ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ ഗ്രാമം
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട എരിത്രിയൻ കടലിലെ പെരിപ്ലസ് എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ചരിത്രം
പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് പൊന്നൻ എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേർഷ്യൻ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊൻ നാണ്യ'ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്. ഇതല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ പറഞ്ഞപ്രകാരം പൊന്നിന്റെ ആനയെ നടത്തിയ ഇടം പൊന്നാനയും പിന്നീട് പൊന്നാനിയുമായി എന്നൊരു കഥയുമുണ്ട്.