എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25
സ്ക്കൂൾ പ്രവർത്തനങ്ങൾ 2024-25
സ്ക്കൂൾ പ്രവേശനോൽസവം
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളോടെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. അവധിക്കാലത്തിന്റെ ആർപ്പുവിളികളിൽ നിന്നും കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് ചുവട് വച്ചു. അച്ഛൻ അമ്മമാരുടെ കൈപിടിച്ചെത്തിയ കുഞ്ഞു കുരുന്നുകളെ വരവേൽക്കാൻ നമ്മുടെ സ്കൂളും അണിഞ്ഞൊരുങ്ങി നിന്നു. മധ്യവേനൽ അവധിക്ക് ശേഷം അക്ഷരമുറ്റത്തേക്ക് ആദ്യമായി കടന്നുവന്ന കുരുന്നുകളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും താള വാദ്യങ്ങളോടെയും സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം ആശംസിച്ചു.സിഎംസി കാർമൽ ഗിരി പ്രൊവിൻസിന്റെ വികർ പ്രൊവിൻഷ്യൽ സിസ്റ്റർ ജാൻസിന സിഎംസി അധ്യക്ഷപദം അലങ്കരിച്ചു സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സോമൻ ചെല്ലപ്പൻ ആണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ള അനവധി പ്രമുഖർ ഈ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2023 24 വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് പ്ലസ് നേടി ഇടുക്കി ജില്ലയുടെ തന്നെ യശ്ശസ് ഉയർത്തിയ പ്രതിഭകളെ ആദരിക്കുകയുണ്ടായി. എസ്എസ്എൽസി പരീക്ഷയിൽ 71 ഫുൾ എ പ്ലസും പ്ലസ് ടു പരീക്ഷയിൽ 52 ഫുൾ എ പ്ലസും നേടിയാണ് ഫാത്തിമ മാതയിലെ കുട്ടികൾ കുതിച്ചുയർന്നത്. ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സോമൻ ചെല്ലപ്പൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ കോയ അമ്പാട്ട്, വാർഡ് മെമ്പർ ശ്രീ കെ കെ രാജു, കൂമ്പൻപാറ ഫൊറോന ചർച്ച് വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ എന്നിവർ ചേർന്ന് ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള ലഹരി വിമുക്ത ക്ലാസ് നയിച്ചത് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സെബാസ്റ്റ്യൻ സർ ആയിരുന്നു. ക്ലാസിനു മുന്നോടിയായി അദ്ദേഹം മനോഹരമായ ഒരു ഗാനവും ആലപിച്ചു. ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്ക ദിവസം തന്നെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ച ചടങ്ങ് മറ്റു കുട്ടികളിലും പഠിക്കാനുള്ള ഊർജ്ജം പകർന്നു കൊടുക്കുന്നതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയയുടെ കൃതജ്ഞതയോടെ ഈ യോഗം സമാപിച്ചു
ലോക പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനാഘോഷം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരവും സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം വിളിച്ചോതുന്ന വിവിധതരത്തിൽ ആകർഷകങ്ങളായ പോസ്റ്ററുകൾ കുട്ടികൾ നിർമ്മിക്കുകയുണ്ടായി. സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് ജൈവവൈവിധ്യ ക്ലബ്ബ് എക്കോ ക്ലബ്ബ് മഴത്തുള്ളി ക്ലബ്ബ് എന്നിങ്ങനെയുള്ള വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ക്ലബ്ബ് അംഗങ്ങളെല്ലാം കൂടി ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നടുകയും സ്കൂളും പരിസരവും മാലിന്യ വിമുക്തമാക്കുകയും ചെയ്തു. സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ നേച്ചർ വാക്ക് സംഘടിപ്പിക്കപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളെല്ലാം തന്നെ കുട്ടികളിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ അവബോധം വളർത്തിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടാതെ മനുഷ്യരാശിക്ക് നിലനിൽപ്പില്ല എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുവാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കുന്നു.
വായന വാരാചരണം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു.കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പി എൻ പണിക്കരുടെ അനുസ്മരണ സന്ദേശം കുമാരി ആത്മിക സാൻസ്കൃതി നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കൂട്ട വായന ,കഥാരചന ,വായന ക്വിസ്, കവിതാലാപനം, കഥ പറച്ചിൽ ,നാടൻപാട്ട് തുടങ്ങിയവ നടത്തുകയുണ്ടായി.ഒരാഴ്ച നീണ്ട വായന വാരാചരണത്തിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കുചേർന്നു.
പിടിഎ ജനറൽ ബോഡി മീറ്റിംഗ്
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024- 25 വർഷത്തെ ജനറൽബോഡി മീറ്റിംഗ്
22- 6- 2024 ശനിയാഴ്ച നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു .ഹെഡ്മിസ്‍ട്രസ്സ് സിസ്റ്റർ റെജിമോൾ മാത്യു എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ അധ്യക്ഷത വഹിച്ച യോഗം പി.റ്റി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എത്തിയത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി.എ സെബാസ്റ്റ്യൻ സാറായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു അദ്ദേഹം എടുത്തത്. ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിങ്ങിന് രക്ഷിതാക്കളുടെ വളരെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നീട് പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നടന്നു പിന്നീട് നടന്ന ചർച്ചയിൽ മുൻ വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. സ്കൂളിൽ പുതിയതായി പണിതീർത്ത ബസ് പാർക്കിംഗ് ഗ്രൗണ്ട് ഏറെ പ്രശംസനീയമർഹിക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കളും പി.റ്റി.എ അംഗങ്ങളും ഒരേപോലെ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പിന്നീട് കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് പി റ്റി എ യുടെ വിലയേറിയ സഹകരണം വളരെ വലുതാണ് .പുതിയതായി തെരഞ്ഞെടുത്ത പി ടി അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി കൊണ്ടുപോകണം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.
എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ
നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമായയാണ് സ്കൂളുകളിൽ എക്കോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ജൂൺ മാസം അഞ്ചാം തീയതി നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷെറിൻ ടീച്ചറിന്റെയും ജെസ്‌ലറ്റ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ 40 അംഗങ്ങളാണ് എക്കോ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ തൊട്ടറിയാൻ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച നേച്ചർ വാക്ക് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ കുട്ടികൾ നിർമ്മിച്ചു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട എസ്സേ റൈറ്റിംഗും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിലെ മീൻകുളം വൃത്തിയാക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ പ്രത്യേക വേസ്റ്റ് ബെന്നികൾ സ്ഥാപിച്ച ഉപയോഗം കഴിഞ്ഞ പേനകൾ അതിൽ ശേഖരിക്കുന്നു. അതുപോലെതന്നെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.
പേ വിഷബാധ പ്രതിരോധ ക്ലാസ്
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പേ വിഷബാധ പ്രതിരോധ ക്ലാസ് നടന്നു. എഫ് .എച്ച്. സി ദേവിയാർ കോളനിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. ദേവിയർ കോളനി ജെ. എച്ച്. ഐ അമർനാഥ്, ജെ. പി .എച്ച് എൻ സുനീറ, വൺ ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ സാർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഏതൊക്കെ രീതിയിൽ പേ വിഷബാധ ഏൽക്കാതെ സൂക്ഷിക്കാം എന്നത് വളരെ വിശദമായി തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വളർത്തു മൃഗങ്ങളെ കൂടുതൽ ഓമനിക്കുമ്പോൾ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ നന്നായി ക്ലാസുകൾ എടുത്തു. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് പേ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങളും അവയ്ക്ക് പേ ബാധിക്കാതിരിക്കാൻ എടുക്കേണ്ട വാക്സിനേഷനുകളെ പറ്റിയും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. നായ്ക്കളുടെ കടി ,പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി. നായകളിൽ നിന്നും, വളർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ചും ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെ കുറിച്ചുള്ള അറിവ് അദ്ദേഹം പകർന്നു നൽകി. കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴിയുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി .പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ടു കഴുകുന്നതാണ് ഉത്തമം .കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ ,മുളകുപൊടി പോലുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത് എന്നും അദ്ദേഹം പറയുകയുണ്ടായി.കുട്ടികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്.
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24
ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി ഒരു കൂട്ടായ്മ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെയും മികവുകളെയും അടിസ്ഥാനപ്പെടുത്തി 2024-25 ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിച്ചു.ജില്ലയിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി..തിരുവനന്തപുരം ശ്രീ ശങ്കര നാരായണൻ ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂണിസ്‌ഫ് പ്രധിനിധികളും വിശിഷ്‌ടതി ഥികളായിരുന്നു.14 ജില്ലകളിൽ നിന്നുള്ള സമ്മാനർഹരും ഹാളിൽ സന്നിഹിതരായിരുന്നു. ബഹു.. സർ സ്വാഗതം ആശംസിച്ചു.ബഹു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മാനർഹരായ എല്ലാവരെയും അഭിനന്ദിക്കുകയും ലിറ്റൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകൾക്ക് ഒരു മുതൽ കൂട്ടാണെന്നും ഓർമിപ്പിക്കുകയും ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.14ജില്ലകളിൽ നിന്നും സമ്മാനർഹരായവർ ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.നമ്മുടെ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനവും ഉളവാക്കി.2024-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്രിയാത്മകമായ അനേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഒപ്പം അധ്യാപകരുടെ വേണ്ട രീതിയിൽ ഉള്ള ഇടപെടലുകളുടെയും ഫലം പൂവണിഞ്ഞതിന്റെ സന്തോഷ നിമിഷങ്ങളായിരുന്നു.കുട്ടികളുടെ മികവുറ്റ പ്രവർത്തങ്ങളും അവരുടെ ക്രിയാത്മകമായ ചിന്തകളും അതിന്റെ പരിസമാപ്തിയിൽ എത്തിക്കാൻ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട് അതിനുള്ള അംഗീകാരവും പ്രോത്സാഹനവുമാണ് ഈ അവാർഡ്.ഈ ചടങ്ങിൽ നിന്നും ഒത്തിരി മാർഗ്ഗനിർദേശങ്ങളും അഭിപ്രായങ്ങളും പ്രവർത്തനങ്ങളും സ്വീകരി രിക്കുവാൻ സാധിച്ചു. വരും വർഷങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
യോഗ ദിനാചരണം
ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായത്തിൽ ഒന്നാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യമാണ് യോഗയ്ക്കുള്ളത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക ലോകത്ത് മനുഷ്യന്റെ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ ആധുനിക ചികിത്സ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി പുരാതന സമ്പ്രദായങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയും.
മെയ് വഴക്കം ,ഏകോപനം ,സന്തുലിതാവസ്ഥ തുടങ്ങിയ യോഗ പരിശീലിക്കുന്നതിലൂടെ നേടാൻ സാധിക്കുന്നു ഇതിലൂടെ ശാരീരിക ക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കായിക പ്രവർത്തനങ്ങളാണ് യോഗാസനങ്ങൾ. ഇത് ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഒട്ടേറെ ഗുണങ്ങൾ കൈവരിക്കാൻ സാധിക്കുന്നു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഒട്ടനവധി പരിപാടികളോടെ യോഗാദിനം ആചരിച്ചു. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു യോഗ ഡേ പരിപാടികൾ നടന്നത്. കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ക്ലാസുകൾ നടത്തുകയുണ്ടായി. യോഗയിലെ താഡാസനം ഉദ്ധിത ഏക പാദാസനം, അർദ്ധ പത്മാസനം, അർദ്ധ ശലഭാസനം, വജ്രാസനം എന്നിവ അന്നേദിവസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ ആൽവിൻ, ജൂഡി ടീച്ചർ ഷീബ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗാ ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യോഗാ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പരിശീലനം നേടിയ കുട്ടികൾ തന്നെയാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകിയത് എന്നതാണ്.
ജൈവവൈവിധ്യ ക്ലബ്
നമ്മുടെ പ്രകൃതിയും അതിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലാ ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും ഇതിൽപ്പെടുന്നു. കൂടുതൽ ജൈവവൈവിധ്യമുണ്ടെങ്കിൽ ആവാസ വ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ധൃതഗതിയിലുള്ള ലോകത്തിന്റെ മാറ്റം ജൈവവൈവിധ്യത്തിന് തകർച്ചയ്ക്ക് കാരണമാകുന്നു. ഭൂമിയിൽ മുൻപ് ഉണ്ടായിരുന്ന ജൈവവൈവിധ്യത്തിന്റെ 1% മാത്രമേ ഇന്നുള്ളൂ. പുതുതലമുറ പ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ പ്രകൃതി ഭാവിയിൽ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളുകളിൽ ജൈവവൈവിധ്യ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജിസ് സാറിന്റെയും അനുപമ സിസ്‍റ്ററിന്റേയും നേതൃത്വത്തിലാണ് ഈ വർഷത്തെ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. നമ്മുടെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്രകൃതിയെയും മണ്ണിനെയും തൊട്ടറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കി നേച്ചർ വാക്ക് സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. സ്കൂളിലുള്ള മീൻകുളം ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പച്ചക്കറി കൃഷിയും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഴ്ചയിൽ ഒരു ദിവസം കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റാൻ ഈ ക്ലബ്ബിലൂടെ കഴിയുന്നു. ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ തെയിംസ് കുട്ടി മാളിയേക്കലുമായി കുട്ടികൾ അഭിമുഖം നടത്തി. കുട്ടികൾ ജൈവകൃഷിരീതിയെക്കുറിച്ചും വിവിധതരത്തിലുള്ള മണ്ണിനങ്ങളെക്കുറിച്ചും വിവിധ വളങ്ങളെക്കുറിച്ചും ഓരോ കൃഷിക്കും അനുയോജ്യമായ കാലാവസ്ഥയെ കുറിച്ചും എല്ലാം സംശയങ്ങൾ ചോദിച്ചു. അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകി. ബഡ്ഡിംഗ്,ലയറിംഗ്,ഗ്രാഫ്റ്റിംഗ് എന്നിവ എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ശ്രീ തെയിംസ് കുട്ടി കാണിച്ചുകൊടുത്തു. പ്രകൃതിയും പരിസ്ഥിതിയും അതിലുള്ള ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നല്ല രീതിയിൽ ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്.
വഴിവിളക്കായി ചില നല്ല പാഠങ്ങൾ
പുതിയ അധ്യയന വർഷം പ്രതീക്ഷയോടെ ഇന്ന് വാതിൽ തുറക്കുമ്പോൾ ചില നല്ല പാഠങ്ങളുടെ സഫല നിക്ഷേപം പ്രചോദനമേകി നമ്മുടെ കുട്ടികൾക്കൊപ്പം ഉണ്ട്.ക്ലാസ് മുറിക്കും അപ്പുറത്തുള്ള ജീവിതങ്ങളെ കണ്ടും സാമൂഹ്യസ്ഥിതി അടുത്തറിഞ്ഞും കാലത്തിന്റെ വിളിയൊച്ച കേട്ടും കുട്ടികൾ വളരട്ടെ. പതിറ്റാണ്ടുകളായി മലയാളികളുടെ പ്രഭാതങ്ങളിൽ വായനയുടെ അറിവ് നിറയ്ക്കുന്ന മലയാള മനോരമ കുടുംബത്തിൽ നിന്നും നമ്മുടെ കുരുന്നുകളിൽ സാമൂഹിക പ്രതിബദ്ധത നിറയ്ക്കാൻ 11 വർഷം മുമ്പ് സ്കൂളുകളിൽ തുടക്കം കുറിച്ച പദ്ധതിയാണ് നല്ല പാഠം. ക്ലാസ് മുറിക്ക് പുറത്തുള്ള ലോകത്തെ അറിയാനും പഠിക്കാനും സഹജീവികളോട് സ്നേഹപൂർവ്വമായി ഇടപെടാനും വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് നല്ല പാഠം പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ സ്കൂളുകളിലെ അധ്യാപകരും രക്ഷാകർതൃ സമൂഹവും ഒരൊറ്റ മനസ്സോടെ ഈ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഊർജ്ജം ഏകു മ്പോൾ സംസ്ഥാനത്തെ ആറായിരത്തിലേറെ വിദ്യാലയങ്ങളിൽ ഇപ്പോൾ നല്ല പാഠം വഴിവിളക്ക് ആകുന്നു. കോവിഡിന്റെ സമയത്ത് ഡിജിറ്റൽ ഉപകരണങ്ങളിൽ കുടുങ്ങിപ്പോയ കുട്ടികളെ പ്രകൃതിയിലേക്കും സമൂഹത്തിലേക്കും കൊണ്ടുവരാൻ നല്ല പാഠം പദ്ധതിക്ക് സാധിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളുകളിൽ തുടക്കം കുറിക്കാൻ നല്ല പാഠം പദ്ധതിയിലൂടെ സാധിച്ചു. വർഷാന്ത്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന നല്ല പാഠങ്ങളെ തിരഞ്ഞെടുത്തു അംഗീകാരങ്ങൾ നൽകുന്നു. പ്ലാസ്റ്റിക്കിനെ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങൾ, കുട്ടികൾ നിക്ഷേപ ശീലം വളർത്തി ആ കിട്ടുന്ന ചെറിയ തുക സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള ആളുകളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, വീടില്ലാതെ കഷ്ടപ്പാട് അനുഭവിക്കുന്ന തങ്ങളുടെ സഹപാഠിക്ക് കൂട്ടായ്മയിലൂടെ വീട് നിർമ്മിച്ചു നൽകുക തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് നല്ല പാഠം കൂട്ടായ്മയിലൂടെ ചെയ്തു വരുന്നത്. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും വഴിവിളക്ക് ആകുന്ന നല്ലപാഠം യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഈ വർഷം മുതൽ ആരംഭിച്ചു. സ്കൂളിലെ ഒരു അധ്യാപകൻ ഇതിന്റെ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ജിസ് സാറിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ നല്ല പാഠം പ്രവർത്തനങ്ങൾ ഈ വർഷം നടക്കുക. പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയ്ക്ക് കുട്ടികളിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുകയും സ്കൂളിൽ ഒരു പെൻബോക്സ് സ്ഥാപിച്ച പേനകൾ അതിൽ നിക്ഷേപിക്കുകയും ചെയ്തു. നമ്മുടെ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ തെയിംസ് കുട്ടിയുമായി ഒരു അഭിമുഖം നല്ല പാടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ കൃഷിയെ സംബന്ധിക്കുന്ന അവരുടെ സംശയങ്ങൾ ചോദ്യാവലിയായി തയ്യാറാക്കുകയും അദ്ദേഹത്തോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നല്ല പാഠം അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈകൾ സ്കൂളിൽ നടുകയുണ്ടായി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അടുത്ത അറിയുന്നതിനും ആയി പ്രകൃതി നടത്തം സംഘടിപ്പിച്ചു. കുട്ടികൾക്ക് പ്രകൃതിയെയും മണ്ണിനെയും അടുത്തറിയാനും ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിവിഭവങ്ങൾ രുചിക്കാനും ഉള്ള വലിയ അവസരമായിരുന്നു പ്രകൃതി നടത്തത്തിലൂടെ കിട്ടിയത്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയവുമായി നല്ല പാഠം അംഗങ്ങൾ സ്കൂളിലെ കുട്ടികളിലേക്ക് എത്തി. എല്ലാവർക്കും പച്ചക്കറിക്ക് വിത്തുകൾ വിതരണം ചെയ്തു. ഓണസദ്യക്കായി അവരവർ നട്ടു വിളയിച്ച പച്ചക്കറികൾ സ്കൂളുകളിൽ എത്തിക്കാനും ആവശ്യപ്പെട്ടു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധം നിറയ്ക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ നല്ല പാഠത്തിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകും എന്ന് കുട്ടികളും അധ്യാപകരും ഒരേ സ്വരത്തിൽ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയും മാനുഷികതയും ചേർത്ത് ഞങ്ങൾ പുതിയ കേരളം രചിക്കുക തന്നെ ചെയ്യും നല്ല പാഠത്തിലൂടെ.
ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി സ്കൂളുകളിൽ എെ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായ് ഒരു ഫ്രഷേഴ്സ് ഡേ പ്രോഗ്രാം സംഘടി പ്പിച്ചു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു.ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ഈ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയ കുട്ടികൾക്കു ബാഡ്ജ് നൽകി അവരെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക് സ്വാഗതം ചെയ്തു.കഴിഞ്ഞ വർഷത്തേതുപോലെതന്നെ വളരെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു.കൈറ്റ് മിസ്ട്രെസ് ആയ സിസ്റ്റർ ഷിജിമോൾ ആശംസ അർപ്പിച്ചു.പുതിയ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ആയ അമ്പിളി ടീച്ചറും ഈ ക്ലബ്ബിലേക് കുട്ടികളെ സ്വാഗതം ചെയ്തു. കുട്ടികളുടെ പഠന മികവുകളുടെ കൂട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ഒരു മുതൽ കൂട്ട് ആയിരിക്കട്ടെയെന്നും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.. സീനിയർ ആയിട്ടുള്ള കുട്ടികളുടെ കലാപരിപാടികൾ ഈ യോഗത്തിന് മാറ്റ് കൂട്ടി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനേക്കുറിച്ച് പുതിയ ബാച്ചിലെ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി സീനിയർ കുട്ടികൾ നടത്തിയ സ്ലൈഡ് പ്രസന്റേഷൻ വളരെ പ്രയോജനപ്രദമായിരുന്നു. കുമാരി. ദേവിക പ്രശാന്ത് കൃതജ്ഞത അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത കഴിവുകളും സംഘാടന മികവും വിളിച്ചോതുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രഷേഴ്സ് ഡേ. കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഈ വർഷം നടത്താൻ സാധിക്കുമെന്നും ഇത്തരത്തിൽ ഒരു ഫ്രഷേഴ്സ് ഡേ ഒരുക്കി തന്നതിന് സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നന്ദിയും പുതിയ ബാച്ചിലെ കുട്ടികൾ അറിയിച്ചു.
കുരുന്നു പ്രതിഭകളെ കണ്ടെത്താൻ സ്കൂൾതല ശാസ്ത്രമേളകൾ
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 വർഷത്തെ സ്കൂൾതല ശാസ്ത്രമേള 26 -7-2024ന് നടന്നു. സയൻസ് ഗണിതം സാമൂഹ്യശാസ്ത്രം ഐടി വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളുടെ മേളകളാണ് നടന്നത്.ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന അറിവുകൾ പ്രാവർത്തികമാക്കാനുള്ള വേദികളാണ് ശാസ്ത്രമേളകൾ. പുതിയ പുതിയ കണ്ടെത്തലുകൾ നടത്താൻ ഇത്തരം മേളകൾ കുട്ടികൾക്ക് പ്രചോദനമാകുന്നു. ഭാവിയിലെ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഇത്തരം ശാസ്ത്രമേളകൾ പ്രധാന പങ്കുവഹിക്കുന്നു.സയൻസ് സാമൂഹ്യശാസ്ത്ര വർക്ക് എക്സ്പീരിയൻസ് ഐടി ഗണിത വിഷയങ്ങളിലാണ് കുട്ടി ശാസ്ത്ര പ്രതിഭകൾ മാറ്റുരച്ചത് . സ്കൂൾതല ശാസ്ത്രമേളകളിൽ നിന്ന് വിജയിച്ച കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്തു. സയൻസ് വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് ,വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ ,ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്, സയൻസ് ഡ്രാമ ,സയൻസ് ക്വിസ് എന്നീ ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. ഗണിതമേളയിൽ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ, പസ്സിൽ കൺസ്ട്രക്ഷൻ അപ്ലൈഡ് കൺസ്ട്രക്ഷൻ, ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട് ,ഗ്രൂപ്പ് പ്രോജക്ട് എന്നീ ഐറ്റങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഐടി ക്വിസ്, അനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,മലയാളം ടൈപ്പിംഗ് പ്രസന്റേഷൻ ,ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഏഴോളം ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വർക്ക് എക്സ്പീരിയൻസ് മേളയിൽ ഗാർമെന്റ് മേക്കിങ്, പാവ നിർമ്മാണം, ക്വയർ മേക്കിങ് ,എംബ്രോയിഡറി, നെറ്റ് മേക്കിങ്, കുട നിർമ്മാണം ,ചോക്ക് നിർമ്മാണം എന്നിങ്ങനെയുള്ള ഇരുപതോളം ഐറ്റങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലും പത്തോളം ഐറ്റങ്ങളിൽ യുപി വിഭാഗത്തിലും പത്തോളം ഐറ്റങ്ങളിൽ എൽപി വിഭാഗത്തിലും മത്സരങ്ങൾ നടന്നു. കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഇത്തരം ശാസ്ത്രമേളകൾ വളരെയധികം സഹായകരമാണ്.
സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 2024 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ച സമ്മാനാർഹരായി. ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും എൽ പി വിഭാഗത്തിലും നമ്മുടെ കുട്ടികൾ ഫസ്റ്റ് നേടി. അതുപോലെതന്നെ ഉപന്യാസ മത്സരങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും എൽ പി വിഭാഗത്തിലും നമ്മളുടെ കുട്ടികൾ ഫസ്റ്റ് നേടി. എൽപി യുപി തല ക്വിസ് മത്സരങ്ങളിലും നമ്മളുടെ കുട്ടികൾ ഫസ്റ്റ് നേടി സമ്മാനാർഹരായി. തുടർന്ന് മൂന്നാറിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിലും ദേശഭക്തിഗാനത്തിനും അതുപോലെ ഉപന്യാസ മത്സരത്തിനും ഫാത്തിമതയിലെ കുട്ടികൾ ഫസ്റ്റ് നേടി.
അക്ഷരമുറ്റം ക്വിസ്
കേരളത്തിലെ ഏറ്റവും വലിയ അറിവ് ഉത്സവവുമായി നടത്തപ്പെടുന്ന ക്വിസ് മത്സരമാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്.ഈ വർഷത്തെ സ്കൂൾതല മത്സരങ്ങൾ ആഗസ്റ്റ് 14ന് രണ്ടുമണിക്ക് നടന്നു ഫാത്തിമ മാതായിലെ കൊച്ചു മിടുക്കി ആയ സമാ മേഹറിൻ സെക്കൻഡ് എഗ്രേഡ് കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12- 8 -2024ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ മാത്യു സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ ജോസഫ് മാത്യു സർ ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും സാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി സാന്ദ്രയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.
ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ്
12 -8- 20024 ഉച്ചകഴിഞ്ഞ് 2. 30ന് ലിറ്റിൽ കൈറ്റ്‌സിന്റെ 20274 27 ബാച്ചിലെ കുട്ടികളുടെ പേരെന്റ്സ് മീറ്റിംഗ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജിമോൾ മാത്യു രക്ഷതാക്കൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് കൈറ്റ് മാസ്റ്റർ ട്രെയിനറായ ജോസഫ് സാർ രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആകുന്നതിലൂടെ കുട്ടികൾ എന്തൊക്കെ കാര്യങ്ങളിൽ പരിശീലനം നേടുന്നു ഏതൊക്കെ രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പരിശീലനം കുട്ടികൾക്ക് ഭാവിയിൽ പ്രയോജനപ്പെടും എന്നീ കാര്യങ്ങൾ എല്ലാം ജോസഫ് സാർ വളരെ വിശദമായി രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. തുടർന്ന് സാർ കുട്ടികൾ തയ്യാറാക്കിയ വിവിധ അനിമേഷൻ വീഡിയോസ് രക്ഷകർത്താക്കൾക്ക് കാണിച്ചു കൊടുത്തു. മൂന്നുവർഷത്തെ കൃത്യമായ ചിട്ടയായ പരിശീലനത്തിലൂടെ നിങ്ങളുടെ കുട്ടികളും ഇതുപോലെയുള്ള അനിമേഷനുകളും ഗെയിമുകളും ഒക്കെ നിർമ്മിക്കാൻ പ്രാപ്തരാകും എന്ന് സാറ് ഓർമിപ്പിച്ചു. തുടർന്ന് കൈ മിസ്രസ് ആയ സിസ്റ്റർ ഷിജിമോൾ ലിറ്റിൽ കയറ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ജില്ലയിലെ ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ച വിവരം വളരെ സന്തോഷത്തോടെ സിസ്റ്റർ രക്ഷിതാക്കളുമായി പങ്കുവെച്ചു. പ്രവർത്തി ദിവസമായിരുന്നിട്ടുകൂടി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിങ്ങിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ഒരുപാട് തിരക്കുകൾക്കിടയിലും മീറ്റിങ്ങിന് എത്തിച്ചേർന്ന രക്ഷിതാക്കൾക്ക് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിപ്പിച്ചു.
കായിക മേഖലയിലെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച്ഫാത്തിമമാതാ
2024 25 അധ്യായനവർഷത്തെ സ്കൂൾതല മത്സരങ്ങൾ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ നടത്തി. സബ്ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ കൃത്യമായ പരിശീലനം നൽകുന്നു.പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള മറ്റ് പാഠ്യേതര വിഷയങ്ങൾക്കും നമ്മുടെ സ്കൂളിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നു.
ചെസ്സ് മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ സബ്ജില്ല ചെസ്സ് മത്സരങ്ങൾ കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജൂനിയർ ബോയ്സ് സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ നേഹ ആർ ഒന്നാം സ്ഥാനവും , ദയ സോജൻ രണ്ടാം സ്ഥാനവും നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
കരാട്ടെ മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ കരാട്ടെ സബ് ജില്ലാ റവന്യൂ ജില്ലാ മത്സരങ്ങൾ ആഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് എന്ന കുട്ടി സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ത്രോ ബോൾ മത്സരങ്ങൾ
ഈ അധ്യയന വർഷത്തെ സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 17 തീയതി മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. മീരാ ബാബു അന്നാ മോൾ അസ്ന എന്നീ മൂന്ന് കുട്ടികൾ അടിമാലി സബ് ജില്ലാ മത്സരത്തിൽ കളിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അന്നമോൾ അസ്ന എന്നീ കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
തായ്‌ക്കോണ്ട മത്സരങ്ങൾ
ഈ വർഷത്തെ തായ്കൊണ്ട് സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 22 ആം തീയതി അടിമാലിയിൽ വച്ച് നടത്തപ്പെട്ടു. സബ്ജൂനിയർ ബോയ്സ് സബ് ജുനർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി 23 കുട്ടികൾ ഫാത്തിമ മാതയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും ( ബസുലിയ ജിംജോ, ഡല്ലാ ഷാജി, എയ്ഞ്ചൽ മരിയ) സബ്ജൂനിയർ ബോയ്സിൽ മൂന്നു കുട്ടികൾക്കും ( സിലിൻ കുറ്റപ്പാല രോഹിത് കെ ആർ ഭഗത് പി ജെ ) ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും( അമ്രിൻ ഫാത്തിമ,ഫിദ ഫാത്തിമ, അദ്വൈത അനിൽകുമാർ ) സീനിയർ ഗേൾസിൽ രണ്ടു കുട്ടികൾക്കും (ആവണി, അതുല്യ പ്രസാദ് ) റവന്യൂ ജില്ല തായ്‌ക്കോണ്ട മത്സരങ്ങളിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി. ഈ വർഷത്തെ തായ്‌ക്കോണ്ട മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കാൻ നമ്മുടെ എട്ടു കുട്ടികൾക്ക് അവസരം ലഭിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്
എൻ.എം.എം എസ് സ്കോളർഷിപ്പിൽ ഉജ്ജ്വല വിജയം നേടി ഫാത്തിമ മാതയുടെ ചുണക്കുട്ടികൾ
2023-24 വർഷത്തിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്റെ പരീക്ഷയിൽ ഫാത്തിമ മാതയിലെ രണ്ട് കുട്ടികൾ ഉജ്ജ്വല വിജയം നേടി. മയൂഷാ ദീപു ,അൻട്രീസ സിബി എന്നിവരാണ് ആ മിടുക്കികൾ. ദേശീയതലത്തിലുള്ള സ്കോളർഷിപ്പുകൾ വരെ നമ്മളുടെ കുട്ടികൾ കരസ്ഥമാക്കുന്നു എന്നത് വളരെ അഭിമാനിക്കാവുന്ന കാര്യമാണ്.
2023-24 വർഷത്തെ എൽ എസ് എസ്,യു എസ് എസ് വിജയികൾ
സ്കോളർഷിപ്പ് പരീക്ഷകൾ കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വളരെയധികം സഹായകമാണ്. എൽ പി യു പി ക്ലാസുകളിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകളാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ.ഇത്തവണത്തെ എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ 11 കുട്ടികൾ വിജയിച്ച സ്കോളർഷിപ്പിന് അർഹരായി. ലിയാൻ ലിസാ ,ക്രിസ്റ്റല്ല ഷെർലി റോഡ് ഗ്രിഗസ്, മുഹമ്മദ് ഹാഫിസ്, ഇശൽ സാറ, എലിസബത്ത് മാത്യു സിറിൽ സിബി ആദവ് സി ആർ,മിൻഹാ ഫാത്തിമ,എ ഗൗരി പാർവതി,അനുരഞ്ജന കെ എസ്, ആൻ എൽസ മാത്യു എന്നീ കുട്ടികളാണ് എൽഎസ്എസ് സ്കോളർഷിപ്പിൽ മികച്ച വിജയം നേടിയത്.
ഈ വർഷത്തെ യുഎസ്എസ് സ്കോളർഷിപ്പിന് നമ്മുടെ സ്കൂളിലെ റയാൻ ഷിബി എന്ന കുട്ടി അർഹനായി.സാമ്പത്തിക മേഖലയിൽ വളരെ പിന്നോക്കം നിൽക്കുന്ന ജില്ലയിലെ ഒരു സ്കൂളാണ് നമ്മുടേത്.ഇവിടെ ഈ സ്കൂളിലെ അധ്യാപകരുടെ ചിട്ടയായ പരിശീലനം ഒന്നുകൊണ്ടുമാത്രമാണ് നമ്മുടെ കുട്ടികൾക്ക് ഇത്തരം സ്കോളർഷിപ്പുകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുന്നത്.
സയൻസ് സെമിനാർ- എ ഐ
2024-25 വർഷത്തെ സബ്ജില്ല സയൻസ് സെമിനാർ കല്ലാർകുട്ടി സ്കൂളിൽ വച്ച് നടന്നു.ഈ വർഷത്തെ സെമിനാറിന്റെ വിഷയം എ ഐ ആയിരുന്നു.ഫാത്തിമ മാതാ സ്കൂളിൽ നിന്നും സെമിനാറിൽ പങ്കെടുത്ത ബിയോണ ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി തൊടുപുഴയിൽ വച്ച് നടക്കുന്ന ജില്ലാ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.28-8-2024ൽ തൊടുപുഴയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഫാത്തിമ മാതാ സ്കൂളിലെ ബിയോണ ബിനു രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
പ്രകൃതിയുടെ സ്പന്ദനങ്ങൾ തൊട്ടറിയാൻ പ്രകൃതി സഹവാസ ക്യാമ്പ്
എക്കോ ക്ലബ്ബിലെ അംഗങ്ങൾക്കായുള്ള ഒരു പ്രകൃതി സഹവാസ ക്യാമ്പ് 23 -8-2024 ക്ലാസിക് എക്കോസ് സ്റ്റഡി സെന്റർ ചെമ്പകപ്പാറയിൽ വച്ച് നടത്തപ്പെട്ടു. നമ്പർ ഉദ്ഘാടനം ചെയ്തത് ഇടുക്കി ജില്ല എക്സൈസ് കമ്മീഷണർ എസ് ജയചന്ദ്രൻ സാർ ആയിരുന്നു.തുടർന്ന് ക്ലാസ് നയിച്ചത് ഇടുക്കി ജില്ല വിമുക്തി നോഡൽ ഓഫീസർ സാബു സാർ ആയിരുന്നു. രണ്ടാമത്തെ ദിവസം രാവിലെ സെൽഫ് ഡിഫൻസ് ക്ലാസും യോഗ ക്ലാസും ഉണ്ടായിരുന്നു. പിന്നീട് തങ്കമണി സഹകരണ സൊസൈറ്റിയുടെ ടീ ഫാക്ടറി സന്ദർശിക്കുവാൻ പോയി. ക്യാമ്പ് നടന്ന ക്ലാസിക് എക്കോസ് സ്റ്റഡീസ് സെന്റർ വിവിധങ്ങളായ സസ്യലതാദികൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നു. ക്ലാസിക് എക്കോ സ്റ്റഡി സെന്ററിൽ നൂറിലധികം ഔഷധസസ്യങ്ങളും വിവിധയിനം 50 മരങ്ങളും അഞ്ജനത്തിൽപ്പെട്ട മുള സസ്യങ്ങളും മറ്റ് അനേകം സസ്യജാലങ്ങളും ഉണ്ടായിരുന്നു. ഒരുപാട് അപൂർവയിനം സസ്യങ്ങൾ കൊണ്ട് നിറഞ്ഞ അതിമനോഹരമായ പ്രകൃതിരമണീയത നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. കുട്ടികൾക്ക് ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും ഒക്കെ കണ്ടു മനസ്സിലാക്കാനും അതിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കാനും സാധിച്ചു. പിന്നീട് ട്രക്കിംഗ് ആയിരുന്നു 24 മണിക്കൂറും 25 കിലോമീറ്റർ അധികം കാറ്റ് സഞ്ചരിക്കുന്ന കുരിശുമലയിലേക്ക് ആയിരുന്നു ട്രക്കിംഗ്. കാടിന്റെ ശാന്തതയും സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ഒരു യാത്രയായിരുന്നു അത്. പുൽമേടുകളിൽ സമ്പുഷ്ടമായ വനപ്രദേശം ആയിരുന്നു അവിടം. 24ആം തീയതി വൈകുന്നേരം കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും ഉണ്ടായിരുന്നു. 25 തീയതി ഇടുക്കി ജില്ലയുടെ പ്രത്യേകതകളെ കുറിച്ച് ജോലി സാർ വളരെ വിജ്ഞാനപ്രദമായ ക്ലാസ് നയിച്ചു. അന്നേദിവസം ഉച്ചഭക്ഷണത്തോടെ ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്ക് പ്രകൃതിയെ തൊട്ട് അറിയാനും മനസ്സിലാക്കാനും ഒരുപാട് സഹായിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇത് എന്ന് നിസംശയം പറയാൻ സാധിക്കും. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും സമ്മാനിച്ച മനോഹരമായ ഒരു ക്യാമ്പ് ആയിരുന്നു ഇത്.
അക്ഷര ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം
അറിവിന്റെ അനന്തവിഹായസിലേക്ക് നമ്മളെ ഓരോരുത്തരെയും കൈപിടിച്ചുയർത്തിയ പ്രിയ അധ്യാപകർക്കായി ഒരു ദിനം. സെപ്റ്റംബർ 5 അധ്യാപക ദിനം. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ നമ്മുടെ ഭാരതീയ സങ്കല്പം. അച്ഛനും അമ്മയ്ക്കും ദൈവത്തിനും ഒപ്പം നമ്മൾ ഗുരുവിനെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് ജീവനും ജീവിതവും നൽകുന്നത് മാതാപിതാക്കൾ ആണെങ്കിൽ ജീവിക്കാൻ വേണ്ട അറിവും വെളിച്ചവും പാതയും കാട്ടിത്തരുന്നവരാണ് ഓരോ അധ്യാപകരും. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച ഒരു അധ്യാപകനും ആയിരുന്ന ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി നാം ആഘോഷിക്കുന്നത്. സ്വയം ചിന്തിക്കാൻ നമ്മെ സഹായിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ത്യക്കാരെ മാത്രമല്ല ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച വാക്കുകളാണ്. തന്റെ ജന്മദിനം ആഘോഷിക്കാതെ ഓരോ അധ്യാപകർക്കും വേണ്ടി നീട്ടിവയ്ക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും വളരെ വിപുലമായ പരിപാടികളോടെയാണ് അധ്യാപക ദിനം ആഘോഷിച്ചത്. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. അറിവിന്റെ വെളിച്ചം ഏകുന്ന അധ്യാപകർക്കായി ഒരുപാട് ആശംസകളും പൂച്ചെണ്ടുകളും ആയാണ് കുട്ടികൾ എത്തിയത്. അവരുടെ പ്രിയ അധ്യാപകർക്കു നിറഞ്ഞ ഹൃദയത്തോടെ കുട്ടികൾ ആശംസകൾ അർപ്പിച്ചു. നഴ്സറി തലത്തിലെ കുഞ്ഞുമക്കൾ മുതൽ പ്ലസ് ടു തലം വരെയുള്ള എല്ലാ കുട്ടികളും അവരുടെ പ്രിയ അധ്യാപകർക്ക് ആദരം അർപ്പിച്ചു. യോഗ നടപടികൾക്ക് ശേഷം അധ്യാപകർക്കായി ചായ സൽക്കാരവും സ്കൂളിൽ നടത്തി. അധ്യാപക ദിനത്തിന്റെ ഓർമ്മയ്ക്കായി എല്ലാ അധ്യാപകർക്കും ഉപഹാരങ്ങളും നൽകി. അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള സന്തോഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും മിഠായി വിതരണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജി മോൾ മോൾ മാത്യു എല്ലാ അധ്യാപകർക്കും ആശംസകൾ അറിയിച്ചു.