ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവാകുന്ന കാലമാണ് വിദ്യാലയ കാലം. ഒരു വിദ്യാർത്ഥിയെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പഠനത്തിലേയ്‍ക്കും സമൂഹത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും ഒരു പോലെ വഴിതിരിച്ചുവിടുമ്പോഴാണ് മികവാർന്ന ഒരു വിദ്യാലയം രൂപം കൊള്ളുന്നത്. പഠനത്തോടൊപ്പം കലാ കായിയ മേഖലകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇടപഴകുവാനാകുന്ന തരത്തിൽ ഏതൊരു വിദ്യാർത്ഥിയേയും ഒരു സാമുഹ്യജീവിയായി കൂടി മാറ്റിയെടുക്കാൻ വിദ്യാലയത്തിനു കഴിയണം. ഇതിനായ് ഇന്ന് സമൂഹത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളേയും പ്രശ്നങ്ങളേയുംപറ്റി സ്‍ക്കൂൾ തലത്തിൽ ചർച്ച ചെയ്യപ്പെടണം.
സ്‍ത്രീ പുരുഷ സമത്വത്തിനായ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നിലവിൽ വന്നതുപോലെ, വിദ്യാർത്ഥികൾ നേരിടുന്ന ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം തുടങ്ങിയ സാമൂഹ്യ പ്രതിസന്ധികളിൽക്കൂടി വിദ്യാലയം ഇടപെടുകയും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യണം. കലവൂർ സ്‍ക്കൂളിനെ സംബന്ധിച്ചിടത്തോളം ജൻഡർ ക്ലബ്ബ്, സുരക്ഷാക്ലബ്ബ് തുടങ്ങി വിദ്യാർത്ഥി പ്രാതിനിധ്യമുള്ള നിരവധി ക്ലബ്ബുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം ഇടപെടലുകൾ സ്‍ക്കൂൾ തലത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം.ഇത്തരം ആശയങ്ങൾ സമൂഹത്തിലേയ്‍ക്ക് വ്യാപരിക്കപ്പെടുവാൻ വിദ്യാർത്ഥി നേതൃത്വം ഉപകരിക്കപ്പെടണം. ഓരോ വിദ്യാർത്ഥിയും തന്റെ ചുറ്റുപാടിനെപ്പറ്റിയും സമൂഹത്തെപ്പറ്റിയും വ്യക്തമായ ധാരണ ജനിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയും. പഠനമികവിനടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾക്കപ്പുറം ഒരു വിദ്യാർത്ഥിയെ സമൂഹത്തിലേയ്‍ക്ക് കൂടുതൽ ഇടപഴകാൻ വിദ്യാലയം പ്രേരിപ്പിക്കണം. സാമുഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുവാനും മികച്ച ഒരു തലമുറയെ സൃഷ്ടിക്കുവാനും ഓരോ വിദ്യാലയത്തിനും കഴിയണം.
ആതിരമോഹൻ 9 A, ജി.എച്ച്.എസ്.എസ്. കലവൂർ

എന്റെ വിദ്യാലയം - ലിഡ ലൂവിസ്
ഒരു വിദ്യാർത്ഥി ഒരു നല്ല സ്‍ക്കൂളിന്റെ ഉല്പന്നമാണ്. നമ്മുടെ ദൈനം ദിന ജീവിതത്തിൽ പ്രയോഗിക്കേണ്ട പ്രധാന പാഠങ്ങൾ നമ്മെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു. കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ എന്റെ വിദ്യാലയം എന്നെ പ്രാപ്തയാക്കുന്നു. ഞാൻ പഠിക്കുന്നത് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലാണ്. പഠനം, കായികം, കലാപരം മറ്റ് പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥികളെ മുന്നോട്ട് കൊണ്ടുവരുവാനായി മികച്ച അധ്യാപകരാണ് എന്റെ സ‍്ക്കൂളിലുള്ളത്.
എന്റെ വിദ്യാലയന്തരീക്ഷമാണ് എന്നെ ആകർഷിച്ചിട്ടുള്ളത്. അതിവിശാലമായ കളിസ്ഥലവും പൂന്തോട്ടവും സ്‍ക്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. ധാരാളം പുസ്‍തകങ്ങളുള്ള സ്‍ക്കുൾ ലൈബ്രറി ഞങ്ങൾക്കുണ്ട്. കൂടാതെ എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഉണ്ട്. ക്ലാസ്സ് ലൈബ്രറിയും സ്‍ക്കുൾ ലൈബ്രറിയും പ്രയോജനപ്പെടുത്താൻ കുട്ടികൾ ശ്രമിക്കുന്നു.സ്‍ക്കൂളിലെ ഏറ്റവും വലിയ പ്രത്യേതക മാസ്റ്റർ പ്ലാനുകളാണ്. വ്യക്തിഗതം, കുടുംബതലം, ക്ലാസ്സ് തലം എന്നിങ്ങനെ മുന്ന് തലങ്ങളിലായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളും നവീകരിക്കപ്പെട്ടിട്ടുണ്ട് . നിരവധി ക്ലബ്ബുകൾ സജീവമാി പ്രവർത്തിക്കുന്നു. ഐ.ടി മേഖലയിലും മികവ് പുലർത്തുന്നു. Gender Equality Uniform സ്‍ക്കൂളിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. ലിംഗസമത്വത്തിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് എന്റെ സ്‍ക്കൂൾ.

എന്റെ വിദ്യാലയം - ആദിത്യൻ.പി.എസ്.8E
സുന്ദരമാം എന്റെ വിദ്യാലയം
എത്ര സുന്ദരമാണെന്റെ വിദ്യാലയം
കൂട്ടുകാരോടൊപ്പം കളിച്ചും രസിച്ചും
ഞാൻ പഠിക്കുന്നൊരെന്റെ വിദ്യാലയം
സ്‍നേഹം തുളുമ്പുന്ന വിദ്യാലയം
തെറ്റുതിരുത്തി നേർവഴികാട്ടി
മുമ്പേ നടക്കും അധ്യാപകരും
അക്ഷരപ്പൂക്കളാൽ ചിത്തം കവർന്നൊരു
പൂന്തോട്ടമാണെന്റെ വിദ്യാലയം.
അറിവിന്റെ വാതിൽ തുറന്നു നൽകീടും
പുണ്യമാണെന്റെ വിദ്യാലയം
കിഴക്കൻ വെനീസിലെ കലവൂരാം ഗ്രാമത്തിൽ
ഹൃദയത്തിൽ വാഴുമെൻ വിദ്യാലയം
പാഠ്യപാഠ്യാനുബന്ധ മികവോടെയെന്നും
ശിരസ്സുയർത്തി നിൽക്കും സ്നേഹാലയം
എൻ കലവൂർ വിദ്യാലയം