ജി.എൽ.പി.എസ്. കുണ്ടൂച്ചി/അക്ഷരവൃക്ഷം/ Chirakodinha kinavu

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. കുണ്ടുച്ചി/അക്ഷരവൃക്ഷം/ Chirakodinha kinavu എന്ന താൾ ജി.എൽ.പി.എസ്. കുണ്ടൂച്ചി/അക്ഷരവൃക്ഷം/ Chirakodinha kinavu എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Chirakodinha kinavu
ലോക്ക് ഡൗൺ കാലം കാലം ഞാൻ വീടിൻറെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു.കരിയിലകിളികൾ കൂട്ടത്തോടെ വന്നു തെങ്ങിൻചുവട്ടിലും മുറ്റത്തും കലപില ശബ്ദത്തോടെ പാറിക്കളിക്കുന്നു.വയറു നിറയ്ക്കാൻ ഉള്ള ഭക്ഷണം ഞാൻ ഇട്ടു കൊടുക്കാറുണ്ട്. വീട്ടിലിരിപ്പു കാലത്തും അല്ലാത്തപ്പോഴും എവിടെപ്പോയാലും പറവകളെ നിരീക്ഷിക്കാൻ എനിക്കിഷ്ടമാണ്. അപ്പോൾ അമ്മ പറയാറുണ്ട് ,"നിനക്കൊരു പക്ഷിനിരീക്ഷക യാവാം" .മറ്റാരുടെയും കണ്ണിൽ പെടാത്ത പക്ഷികളൊക്കെ എൻറെ കണ്ണിൽ പെടും. കാണാൻ പറ്റുന്നത് ആണെങ്കിൽ നിരീക്ഷണം മാത്രമല്ല അവരെ ചിത്രത്തിൽ ആക്കാനും എനിക്ക് വളരെ ഇഷ്ടമാണ് .

ഉമ്മറത്തിരിക്കുമ്പോൾ മണ്ണ് നിരങ്ങി വീഴുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ മനസ്സിലായി അതുംആ കിളി കൂട്ടത്തിന്റെ പണി തന്നെ.ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് എനിക്ക് ഓർമ്മ വന്നു. മുറ്റമടിക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഈ മണ്ണൊക്കെ ആരാണ് ഇവിടെ കൊണ്ടു വന്നിട്ടതെന്ന് .ഇപ്പോഴാണ് കാര്യം പിടി കിട്ടിയത് . പെട്ടെന്നാണ് ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞത്. മുറ്റത്തെ റോസാ ചെടിയിൽ ഒരു തേൻകുരുവി .ഇതിനു മുമ്പും ഞാൻ കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചപ്പോഴാണ് അവിടെ കൂടുകൂട്ടുന്ന കാര്യം എനിക്ക് മനസ്സിലായത് . പിന്നീട് എപ്പോഴും അത് അത് നിരീക്ഷിക്കലായി എൻറെ വിനോദം. ദൂരെ പോയി ഉണങ്ങിയ ചുള്ളിക്കമ്പുകളും ഇലകളും നാരുകളും അപ്പൂപ്പൻ താടിയും ചിതൽപുറ്റിന്റെ അവശിഷ്ടങ്ങളും ഒക്കെ കൊണ്ടുവന്ന് ദിവസങ്ങൾ എടുത്ത് അത് കൂടുണ്ടാക്കി.മറ്റൊരു കുരുവിയും ചിലപ്പോഴൊക്കെ കൂട്ടിൽ എത്താറുണ്ട്. പൂർത്തിയായ കിളിക്കൂട്ടിൽ രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം മുട്ടയിട്ടു. ഈ കാര്യം ചേട്ടൻ വന്നു പറഞ്ഞപ്പോൾ എനിക്കും മുട്ട കാണണമെന്ന് പൂതി. റോസാച്ചെടിക്കടുത്ത് ഒരു ചാമ്പമരവും തെങ്ങും ഉണ്ട് . കോവൽ പടർന്ന് ചാമ്പമരത്തിലേക്ക് കയറിയിരിക്കുന്നു. ചൂടുകാലത്ത് താമസിക്കാൻ പറ്റിയ അന്തരീക്ഷം. ആയിരക്കണക്കിന് ചോണനുറുമ്പുകളുടെയും താവളം കൂടിയാണ് ഇവിടം. ഒരു ചാമ്പയ്ക്ക പറിക്കാൻ ഉറുമ്പിൻ കടിയേല്ക്കാതെ വയ്യ. ഉറുമ്പിനെ പേടിച്ച് കൂട്ടിലെ മുട്ട കാണാനും ഞാൻ മടിച്ചു .കൂടാതെ കൂട്ടിൽ കുരുവിയും കാവലുണ്ട്. ഏതാനും ദിവസങ്ങൾക്കുശേഷം മുട്ടവിരിഞ്ഞു.കിളി കുഞ്ഞുങ്ങളെ കാണാൻ ഉറുമ്പിൻ കടി വകവക്കാതെ ഞാൻ കൂട്ടിനടുത്തേക്ക് ചെന്നു. റോസാ ചെടി അല്പം താഴ്ത്തി ഞാൻ എത്തി നോക്കി . ഒരു കുഞ്ഞിനെ മാത്രമേ ഞാൻ കണ്ടുള്ളൂ. റോസാചെടിയിലൂടെ ഉറുമ്പുകൾ എന്നെ ആക്രമിച്ചു. ഞാൻ അവിടെ നിന്ന് പിന്മാറി. പിന്നീടുള്ള ദിവസങ്ങളിൽ ഞാനവയെ ശ്രദ്ധിക്കാറുണ്ട് . ഒന്ന് സ്പർശിച്ചാൽ മതി കിളി കുഞ്ഞുങ്ങൾ രണ്ടും അമ്മക്കിളി ആണെന്ന് കരുതി ഭക്ഷണത്തിനുവേണ്ടി വാ പിളർക്കും . ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകുമ്പോൾ കിളിക്കൂട്ടിനടിയിൽ ഉറുമ്പിൻ കൂട്ടത്തെ കണ്ട് ഞാൻ ഞെട്ടിപ്പോയി. കുഞ്ഞിക്കുരുവികളിൽ ഒന്ന് താഴെ വീണ് ഉറുമ്പ് കടിയേറ്റ് പിടയുന്നു. ഞാനൊച്ച വച്ചപ്പോൾ ചേട്ടൻ ഓടി വന്ന് കുഞ്ഞിക്കിളിയെ വാരിയെടുത്തു. അതിന്റെ കുഞ്ഞു ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചോണനുറുമ്പുകളെ എടുത്തു മാറ്റി. ക്ഷീണിച്ചവശനായ കുഞ്ഞിക്കുരുവിയെ തിരികെ കൂടിനുള്ളിലാക്കി. അപ്പോഴുണ്ടായിരുന്ന എന്റെ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. അൽപ സമയത്തിനു ശേഷം കാര്യമറിയാതെ അമ്മക്കിളി തീറ്റയും കൊണ്ടെത്തി. നിമിഷങ്ങൾക്കകം തീറ്റ കൊടുത്ത് തിരിച്ചു പോയി. ഇരുട്ടിക്കഴിഞ്ഞാൽ അമ്മക്കിളി വരാറില്ല. ദിവസങ്ങൾക്കു ശേഷം ഞാൻ കൂട്ടിലേ ക്കൊന്നെത്തി നോക്കി. ഞാൻ ഞെട്ടിപ്പോയി. കൂട്ടിനകത്ത് ചത്തു കിടക്കുന്ന കുരുവിക്കുഞ്ഞിനെയാണ് ഞാൻ കണ്ടത്. എന്റെ വിഷമം കണ്ടപ്പോൾ അച്ഛൻ പറഞ്ഞു "ഒരു കിളിക്കുഞ്ഞ് ഇന്നലെ പറന്നു പോയിരുന്നു". ഇപ്പോഴും കരിയിലക്കിളികൾ കലപില ശബ്ദത്തോടെ മുറ്റത്ത് പാറി നടക്കുന്നുണ്ട്.

DEVANANDA K P
4 A ജി.എൽ.പി.എസ്.കുണ്ടുച്ചി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 01/ 08/ 2024 >> രചനാവിഭാഗം - കഥ