സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/എന്റെ ഗ്രാമം
|കുറവിലങ്ങാട് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ളോക്കില്‍ കുറവിലങ്ങാട് വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശമാണ് കുറവിലങ്ങാട്. ഭരണപരമായി തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ല്‍ വേണാട്ടു രാജാക്കന്‍മാര്‍ ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരുവിതാംകൂര്‍ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ മാര്‍ത്ത മറിയം ഫെറോനാ ചര്‍ച്ച്. എ.ഡി 345 ല്‍ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്നുനോയമ്പു തിരുനാള്‍ വളരെയേറെ പ്രസിദ്ധമാണ്. ഈ തിരുനാള്‍ ആഘോഷത്തിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം വക ആനകളെ വിട്ടു കൊടുത്തിരുന്നത് മലയാള സംസ്ക്കാരത്തിനും മതസൗഹാര്‍ദ്ദത്തിനും ഉത്തമമായ മാതൃകയാണ്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ:ഫാദര്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന മഹത് വ്യക്തിയാണ് ‘നസ്രാണി ദീപിക’ എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റര്‍. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച റവ:ഫാദര്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാടിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേല്‍ പഴക്കം ചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ കോഴാ നരസിംഹസ്വാമിക്ഷേത്രം, കോഴാ മല്ലപ്പള്ളില്‍ കാവ്, വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവര്‍ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കല്‍ മഹാദേവക്ഷേത്രം കളത്തൂര്‍, ക്രിസ്തുരാജ ചര്‍ച്ച് ജയ്ഗിരി, നസ്രത്തുഹില്‍ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. കുറവിലങ്ങാട്പഞ്ചായത്തിലെ അമനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ‘മുനിയറ ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ നാടിന്റെ ചിത്രത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്. മാര്‍ത്തോമാ ശ്ളീഹായില്‍നിന്നും ക്രസ്തുമതം സ്വീകരിച്ച പാലയൂര്‍ ഗ്രാമീണരായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നീ ബ്രാഹ്മണ കുടുംബക്കാര്‍ എ.ഡി. ആദ്യ ശതകത്തില്‍ കുറവിലങ്ങാട് എത്തിചേര്‍ന്നുവെന്നും അന്ന് ഏറ്റുമാനൂര്‍ ദേവസ്വം വകയായിരുന്ന ഈ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ദേവസ്വത്തില്‍ നിന്നും സ്ഥലം അനുവദിച്ചു കൊടിത്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഈ കുടുംബക്കാര്‍ മുന്‍കൈയ്യെടുത്ത് എ.ഡി. 105 ല്‍ ഒരു ആരാധനാലയം സ്ഥാപിച്ചു എന്ന് ‘കാത്തലിക് ഡയറക്ടറി ഓഫ് കേരളാ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഏറ്റുമാനൂര്‍ ദേവസ്വത്തിന്റെയും ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ബ്രഹ്മസ്വങ്ങളുടെയും ഇടപ്രഭുക്കന്മാരുടെയും സഹായസഹകരണത്തോടെ കാര്‍ഷിക മേഖലകളില്‍ നസ്രാണികള്‍ക്ക് വളരെ പുരോഗതിയുണ്ടായി. സമുദായ സൗഹാര്‍ദ്ദത്തിന്റെയും കൂട്ടായ്മയുടെയും ഒരുത്തമ ഉദാഹരണമായിരുന്നു ആദിമ നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ ജനജീവിതം. ഹൈന്ദവ നസ്രാണി സമുദായങ്ങള്‍ തുടര്‍ന്നു വന്നിരുന്ന മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണ് കുറവിലങ്ങാട് മാര്‍ത്തമറിയം പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയില്‍നിന്നും മുത്തുകുടകള്‍ കൊടുത്തയക്കുകയും ചെയ്തിരുന്നു എന്നുള്ളത്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് പ്രധാന മതവിഭാഗങ്ങള്‍. കുറവിലങ്ങാടു പഞ്ചായത്തില്‍ ആദ്യത്തെ മലയാളം സ്കൂള്‍ ആരംഭിച്ചത് കോഴായിലുള്ള നിധിയിരീക്കല്‍ കുടുംബവക ആറായ്ക്കല്‍ കെട്ടിടത്തിലാണ്. പുരാതന കേരളത്തിന്റെ ഈണങ്ങളായ കൊയ്ത്തു പാട്ട്, തോറ്റം പാട്ട്, മാര്‍ഗ്ഗം കളിപ്പാട്ട് തുടങ്ങിയ നാടന്‍പാട്ടുകളുടെ ഈരടികള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരും കോല്‍കളി, കടുവാകളി, കളരിപ്പയറ്റ് തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ അഭ്യസിച്ചവരും ഈ ഗ്രാമത്തിലുണ്ട്. റ്റി.ഡി. ദേവസ്യാ മെമ്മോറിയല്‍ കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറി, കളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തു സാംസ്കാരിക നിലയം എന്നീ രണ്ടു സ്ഥാപനങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ക്ഷേത്രങ്ങളിലും മറ്റു ദേവാലയങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളും മറ്റു തിരുനാളുകളും വളരെ ആഘോഷമായി നടത്താറുണ്ട്. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനകലകളും കാവടിയാട്ടവും വളരെയേറെ ആകര്‍ഷകമാണ്. ഈ പഞ്ചായത്തില്‍ അഞ്ചോളം പബ്ളിക് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജേസീസ് ക്ലബ്ബ്, വൈസ്‌മെന്‍സ് ക്ലബ്ബ്, കുറവിലങ്ങാട് ക്ലബ്ബ് എന്നീ സംഘടനകള്‍ സജീവമായിത്തന്നെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടാതെ വിവിധ സാമുദായിക സംഘടനകളും സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകളും, കര്‍ഷക സംഘടനകളും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. വി.വി.നാരായണന്‍ നമ്പൂതിരി, വെള്ളായിപ്പറമ്പില്‍ വി.എം.മാണി, കെ.ടി.മാണി, കാരാംവേലില്‍ ഉലഹന്നന്‍ ചാമനാക്കലഭാരം, ചെറിയാന്‍ ആശാരിപ്പറമ്പില്‍, ജെ.വേമ്പന്ന, കെ.ഗോവിന്ദന്‍ എളുക്കുന്നന്‍, കെ.സി.കുമാര്‍ കാരയ്ക്കല്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളാണ്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സാന്‍ഫ്രാന്‍സിസ്കോയില്‍ സമ്മേളിച്ച ഐക്യനാടുസഭയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിനിധി പി.ജെ.തോമസ് ഈ ഗ്രാമത്തിലുള്ള പാറേക്കുന്നേല്‍ കുടുംബാംഗമാണ്. 1953 ല്‍ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ വെള്ളായിപ്പറമ്പില്‍ വി.യു.ഉതുപ്പ് ഈ നാടിന്റെ വികസന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്.