ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ/എന്റെ ഗ്രാമം
നൂൽപ്പുഴ ഗ്രാമപഞ്ചായത്
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് നൂല്പുഴ .നൂല്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂല്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്.
പൊൻകുഴി ശ്രീരാമക്ഷേത്രം
സുൽത്താൻ ബത്തേരി-മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പൊൻകുഴി ശ്രീരാമ ക്ഷേത്രം ഇന്ത്യൻ ഇതിഹാസമായ രാമായണവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു . പൊൻകുഴി നദിയുടെ തീരത്ത് ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ്. ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരെയാണ് ഇവിടെ ആരാധിക്കുന്ന പ്രധാന ദേവതകൾ. ക്ഷേത്രക്കുളത്തെക്കുറിച്ചുള്ള രസകരമായ ഒരു ഐതിഹ്യമാണ് ഇത് സീതയുടെ കണ്ണുനീർ കൊണ്ടാണ് രൂപപ്പെട്ടത്. ടൈൽ പാകിയ മേൽക്കൂരയുള്ള പരമ്പരാഗത കേരളീയ വാസ്തുവിദ്യയാണ് ക്ഷേത്ര ഘടന പിന്തുടരുന്നത്.
മുത്തങ്ങ വന്യജീവി സങ്കേതം
കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി തോൽപ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുൽത്താൻ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം. കർണ്ണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂർ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. വനമേഖലക്കകത്തും പുറത്തുമായി താമസിക്കുന്ന ഗിരിവർഗ്ഗക്കാരുടെയും മറ്റു കർഷകരുടെയും ജീവിത ശൈലിയും, വനസംരക്ഷണവും യോജിപ്പിച്ച ഒരു ഭരണ സംവിധാനത്തിനാണ് ഈ സംരക്ഷിത മേഖലാ അധികൃതർ ഊന്നൽ നൽകുന്നത്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാൽ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗമാണ്.
കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാൻ, മ്ലാവ് എന്നിവയും കാണാം. ആർദ്ര ഇലപൊഴിയും കാടുകളും നിത്യഹരിത വിഭാഗങ്ങളിലും പെട്ട കാടുകൾ ഉള്ളതിനാൽ പക്ഷികൾ, ചിത്രശലഭങ്ങൾ, മറ്റു ഉരഗങ്ങൾ, സസ്തനികൾ എന്നിവയും ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയിൽ തന്നെ വഴിയരികിൽ വന്യജീവികളെ കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കർണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏർപ്പെടുത്തിയിട്ടുണ്ട്.