ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/21 - 22 പ്രവർത്തനങ്ങൾ

ലിംഗ ബോധവൽക്കരണ പരിപാടി

 
ലിംഗ ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം ജല്ലാ പഞ്ചായത്തും ജില്ലാ വനിതാ ശീശു വികസന ഓഫീസും സംയുക്തമായി സ്കൂളിൽ ലിംഗ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 13.02.2022 ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഓൺ ലൈനായാണ് പ്രസ്തുത പിരപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ശ്രീ. ടി. അനിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസ‍ർ ശ്രീമതി നബീസാബീഗം എസ്. അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ.ജി.ഒ. കനൽ ഡയറക്ടറും റിസോഴ്‍സ് പെഴ്‍സണുമായ ജിഷ ത്യാഗരാജ് കുട്ടികൾക്ക് ലിംഗ സമത്വത്തെ സംബന്ധിച്ച് ആധികാരികമായി ബോധവൽക്കരണം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. എസ്. ഷാജികുമാർ കൃത‍ജ്ഞത രേഖപ്പെടുത്തി. തുടർന്ന് 8.30 ന് പരിപാടി അവസാനിച്ചു. സ്കൂളിലെ എട്ട്. ഒൻപത്, പത്ത് ക്ലാസുകളിലെ നൂറ് കുട്ടികൾ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൂകയുണ്ടായി.

ലഹരി വിരുദ്ധ സെമിനാർ

 
പോസ്റ്റർ

2022 ഫെബ്രുവരി 18ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ജെ.ആർ.സി. കുട്ടികൾക്കുവേണ്ടി ഒരു ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത സെമിനാർ കുട്ടികൾക്ക് പുതുമയാർന്ന അറിവും അനുഭവവും പ്രദാനംചെയ്തു. സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ നയിച്ച ക്ലാസ്സിൽ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരിക്കുകയും അവ മനുഷ്യ ശരീരത്തിൽ വരുത്തുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. ലഹരിപദാർഥങ്ങൾക്ക് അടിമകളായവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി. ബഹു. എച്ച്.എം. ശ്രീമതി സതിജ ടീച്ചറിന്റെ അധ്യക്ഷതയിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സാറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗം ആദരണീയനായ പി.റ്റി.എ. പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ഉദ്ഘാടനം ചെയ്തതു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻവർഷങ്ങളിലെ ജെ.ആർ.സി. പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ ജെ.ആർ.സി. സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. ജെ.ആർ.സി. ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധിയായ ആനന്ദ് സ്വരൂപിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടനയോഗം സമാപിച്ചു.

രക്തസാക്ഷി ദിനം 2022

 
ഗാന്ധി സ്മരണ

ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം ഈ ദിവസം ഓൺലൈനിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത് എന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതനുസരിച്ച് സ്കൂളിലെ ഗാന്ധിദർശൻ സമിതി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയും ജനുവരി 30 ഞായറാഴ്ച അവർ വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു. ഗാന്ധി പ്രതിമയിലോ ചിത്രത്തിലോ പുഷ്പാർച്ചന നടത്തൽ, ഗാന്ധി ഗാനാഞ്ജലി , സർവ്വമത പ്രാർത്ഥന, അനുസ്മരണം, പ്രതിജ്ഞ എന്നിവ നടത്തി. ഇതനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 11 മണി മുതൽ 11.02 വരെയുള്ള സമയം മൗനാചരണമായി ആചരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എല്ലാ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും മികച്ച തരത്തിലുള്ള പിന്തുണയാണ് ഈ പ്രോഗ്രാമുകൾക്ക് കിട്ടിയിട്ടുള്ളത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഡിജിറ്റൽ രൂപത്തിൽ ചെയ്യുകയും അവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു .തുടർന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും എത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ കുട്ടിയും ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുന്നതിനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം നിലനിൽക്കുന്ന അവസരത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലാണെങ്കിൽ പോലും ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സ്കൂൾതല ഗാന്ധി ദർശന് സാധിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിൽ കുട്ടികൾ പ്രോഗ്രാമുകൾ ഏറ്റെടുക്കുകയും അവർ തയ്യാറാക്കി ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തതു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഒപ്പം അധ്യാപകരുടെയും സർഗ്ഗാത്മകതയും കഴിവും, ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവരുടെയും സമ്പൂർണമായ സഹകരണമാണ് ഈ പരിപാടി ഇപ്രകാരം ഒരു വിജയമാക്കാൻ സാധിച്ചത്. ഇതിനു സ്കൂൾതല ഗാന്ധിദർശൻ സമിതി എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

റിപ്പബ്ലിക് ദിനാചരണം 2022

 
പതാക ഉയർത്തൽ
 
ദിനാചരണവേള

ഈ വർഷത്തെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണങ്ങൾ പ്രൗഢഗംഭീരമായി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ മുറ്റത്ത് ദേശീയ പതാക ഉയർത്തി. ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. മലയാളം അധ്യാപകനായ സുരേഷ് സാറിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സർക്കാർ പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചു. സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി. ക്ലബ്ബ് കൺവീനർ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്. എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. ബഹുമാനപ്പെട്ട മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി,എസ് എം സി ചെയർമാൻ, വിവിധ ക്ലബ്ബ് ഭാരവാഹികൾ ഇവരെല്ലാം ഇതിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ പ്രൗഡിയും അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഇവരുടെ വാക്കുകളിൽ ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം അധ്യാപകർ നൽകിയ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ ആകർഷണം വിദ്യാർത്ഥികൾ ഓൺലൈനായി തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയിരുന്നു. ഇതിൽ ദേശഭക്തിഗാനം, ചിത്രങ്ങൾ,ചാർട്ടുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കൽ, പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ, റിപ്പബ്ലിക് ദിന സന്ദേശങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് അവതരണം, റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വീഡിയോ പ്രസന്റേഷൻ എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. ഇതിൽ ശ്രദ്ധേയമായത് 9 ബി ൽ പഠിക്കുന്ന ആദ്യ സുമൻ ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരവും ദേശീയ ഗാനത്തിന്റെ നൃത്താവിഷ്കാരവും അവതരിപ്പിച്ചതാണ്. ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ പ്രോഗ്രാമുകൾ നീണ്ടുനിന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീരഞ്ജു ടീച്ചർ ദേശീയഗാനവും ദേശീയ ഗീതവും ആലപിച്ചു. യു പി വിഭാഗത്തിലെ സീനിയറായ പ്രിയ ടീച്ചർ നന്ദി പറഞ്ഞ തോടുകൂടി റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ പരിപാടികൾ അവസാനിച്ചു.

         സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് പ്രോഗ്രാമിന് ലഭിച്ചത്. സർവോപരി സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ HM എന്നിവർ പ്രോഗ്രാമിന്റെ എല്ലാ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തു. പ്രിയ ടീച്ചർ, സുഷാര ടീച്ചർ, ശ്രീ രഞ്ജു ടീച്ചർ ഇവരുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടന്നത്. പരിപാടി സമ്പൂർണ്ണ വിജയത്തിൽ എത്തിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.