓന്നൂർ പള്ളത്തുകാരായിരുന്നു. കൊയ്ത്തുകാലത്ത് നെൽകതിർ ചുരുട്ടിക്കൂട്ടി കൂടയാക്കി പ്രത്യേക ആരാധനാസ്ഥലങ്ങളിൽ കൂട്ടമായി ചെന്ന് ആചാരപരമായി നടത്താറുള്ള കതിർ ഉത്സവം കാലാന്തരത്തിൽ ഇല്ലാതായി എന്നുവേണം പറയാൻ. എരണിക്കാവിലായിരുന്നു കതിർ ഉത്സവം ആഘോഷിച്ചിരുന്നത്. നല്ലൻകിഴായയുടെ വടക്കുഭാഗത്ത് കൂട്ടമായി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ വർഷംതോറും കവറ ആറാട്ട് നടത്താറുണ്ട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- Co Operative Bank M.Pudur
- Veterinary Hospital M.Pudur
- MGLP SCHOOL M.Pudur
- Post Office M.Pudur
- Anganwadi M.Pudur
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- MGLP SCHOOL M.Pudur
- Anganwadi M.Pudur
ആരാധനാലയങ്ങൾ
- Badrakali amman kovil
- Mosque M.Pudur
കേരളത്തിന്റെ മാങ്കോ സിറ്റി
കേരളത്തിലെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന മുതലമട കേരള-തമിഴ്നാട് അതിർത്തിയിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. വർഷം തോറും മാങ്ങകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അവയുടെ ഗുണമേന്മയുള്ള ഓഫ് സീസൺ മാംഗുകൾ (ആദ്യകാല മാംഗോ കൊയ്ത്ത്), വലിയ തോതിലുള്ള കയറ്റുമതി എന്നിവ അറിയപ്പെടുന്നു.
മുതലമട മാമ്പഴികൾ അവരുടെ സ്വാദും, രുചിയിലും, പഴകതയിലും പ്രസിദ്ധമാണ്. ഏകദേശം 2700 ഹെക്ടർ ഭൂമിയാണ് മാവോ കൃഷിക്ക് കീഴിലുള്ളത്, യഥാർത്ഥ സ്ഥലം പ്രസ്താവിച്ച കണക്കിനേക്കാൾ കൂടുതലാണ്. മുംബൈ, ഡൽഹി, ഇന്ത്യയിലും വിദേശത്തും മറ്റു സ്ഥലങ്ങളിൽ 70 ശതമാനത്തിലധികം പഴങ്ങൾ വിറ്റുപോകുന്നു, അങ്ങനെ കോടികൾ മാങ്ങ ട്രേഡ് വർഷം തോറും വാങ്ങി. സമീപ പ്രദേശങ്ങളിലെ മാമ്പഴക്കാരിൽ പലരും തങ്ങളുടെ കൃഷിയിടത്തിൽ നിന്ന് നേരിട്ട് വാങ്ങാൻ മുത്തലതാട സന്ദർശിക്കുന്നു. വടക്കേയിൽ നിന്നുള്ള ഇടനിലക്കാർ ഈ ആഗമത്തിന്റെ തുടക്കത്തിൽ തന്നെ മാങ്ങാ നഗരത്തെ സമീപിക്കുകയും അടുത്ത സീസന്റെ വിളവെടുപ്പ് മുൻകൂട്ടി അറിയിക്കുകയും ചെയ്യുന്നു. ഈ മുതലമടയിലെ മാങ്ങത്തോട്ടങ്ങൾ സന്ദർശിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരിക്കും.