പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു ചരമഗീതം

കൊറോണയ്ക്കൊരു ചരമഗീതം

ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ covid -19 . ചൈനയിലെ തീരദേശ മേഘലയായ വുഹാനിൽ നിന്നും തുടങ്ങി കഴിഞ്ഞ മൂന്ന് മാസത്തിനകം ലോകം മുഴുവൻ തന്റെ കൈപ്പിടിയിലാക്കിയ വിരുതൻ. വികസിത രാജ്യങ്ങളിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന അമേരിക്കയും, ഇറ്റലിയും, സ്പെയിനും, കാനഡയും ഒക്കെ ഇന്ന് കൊറോണയുടെ കൈവളളയിൽ കിടന്ന് ശ്വാസംമുട്ടുകയാണ്. ദിനംപ്രതി ലോകമെമ്പാടും രോഗികളുടെ എണ്ണവും മരണനിരക്കും സമാന്തരമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ കൊറോണക്കാലം തീർച്ചയായും നമുക്ക് വെല്ലുവിളി തന്നെയാണ് . ഇതുവരെയും സംഭവിച്ച നഷ്ടങ്ങൾ ഏറെയാണ് .ലോകമെമ്പാടുമുളള നമ്മുടെ സഹോദരീ സഹോദരന്മാരെ നമുക്ക് നഷ്ടപ്പെട്ടു . എന്നാൽ മറ്റെല്ലാ പ്രതിസന്ധികളേയും നേരിട്ടപോലെ സധൈര്യം ഈ കൊറോണയേയും നേരിട്ട് വിജയിക്കും എന്ന പ്രതീക്ഷയിലാണ് ലോകം മുഴുവനും. ഇന്ന് ലോകം തീർത്തും നിശ്ചലമാണ്. രാജ്യങ്ങൾ എല്ലാം അടച്ചുപൂട്ടി, സമ്പൂർണ്ണ ലോക്ഡൗൺ. മനുഷ്യരെല്ലാവരും ഇന്ന് എല്ലാ തിരക്കുകളും മാറ്റിവച്ച് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരും, പോലീസും, മാധ്യമ പ്രവർത്തകരും കൊറോണക്കെതിരെയുള്ള യജ്ഞത്തിൽ കയ്മെയ് മറന്ന് പ്രവർത്തിക്കുന്നു. ഈ അവസ്ഥയിൽ നാം പഠിക്കേണ്ട ഒരു വലിയ പാഠമുണ്ട്. എല്ലാറ്റിനും അധിപൻ താൻ തന്നെ എന്ന് അഹങ്കരിച്ച മനുഷ്യൻ ഇപ്പോൾ...... എത്ര പരിതാപകരമാണ് അവന്റെ അവസ്ഥ ! ഈ ലോകത്ത് ഒന്നും എന്നെന്നേക്കും നമ്മുടെ സ്വന്തമല്ല. ആ ഒരു വകതിരിവ് നമുക്കെല്ലാവർക്കും ആവശ്യമാണ്. ഞാൻ വിശ്വസിക്കുന്നു കൊറോണ നമുക്ക്‌ ഒരു വെല്ലുവിളി മാത്രമല്ല മറിച്ച് ഒരു ഗുണപാഠവും കൂടിയാണ്. നമുക്കറിയാം കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല കൊറോണയെ ചെറുത്തുനിർത്താനുള്ള ഏക വഴി പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ്. ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസ്സിന് അടിസ്ഥാനം. ഈ കൊറോണ പടർന്ന് പിടിക്കുന്ന കാലഘട്ടത്തിൽ ജനങ്ങൾ ആരോഗ്യവന്മാരായിരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് വളരെ കരുതലോടെ തന്നെ നാം നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക, ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കുക. പരമാവധി പുറത്തിറങ്ങാതിരിക്കുക. ഗവണ്മെന്റിന്റെ നിർദ്ദേശങ്ങൾ എല്ലാം അനുസരിച്ചും വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിച്ച് നമുക്ക് ഈ കൊറോണയെ പ്രതിരോധിക്കാം ഒന്നിച്ച് കൈകോർത്ത് ഈ മഹാമാരിയേയും ചെറുത്തുതോല്പിക്കാം. ഈ അന്ധകാരം മറയും പ്രതീക്ഷയുടെ പൊൻപുലരി പിറകെ തന്നെ ഉണ്ട്. നാം വിജയിക്കുക തന്നെ ചെയ്യും. Stay home, stay safe!

അഭിനയ.വി
9 I പുളിയപ്പറമ്പ് ഹൈസ്‌കൂൾ പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - ലേഖനം