ഗവ. എച്ച് എസ് കുറുമ്പാല/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 18 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

എൻെറ കുറ‍ുമ്പാല

കുറുമ്പാല സ്കൂളിൻെറ ചരിത്രാരംഭത്തിന് 72 വർഷം കഴിഞ്ഞാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയി ഞാനെത്തുന്നത്.ശരിയ്ക്കും പറഞ്ഞാൽ 1911 ആരംഭിച്ച സ്കൂളിൽ ഞാൻ ചേരുന്നത് 1983ൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു കിഴക്ക് ഭാഗത്ത് വയൽ അരികിലായ് കുറുമ്പാല കോട്ടമലയ്ക്ക് ആമുഖ മായ് ഓടുമേഞ്ഞ കെട്ടിടത്തിൽ ആണ് ഞാൻ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് - വലിയ ഒരു ഹാൾ ആയിരുന്നു കെട്ടിടം.രണ്ട് അറ്റത്തായ് രണ്ടു ചെറിയ മുറികളും. ഒരു മുറിയിൽ അധ്യാപകമുറിയും ഒന്നിൽ ഉച്ചഭക്ഷണ സാമഗ്രഹികളും വിറകും സൂക്ഷിക്കുന്നതും.ക്ലാസ് മുറിയിൽ തന്നെ പ്ലൈവുഡ് കൊണ്ട് വേർതിരിച്ച ചെറിയ മുറിയായിരുന്നു ഓഫീസ് റൂം.

ഓർമ്മയിൽ ഉള്ള ആദ്യത്തെ യശശരീരനായപ്രിയ ഗുരുനാഥൻ രവീന്ദ്രൻ സാറായിരുന്നു.അദ്ദേഹം പടിഞ്ഞാറത്തറ ഗവ.എൽ.പി സ്കൂൾ പ്രഥാനാധ്യാപകനായ് ജോലി നോക്കുമ്പോഴാണ് ആകസ്മിക മരണത്തിനു കീഴ്പ്പെടുന്നത് .അദ്ദേഹത്തിൻെറ ചേതനയറ്റ ശരീരം കാണാൻ പോയതും താങ്ങാൻ കഴിയാത്ത ദു:ഖവും ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.രവീന്ദ്രൻ സാറിനു ശേഷം ഹെഡ്മാസ്റ്ററായി എത്തുന്നത് തരുവണ കുന്നുമ്മൽ അങ്ങാടി പ്രദേശത്തിനടുത്തുള്ള നാരായണൻ സാറായിരുന്നു.സാറ് ഇപ്പോഴും പ്രായത്തിൻെറ അവശതയിൽ വിശ്രമജീവിതം നയിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത് .അതുപോലെ അന്നത്തെ അധ്യാപകരായ - ശ്രീ മുകുന്ദകുമാർ സാർ ,മാത്യുസാർ, ഗ്രേസി ടീച്ചർ, ലക്ഷ്മി ടീച്ചർ, രേണുക ടീച്ചർ ഇട്ടി സാർ, പ്രകാശൻ സാർ, റോയ് സാർ, പ്രേമചന്ദ്രൻ സാർ, വേണു സാർ ,സുകുമാരൻ സാർ, അബ്ദുൾ സലാം വാർ.രവീന്ദ്രൻ സാർ, സുപ്രിയ ടീച്ചർ, ശാന്തി ടീച്ചർ, മുരളീധരൻ സാർ,ഇപ്പോൾ കുറുമ്പാല സ്കൂളിൻെറ സമീപം താമസിക്കുന്ന ജോണി സാർ ഇവരൊക്കെ ഓർമ്മയിലുള്ള പഴയ കാല അധ്യാപകരാണ്. പലരേയും പരാമർശിക്കാൻ വിട്ടു പോയിട്ടുണ്ട്.ഓർമ്മയിൽ വരാത്തതാണ് ക്ഷമിക്കണം.ഇവരെല്ലാവരും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടുണ്ടാകും.ഇവരിൽ മുണ്ടക്കുറ്റി സ്വദേശിയായിരുന്ന അബ്ദുൾ സലാം സാർ ( അറബിക്) കോഴിക്കോട് തിരുവമ്പാടി സ്വദേശിലക്ഷിമി ടീച്ചർ (ഹിന്ദി) എന്നിവർ മരണപ്പെട്ടു.മുകുന്ദകുമാർ സാർ, മാത്യു സാർ, ജോണി സാർ ,മുരളീധരൻ സാർഎന്നിവർ ഇപ്പോഴും നമ്മുടെ ജില്ലയിൽ തന്നെ താമസിക്കുന്നു.മറ്റുള്ളവരെ കുറിച്ച് ധാരണയില്ല. ഇതിൻ മുരളീധരൻ സാർ ഒഴികെ മറ്റെല്ലാവരും എൻെറ അധ്യാപകരായിരുന്നു. പിന്നീട് വന്ന ഒട്ടുമിക്ക അധ്യാപകരും ആത്മസുഹൃത്തുക്കളുമായിരുന്നു.എല്ലാവരുടേയും പേര് ഓർമ്മയില്ലാത്തതിനാൽ ഓർമ്മയിലുള്ള പേരും പരാമർശിക്കുന്നത് ഉചിതമാകില്ലാ എന്നറിയാം. എങ്കിലും ഓമനക്കുട്ടൻ സാർ, ജോണിസാർ,നാണു സാർ, പ്രകാശൻസാർ.മോഹനേട്ടൻ എന്ന ഞങ്ങളുടെ മോഹനൻ സാർ, രമാദേവി ടീച്ചർ, മുരുകൻസാർ.രാജീവൻ സാർ, രമേശൻസാർ, സുരേഷ് സാർ, ദിനേഷ് സാർ, സുഭാഷ് സാർ... സദയം ക്ഷമിക്കണം.

1986 ൽ സ്കൂളിൻ്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സ്കൂളിൻെറ ആദ്യവർഷം പഠിച്ച വിദ്യാർത്ഥികളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്ന പാറോലമൂസ്സക്കയെ പൊന്നാട അണിയിച്ചത് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു.പിന്നീട് പാറോലമൂസ്സക്കയുമായ് അടുത്ത ബന്ധം പുലർത്താനും കഴിഞ്ഞുവെന്നത് ഭാഗ്യമായ് കരുതുന്നു. മൂസ്സക്കയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ നേരുന്നു.

75-ാം വാർഷികം ആഘോഷിക്കുമ്പോൾ മുഖ്യാതിഥിയായ് വന്നത് അന്നത്തെ ജില്ലാ കലക്ടർ രവീന്ദ്രൻ തമ്പി IAS അവറുകൾ ആയിരുന്നുവെന്നും ഓർമ്മ വരുന്നു.സ്കൂൾ ചരിത്രത്തോടൊപ്പം ചേർത്തുവായിക്കേണ്ട ചില പേരുകൾ കൂടി പരാമർശിക്കാതെ പോകാൻ ആവില്ല.കോറോത്ത് മമ്മൂക്ക,കെ.പി.അബൂക്ക, NK ജയചന്ദ്രൻ നയർ(പൊന്നുനായർ ) 3പേരും ഇന്നു ജീവിച്ചിരിപ്പില്ല. അതുപോലെ ഗോവിന്ദ മാരാർ (ഗോപി മാഷ് ) കുഴിവേലി ജോസേട്ടൻ അതിനു ശേഷം വന്ന അധ്യാപകം PTAഅംഗങ്ങളും ജനപ്രതിനിധികളും സ്കൂളിൻെറ എല്ലാ തല വികസനത്തിലും മുഖ്യ പങ്കു വഹിച്ചവരാണ്.

മറക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച എൻെറ കൂടെ പഠിച്ച മുഴുവൻ ബാല്യകാല സുഹൃത്തുക്കളേയും ഈ നിമിഷം ഓർക്കുന്നു.ജോബി മാത്യ‍ു, മോഹനൻ,M. K, ഷിജു , PTറഫീഖ് ,T റഫീഖ് പാറ (മൂൺ ലൈറ്റ് LPS, HM), രാജൻ,രാജഗോപാൽ, മോയി പുതിയേറ്റിക്കണ്ടി, കദീജ പനന്തോടി, ഉമ്മ കുൽസു വട്ടോളി, ജസ്സി, ബീനകാവിൽ,തങ്കമണി,സുജാത.ശ്രീധരൻ, വിനു: V J പാത്തൂട്ടി, സിന്ധു, അബ്ദുൾ സലാം P, K - ജോസഫ് ( മനോജ് ) ഇവരെല്ലാം ആത്മ സുഹൃത്തുക്കളിൽ പെട്ടന്ന് ഓർമ്മ വന്ന ചില പേരുകൾ മാത്രം മറ്റെല്ലാവരേയും നന്ദിയോടെ ഓർക്കാറുണ്ട്.

ഞാൻ പഠിക്കുന്ന കാലത്ത് ഓരോ അവധി സമയത്തും (ഓണം, ക്രിസ്മസ്, മധ്യവേനൽ ) മുകുന്ദകുമാർ സാർ കുട്ടികളെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുപ്പിക്കുമായിരുന്നു.എല്ലാ ക്യാമ്പിലും ഞാനും ഉണ്ടാകും.ഒരു അവധിക്കാല ക്യാമ്പ് തലശ്ശേരിയിൽ ആയിരുന്നു.ഞാനിപ്പഴും ഓർക്കുന്നു. വേലിയേറ്റവും വേലിയിറക്കവും ബോധ്യപെടുത്താൻ ഞങ്ങളെ ( കുറേ സ്കൂളിൽ നിന്നും കുട്ടികൾ ഉണ്ടാകും ) ധർമ്മടം തുരുത്തിൽ കൊണ്ടുപോയി.രാവിലെ ഞങ്ങൾ കടലിലൂടെ നടന്നാണ് തുരുത്തിൽ എത്തിയത്. വേലിയിറക്ക സമയത്തായിരുന്നു അങ്ങോട്ട് പോയത് .അവിടുന്ന് ഭക്ഷണവും പരീക്ഷണങ്ങളും കളികളും കഴിഞ്ഞ് തിരികെ വരുമ്പോൾ വേലിയേറ്റ സമയമായിരുന്നു - ഞങ്ങളെക്കാൾ ഉയരത്തിൽ കടൽജലമെത്തി. ഞാനടക്കമുള്ള പല കുട്ടികളേയും തോളിൽ കേറ്റിയാണ് അധ്യാപകർ കരയ്ക്കെത്തിച്ചത്.പിന്നീടൊരിക്കൽ വാളാട് HS ആയിരുന്നു ക്യാമ്പ്.ക്യാമ്പ് കഴിഞ്ഞ് വരുമ്പോൾ വീട്ടിലെത്തിയാൽ മരം ഒരു വരം എല്ലാവരും ഒരു മരം നടണമെന്ന നിർദ്ദേശത്തിൻെറ ഭാഗമായി ഞാൻ നട്ട നാട്ടുമാവ് വലിയ മരമായ് ഇന്നും എൻെറ വീട്ടുപറമ്പിലുണ്ട്.

5th ൽ പഠിക്കുമ്പോൾ സ്കൂൾ മുറ്റത്ത് ഉണ്ടായിരുന്ന കാപ്പി കൊമ്പിൽ പിടിച്ച് ആടികളിക്കുമ്പോൾ ബിനു മോൻ കെ.ജി എന്ന കുട്ടി വീണ് കൈ ഒടിഞ്ഞു - അവനെ വീട്ടിൽ കൊണ്ടുവിടാൻ എന്നെയാണ് ടീച്ചർ ചുമതലപെടുത്തിയത് .അവൻെറ പുസ്തകസഞ്ചിയും ചുമന്ന് രണ്ട് കിലോമീറ്റർ ദൂരമുള്ള അവൻെറ വീട്ടിലേയ്ക്ക് നടന്നു പോയതും വഴി നീളെ അവൻ കരഞ്ഞതും മറക്കാൻ കഴിയാത്ത അനുഭവമാണ് .ഒടിഞ്ഞ കയ്യുമായ് വേദനയോടെ ആശുപത്രിയിൽ കൊണ്ടു പോകാതെ വീട്ടിലേക്ക് പറഞ്ഞ് വിട്ടിട്ടും അവൻെറ വീട്ടുകാർ സ്കൂളിൽ പരാതിയുമായ് വരാത്തത് ഈ കാലഘട്ടത്തിൽ ഞാൻ ഓർക്കാറുണ്ട്.5 ൽ പഠിക്കുമ്പോൾ മീനങ്ങാടി സ്കൂളിൽ ജില്ലാ കലാമേളയിൽ നാടക മത്സരത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി.മുകുന്ദൻ സാറും ഇട്ടി സാറുമാണ് നാടകം പഠിപ്പിച്ചത്.

ഈ വിദ്യാലയത്തിൻെറ സ്ഥാപകരായ മാനിയിൽ അടിയോടിയേയും (പേര് - ഓർമ്മയില്ല) ഒതയോത്ത് രാഘവ മാരാരേയും പരാമർശിക്കാതെ എൻെറ വിദ്യാലയത്തെ കുറിച്ച‍ുളള ഒാർമ്മകൾ പൂർണ്ണമാകില്ല. കുറുമ്പാല സ്കൂളിൽ പഠിക്കാനും എൻെറ മക്കളേയും ഈ സ്കൂളിൽ തന്നെ പഠിപ്പിക്കാനും കിട്ടിയ അവസരം മഹാഭാഗ്യവും അഭിമാനവുമായ് കാണുന്നു.

ശ്രീനിവാസൻ കുറുമ്പാല

*********************************************************************************************************

എൻെറ വിദ്യാലയം

കാവ്യ എൻ പി കുപ്പാടിത്തറ

2014-15 അധ്യയന വർഷത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായാണ് ഞാൻ ജി എച്ച്എസ് കുറമ്പാലയിൽ പ്രവേശിക്കുന്നത്.അന്ന് ജി. എച്ച്.എസ് കുറുമ്പാല ആയിട്ടില്ല, ജി.യു.പി.എസ് ആയിരുന്നു.

എഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഐ.ടി അറ്റ് സ്‌കൂൾ 'ഹായ്സ്കൂൾ കുട്ടികൂട്ടം' ക്ലബ്ബിൽ അംഗമാകുന്നത്. വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ഐ.ടി അറ്റ് സ്‌കൂൾ നടപ്പിലാക്കിയ പദ്ധതിയായിരുന്നു 'കുട്ടിക്കൂട്ടം'.അതേ വർഷം തന്നെയാണ് സോഷ്യൽ -സയൻസ് - ഐടി തുടങ്ങിയ ക്ലബ്ബുകൾ സംയുക്തമായി എക്സിബിഷൻ നടത്തുകയും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ഒത്തുചേർത്ത് ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നത്. ഞാനും എന്റെ സഹപാഠിയായ നാജിയയും ചേർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ബേസൽ സാറിന്റെയും സഹായത്താൽ കാറ്റാടി യന്ത്രം നിർമ്മിക്കുകയും ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ചെയ്തു. ഞങ്ങൾക്ക് ഒന്നാം സമ്മാനവും എ ഗ്രേഡും ലഭിച്ചു . തുടർന്നുണ്ടായ ജില്ലാതല ശാസ്ത്രമേളയിൽ രണ്ടാം സമ്മാനവും എ ഗ്രേഡും,സംസ്ഥാനതല ശാസ്ത്രമേളയിൽ എ ഗ്രേഡ് ലഭിച്ചു.

2017-18 അധ്യായന വർഷത്തിലാണ് ഞങ്ങൾ IT@SCHOOL 'ലിറ്റിൽ കൈറ്റ്സി'ൽ അംഗമാകുന്നത്. വിവരവിനിമയസങ്കേതിക മേഖലയിലെ അന്നേവരെ പരിചിതമല്ലാതിരുന്ന വിഭിന്ന ശാഖകളെ അറിയാനും പഠിക്കാനും മനസ്സിലാക്കാനും കൈറ്റ്സ് സഹായിച്ചു.കൈറ്റ്‌സിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.അതിൽ മറക്കാനാവാത്ത ഒരു പ്രവർത്തനമായിരുന്നു 'നീലാംബരി' എന്ന ഞങ്ങളുടെ മാഗസിൻെറ നിർമാണവും പ്രശസ്ത കർഷകനായ അയ്യൂബ് തോട്ടോളിയുമായുള്ള അഭിമുഖവും.

എല്ലാവർഷവും നടത്തിവരുന്ന ചാന്ദ്രദിന ആചരണവും ജനസംഖ്യ ,ഹിരോഷിമ- നാഗസാക്കി,റിപ്പബ്ലിക് ,സ്വാതന്ത്ര്യദിന ദിനാചരണങ്ങളും സ്കൂളിന്റ മറ്റൊരു പ്രത്യേകതയായിരുന്നു. കലാ-കായിക മേഖലകളിൽ വിദ്യാർഥികൾക്ക് അധ്യാപകരും പിടിഎയും നൽകുന്ന പ്രോത്സാഹനം എടുത്തു പറയേണ്ടത് തന്നെയാണ്.

ജിഎച്ച്എസ് കുറുമ്പാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി, എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുന്ന ആദ്യ ബാച്ചാണ് 2019-20 അധ്യാന വർഷത്തിലെ ഞങ്ങളുടെ ബാച്ച് എന്നത് വളരെ അഭിമാനകരമാണ്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്നിലെ കല വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ വലിയ ഉയർച്ചകൾക്ക് ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ജിഎച്ച്എസ് കുറുമ്പാല എന്ന എൻറെ വിദ്യാലയമാണ്.

കാവ്യ എൻ പി കുപ്പാടിത്തറ