ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/താനൂർ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
06:26, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('രാജഭരണകാലത്ത്,വെട്ടത്ത് രാജാവിൻ്റെ കീഴിലായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രാജഭരണകാലത്ത്,വെട്ടത്ത് രാജാവിൻ്റെ കീഴിലായിരുന്നു താനൂർ. രാജാവിന്റെ ആസ്ഥാനം, രായിരിമംഗലം എന്നറിയപ്പെടുന്ന സ്ഥലം അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. പിന്നീട് ടിപ്പു സുൽ‍ത്താൻറെ പടയോട്ടത്തിനും ഡച്ച്, ഫ്രഞ്ച്, പോർ‍ച്ച്ഗീസുകാരുടെ കോളനി വാഴ്ചകൾക്കും തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനും താനൂർ സാക്ഷ്യം വഹിച്ചു. താനൂർ തീരത്ത് ഫ്രഞ്ചുകാർക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു.ആദ്യകാലങ്ങളിൽ, ഇവിടേക്കു വ്യാപാരാവശ്യാർത്ഥം വന്നിരുന്ന ഫ്രഞ്ചുകാരുടെ പ്രധാന താവളമായിരുന്നു ഇന്നത്തെ ഗവ. ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടം. ഫ്രഞ്ച് ടൂറിസ്റ്റ് ബംഗ്ലാവ് എന്നാണ് കുറേക്കാലം ഈ സ്ഥലം അറിയപ്പെട്ടിരുന്നതു തന്നെ. പിൽക്കാലത്ത് മലബാർ കൂടി ഉൾപ്പെട്ട മദ്രാസ് ഗവൺമെൻറിനു കീഴിൽ ഈ ടൂറിസ്റ്റു ബംഗ്ലാവ് ഒരു ഫിഷിംഗ് റിസർച്ച് സെൻററായി മാറി. മദ്രാസ് സംസ്ഥാനത്ത് അന്ന് രണ്ടേ രണ്ടു മത്സ്യ ഗവേഷണ കേന്ദ്രങ്ങളേയുണ്ടായിരുന്നുള്ളു. താനൂരിലും മറ്റൊന്ന് മദ്രാസിലും. പ്രസ്തുത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് വർഷങ്ങൾക്കു ശേഷം ഇന്നുകാണുന്ന ആശുപത്രിയായി മാറിയത്. ടിപ്പുവിൻറെ പടയോട്ടത്തിൻറെ സ്മരണകൾ ഉണർ‍ത്തി ഇന്നും നിലകൊള്ളുന്ന ടിപ്പു സുൽത്താൻ‍ റോഡ്, ബ്രിട്ടീഷുകാരുടെ ഒരു പ്രധാന ഓഫീസ് ആയിരുന്ന പഴയ  ബ്ലോക്ക് ഓഫീസ് കെട്ടിടം,കനോലി കനാൽ, ഇവയെല്ലാം ചരിത്രത്തിൻ്റെ ഏടുകളിൽ താനൂർ വഹിക്കുന്ന അഭേദ്യ സ്ഥാനത്തിൻ്റെ ബാക്കിപത്രങ്ങളാണു.

മലബാറിലെ തന്നെ പേരെടുത്ത ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു താനൂർ. വാഴക്കാ തെരുവ് എന്നറിയപ്പെടുന്ന അങ്ങാടിയിൽ അന്യ ദിക്കുകളിൽ‍ നിന്ന് പോലും പഴങ്ങളും പച്ചക്കറികളും വിപണനത്തിനായി വന്നിരുന്നു. "ചക്ക തിന്നാൻ താനൂർക്ക് പോവണം" എന്ന പ്രശസ്തമായ പഴഞ്ചൊല്ല് പോലും ഉരുത്തിരിഞ്ഞത് ഈ വിപണിയെ കേന്ദ്രീകരിച്ചാണു.  അക്കാലത്ത് നിർ‍മ്മിച്ച കെട്ടിടങ്ങൾ‍ തന്നെയാണ് ഇവിടെ ഇപ്പോഴുമുള്ളത്. പഴങ്ങളുടെ സംഭരണത്തിനും സംസ്കരണത്തിനും ഉള്ള സൗകര്യത്തോടെയാണ് ഈ കെട്ടിടങ്ങൾ‍ നിർ‍മ്മിച്ചിരിക്കുന്നത് തന്നെ.  കാളവണ്ടികളിലായിരുന്നു വിപണനത്തിനായുള്ള ചരക്കുകൾ വാഴക്കാതെരുവ് അങ്ങാടിയിലേക്ക് കൊണ്ടു വന്നിരുന്നത് എന്നതിനാൽ തന്നെ  ഇവിടുത്തെ റോഡും കനോലി കനാലിന് കുറുകെയുള്ള പാലവും കാളവണ്ടിക്ക് പോകാനുള്ള വീതിയിൽ‍ തന്നെ ഭൂതകാലത്തിൻറെ ജ്വലിക്കുന്ന സമരണകളും പേറി ഇന്നും നിലകൊള്ളുന്നു. കേരളത്തിലെ ആദ്യ റെയിൽവേ പാതയായ തിരൂർ ബേപ്പൂർ പാതയിൽ 1900കളിൽ താനൂർ റെയിൽവേ സ്റ്റേഷൻ  സ്ഥാപിതമായതോടെ കച്ചവട രംഗത്ത് താനൂരിനു കൂടുതൽ സ്വാധീനം ലഭിച്ചു തുടങ്ങി. അന്നത്തെ മറ്റൊരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു റെയിൽ‍വേ സ്റ്റേഷനു സമീപമുള്ള ഇന്ന് ചന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലം.

താനൂർ കുന്നുംപുറത്തെ നരിമട എന്ന പേരിലറിയപ്പെടുന്ന സ്ഥലം പുരാതന കാലത്തെ വിഖ്യാത ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. കാലക്രമേണ ഉപേക്ഷിക്കപ്പെട്ടു നശിച്ച നിലയിലായിരുന്ന ഗുഹയിൽ ഇരുപതാം നൂറ്റാണ്ടുകളുടെ തുടക്കത്തിൽ സ്ഥലമുടമകളുടെ സഹായത്തോടെ കോഴിക്കോട് ബുദ്ധാശ്രമത്തിലെ സന്യാസി ശ്രേഷ്ഠനായ ഭിക്ഷു ധർമസ്കന്ദയുടെ നേതൃത്വത്തിൽ വശങ്ങൾ കെട്ടിയും ഇരിപ്പിടങ്ങൾ നിർമിച്ചും ബുദ്ധാശ്രമം പുന:സൃഷ്ടിച്ചു. അന്നത്തെ ശ്രീലങ്കൻ  പ്രസിഡൻ്റ് ആദരവോട് കൂടെ തലയിലേറ്റി കൊണ്ടു വന്നായിരുന്നു മാർബിൾ കൊണ്ട് നിർമിച്ച ബുദ്ധ പ്രതിമ അവിടെ പ്രതിഷ്ഠിച്ചത് എന്ന് പറയപ്പെടുന്നു. 1940-കളിൽ താനൂരിലെ സാമൂഹ്യപ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു ഈ ആശ്രമം. കേളപ്പജി, സ്വാമി ആനന്ദതീർഥ,ഏ കെ കുമാരൻ മാസ്റ്റർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ സന്ദർശനത്തിനെത്തിയിരുന്നു ഈ ആശ്രമത്തിൽ. പന്തിഭോജനമടക്കമുള്ള അയിത്തോച്ചാടനപരിപാടികൾ, കോളറയ്‌ക്കെതിരേയുള്ള പ്രവർത്തനങ്ങൾ, പട്ടിണിക്കാർക്ക് അരിയെത്തിക്കാനുള്ള പിടിയരിപ്രസ്ഥാനം, ഭൂദാനപ്രസ്ഥാനം തുടങ്ങിയവയ്‌ക്കെല്ലാം ആശ്രമം വേദിയായി. എൺപതുകളിൽ ധർമസ്‌കന്ധയുടെ സമാധിയോടെ ആശ്രമം പതിയെ നിശ്ചലമായി