ജി.വി.എച്.എസ്.എസ് കൊപ്പം/എന്റെ ഗ്രാമം

22:04, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20015 (സംവാദം | സംഭാവനകൾ) (പ്രാദേശിക ചരിത്രം)

കൊപ്പത്തിന്റെ പ്രാദേശിക ചരിത്ര കുറിപ്പുകൾ

ജന്മി-കുടിയാൻ ബന്ധത്തിലധിഷ്ഠിതമായ സാമൂഹ്യക്രമം ആയിരുന്നു ഇവിടെ നിലനിന്നിരുന്നത്. ജന്മി കുടുംബങ്ങൾക്ക് പാട്ടംകൊടുത്തുകൊണ്ടും അവരുടെ മേധാവിത്വം അംഗീകരിച്ചുകൊണ്ടും മാത്രമേ ആദ്യകാലത്ത് സാധാരണക്കാരായ കൃഷിക്കാർക്കു ജീവിക്കുവാൻ കഴിയുമായിരുന്നുള്ളു. ആദ്ധ്യാത്മികതയുടെയും മണ്ണിന്റെയും അധിപരായിരുന്ന ജന്മിമാരുടെ മേധാവിത്തം കൃഷിക്കാരന്റെ അവകാശങ്ങളെ ഞെക്കിഞെരുക്കിയിരുന്നു. കാനം പള്ളത്ത് ശങ്കരൻനായർ സ്ഥാപിച്ച പുലാക്കുന്നത്ത് സ്കൂളായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ. നാട്ടെഴുത്തശ്ശൻമാർ എഴുത്തു പഠിപ്പിക്കുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. മുസ്ളീങ്ങൾക്കിടയിൽ ഓത്തുപള്ളിക്കൂടങ്ങളും ബ്രാഹ്മണസമുദായത്തിൽ സംസ്കൃത-വേദപഠനങ്ങളും നടന്നുവന്നിരുന്നു. ഈ പഞ്ചായത്തിലും നവോത്ഥാനപ്രസ്ഥാനങ്ങൾ ഉദയം കൊണ്ടിരുന്നു.നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.വള്ളുവനാട്ടിലാകെ ഈ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടായിരുന്നു.സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ പിന്നീടു വളർന്നുവന്ന ദേശീയ പ്രക്ഷോഭങ്ങൾക്ക് വേണ്ട ഊർജ്ജം പകർന്നു കൊടുത്തു. പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരിൽ പലരും പിൽക്കാലത്ത് സ്വാതന്ത്യസമര സേനാനികളായി മാറി.ഇക്കൂട്ടത്തിൽ പള്ളം,ആര്യപള്ളം എന്നിവർ മുൻപന്തിയിലുണ്ടായിരുന്നു.ഇതിനു മുമ്പുതന്ന എം.പി.ഗോവിന്ദമേനോനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇ.പി.ഗോപാലൻ ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്നിരുന്നു.അയിത്തോച്ചാടനം, മിശ്രഭോജനം, ക്ഷേത്രപ്രവേശനം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശവസ്ത്രബഹിഷ്ക്കരണം, ഉപ്പു കുറുക്കൽ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നവോത്ഥാന പ്രവർത്തകർ രാജ്യം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. പാട്ടക്കുടിയാൻമാരുടെ ദുരിതങ്ങൾക്കറുതി വരുത്താനായി നടത്തപ്പെട്ട ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങൾ ഉയർന്നുവരുന്ന സാഹചര്യമായിരുന്നു അന്നത്തേത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപാന്തരപ്പെട്ടപ്പോൾ മുതൽ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കാണാം. അധ്യാപക പ്രസ്ഥാനം, കർഷക പ്രസ്ഥാനം, കലാസമിതികൾ എന്നിവ ആ കാലത്താണ് ഉയർന്നുവന്നത്. നിർദ്ധന ജനങ്ങൾക്ക് ചികിൽസാസഹായങ്ങൾ നൽകിയിരുന്ന പുലാശ്ശേരിയിലെ കൊക്കോട്ടിൽ കൃഷ്ണൻനമ്പ്യാർ നാടൻ ചികിൽസാ സമ്പ്രദായങ്ങളനുസരിച്ച് ഒടിവ്, ചതവ്, മുറിവ് എന്നിവക്കായി ഉഴിച്ചിൽ നടത്തിയിരുന്നു. പുലാശ്ശേരിയിലെ കരുവാവിൽ കളരിയും, ആമയൂർ പുതിയ റോഡിലെ പണിയങ്ങാട്ടു പണിക്കരുടെ കളരിയും ആയോധന പരിശീലനത്തിനു വഴിയൊരുക്കിയിരുന്നു. ആദിദ്രാവിഡ സ്കൂൾ (1936 മാർച്ച്16) ഇപ്പോൾ പുലാശ്ശേരി ഗവ: വെൽഫയർ സ്കൂൾ ആയിമാറിയിരിക്കുന്നു. പ്രശസ്ത കവിയായിരുന്ന കരുവാൻതൊടി ശങ്കരനെഴുത്തശ്ശനും അദ്ദേഹത്തിന്റെ മരുമകൻ ഡോ കെ.എൻഎഴുത്തശ്ശനും ഈ പഞ്ചായത്തുകാരായിരുന്നുവെന്നത് അഭിമാനകരമാണ്.

കാർഷിക ചരിത്രം

മാമലകളും കുന്നിൻചെരിവുകളും തെങ്ങിൻതോപ്പുകളും ചന്തം ചാർത്തുന്ന കൊപ്പം പഞ്ചായത്തിലെ സസ്യശ്യാമളമായ നെൽവയലുകൾ കണ്ണിനും കരളിനും കൌതുകമുണർത്തുന്ന അനുഭൂതിയായിരുന്നു. പണ്ടുകാലത്ത് ആര്യൻ, തെക്കൻചീര, കഴമ, പൊന്നാര്യൻ, വെട്ടുകാരി, ചെങ്കഴമ, വട്ടൻ, വെളുത്തവട്ടൻ, മോടൻ, തവളക്കണ്ണൻ, ചിറ്റ്യനി, നവരം, തെക്കൻബീവി, വെള്ളക്കോലി, നെയ്ചീര തുടങ്ങി വൈവിധ്യമുള്ള നെല്ലിനങ്ങളും ചാമ, കോറ, എള്ള്, മുതിര തുടങ്ങിയ മറ്റ് ധാന്യങ്ങളും ധാരാളമായി കൃഷി ചെയ്തിരുന്നു. വാഴ, ഉഴുന്ന് തുടങ്ങിയവയുടെ കൃഷികളുമുണ്ടായിരുന്നു. കാളപൂട്ടുമൽസരം കൃഷിക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പണ്ടത്തെ കൃഷിക്കാർ അധ്വാനശീലരായിരുന്നു. ഗ്രാമത്തിലെ ഭൂരിഭാഗം ആൾക്കാരുടെയും മുഖ്യവരുമാനം കൃഷിയിൽ നിന്നായിരുന്നു. സ്വാതന്ത്യലബ്ധിക്കു മുമ്പുതന്ന പൊതുവിദ്യാഭ്യാസരംഗത്ത് കൊപ്പം പഞ്ചായത്ത് മുന്നേറിയിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്ന ഇവിടെ സ്കൂൾ നിലവിൽ വന്നിരുന്നു.അതിനുമുമ്പുതന്ന എഴുത്തുപള്ളിക്കൂടങ്ങളും, ഓത്തുപള്ളിക്കൂടങ്ങളും നടത്തപ്പെട്ടിരുന്നു. സംസ്കൃതവിദ്യാഭ്യാസവും ചില നമ്പൂതിരി കുടുംബങ്ങളിൽ നിലവിലുണ്ടായിരുന്നു.ദേശീയപ്രസ്ഥാനവും അതിന്റ ഭാഗമായ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളും കൊപ്പം പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്ത് നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാംസ്കാരിക ചരിത്രം

ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യൻ കുടുംബങ്ങളും മതസൌഹാർദ്ദത്തോടെ ജീവിക്കുന്ന അവസ്ഥയാണ് പഞ്ചായത്തിലുള്ളത്. വിവിധ മതവിഭാഗങ്ങൾക്ക് അവരുടേതായ ആരാധനാലയങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ ഇവിടെ തനതുകലകൾ നിലനിന്നിരുന്നു. പാനകളി, പൂതൻ, തിറ, ആണ്ടി, ചപ്പിപൂതം, പറപ്പൂതം, ചവിട്ടുകളികൾ, കൈകൊട്ടിക്കളി, തുമ്പിതുളളൽ, പരിചമുട്ടുകളി, കോൽക്കളി, കളമെഴുത്ത്, പുള്ളുവൻപാട്ട് തുടങ്ങിയ കലകളും പ്രചാരത്തിലുണ്ടായിരുന്നു. പണ്ട് കളരിപ്പയറ്റ്, ഓണത്തല്ല് തുടങ്ങിയ പ്രസിദ്ധമായ കലകൾ അരങ്ങേറിയിരുന്ന പ്രദേശമാണിത്. തലപ്പന്ത് കളിക്കാനും, പകിടകളിക്കാനും, ആട്ടക്കളത്തിനും പ്രചാരമുണ്ടായിരുന്നു. വില്ലുകൊട്ടാൻ താൽപര്യമുള്ളവരും ഉണ്ടായിരുന്നു. വാദ്യകലകൾക്ക് പ്രോൽസാഹനം നൽകുന്ന പ്രദേശമായിരുന്നു കൊപ്പം. പ്രശസ്ത സാമൂഹ്യപ്രവർത്തകരായിരുന്ന പള്ളത്തിന്റെയും, കെ.ജി മാസ്റ്ററുടെയും നേതൃത്വത്തിൽ സഞ്ചരിക്കുന്ന നാടകസംഘവും പ്രവർത്തിച്ചിരുന്നു. മുത്തിരങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവായ വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം മണ്ണേങ്ങോട് അരങ്ങേറിയിരുന്നു.അക്കാലത്തുതന്ന കെ.ദാമോദരന്റെ പാട്ടബാക്കി എന്ന നാടകവും, അന്നത്തെ ജന്മിനാടുവാഴിത്തത്തിനെതിരെയും, നമ്പൂതിരി മേധാവിത്വത്തിനെതിരെയും ജനങ്ങളെ സമരരംഗത്തേക്ക് ഇറക്കികൊണ്ടുവരാൻ സഹായിച്ചു. പള്ളം, ഇ.പി. ഗോപാലൻ എന്നിവർ നടൻമാരായിരുന്നു.1952-ൽ സ്ഥാപിക്കപ്പെട്ട് ആമയൂർ കലാസമിതി, പിന്നീട് 1968-ൽ കൊപ്പം കേന്ദ്രീകരിച്ച്, കൊപ്പം കലാനിലയം എന്ന സ്ഥാപനമായി മാറി. കൊപ്പം കലാനിലയത്തോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വായനശാല 1969-ൽ പള്ളം സ്മാരക വായനശാലയായി രൂപാന്തരപ്പെട്ടു. 1975-ൽ പ്രവർത്തനം നിലച്ച ഈ വായനശാല 85-ൽ പുനരാരംഭിച്ചു. കൊപ്പം ആർട്സ്&സ്പോർസ് ക്ളബ്ബ് ഗ്രന്ഥശാലയുമായി 1987-ൽ സംയോജിപ്പിച്ച പള്ളം സ്മാരക വായനശാലയ്ക്ക് കേരളഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പ്രദേശമാണ് കൊപ്പം ഗ്രാമപഞ്ചായത്ത്. കുന്നുകളും, ചരിഞ്ഞ പ്രദേശങ്ങളും താഴ്വാരകളും തുടർന്ന് പുരയിടങ്ങളും, വയലുകളും കാണപ്പെടുന്ന പഞ്ചായത്തിൽ 60% പ്രദേശത്തും വെട്ടുകൽ മണ്ണാണ്. രായിരനെല്ലുർ മല, മുക്കണ്ണൻമല, നെല്ലിക്കുന്ന്, ഏരുങ്ങോട്ടുകുന്ന് തുടങ്ങിയവയാണ് പ്രധാന കുന്നുകൾ. കീഴ്മുറി നീർത്തടം, ചിറക്കൽ തോട്, ആമയൂർ തോട്, വള്ളൂർ തോട്, വാൽപ്പറമ്പ്, കൈത്തോട് എന്നിവ നീർതട പ്രദേശങ്ങളാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, കശുമാവ്, റബ്ബർ, മരച്ചീനി, പച്ചക്കറികൾ, എന്നിവയാണ് പ്രധാന കൃഷികൾ. 35 കുളങ്ങൾ പഞ്ചായത്തിലുണ്ട്. ഇതിനുപുറമെ നീരുറവകളും, ചെറുചാലുകളും, ചിറകളും ജലസേചനത്തിനായി ഉപയോഗിക്കുന്നു. കാർഷികമൃഗസംരക്ഷണ മേഖലയുടെ സേവനത്തിനായി കൊപ്പത്ത് ഒരു കൃഷിഭവനവും മൃഗാശുപത്രിയും പ്രവർത്തിക്കുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ, പട്ടാമ്പി ബ്ളോക്ക് പരിധിയിലാണ് കൊപ്പം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1967 ലാണ് പഞ്ചായത്ത് രൂപീകരിച്ചത്്. 25.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് വിളയൂർ ഗ്രാമപഞ്ചായത്തും, കിഴക്ക് കുലുക്കലൂർ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളും, തെക്ക് ഓങ്ങല്ലുർ, പട്ടാമ്പി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് മുതുതല, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തുകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 10% വനമേഖലയാണ്. പഞ്ചായത്തിലെ ജനസംഖ്യ 32851 ആണ്. ഇതിൽ 17300 പേർ സ്ത്രീകളും 15551 പേർ പുരുഷൻമാരുമാണ്. പറയിപ്പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ ഐതീഹ്യത്താൽ പ്രസിദ്ധമായ രായിരനെല്ലുർ മല കൊപ്പം പഞ്ചായത്തിലാണ് ഉള്ളത്. മികച്ച സാക്ഷരതയുള്ള കൊപ്പം പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 96.71 ആണ്. ജനനമരണ നിരക്കുകൾ യഥാക്രമം 14.9% വും 8.2% ആണ് പഞ്ചായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കിണറുകളാണ് പഞ്ചായത്തിലെ മുഖ്യ കുടിനീർ സ്രോതസ്സ്. 6 പൊതുകിണറുകൾ ജനങ്ങൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. കൂടാതെ 1500 പൊതുകുടിവെള്ള ടാപ്പുകളും ഇവിടെയുണ്ട്. 2400 തെരുവുവിളക്കുകൾ പഞ്ചായത്തിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയിൽ 10 റേഷൻ കടകൾ പ്രവർത്തിക്കുന്നു. പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളായ മാവേലിസ്റോറും നീതിസ്റോറും ഓരോന്നു വീതം പഞ്ചായത്തിലുണ്ട്. വില്ലേജ് ഓഫീസും, വൈദ്യുതി ബോർഡ് ഓഫീസും കൊപ്പത്ത് പ്രവർത്തിക്കുന്നു. പട്ടാമ്പിയിലാണ് വാട്ടർ അതോറിറ്റിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. 5 തപാൽ ഓഫീസും, 3 കൊറിയർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 3 കല്യാണമണ്ഡപങ്ങളും, ഒരു കമ്മ്യൂണിറ്റിഹാളും പഞ്ചായത്തിലുണ്ട്. ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത് പുലാശ്ശേരിയിലാണ്. വൻകിട വ്യവസായങ്ങൾ കുറവായ ഒരു പഞ്ചായത്താണ് കൊപ്പം എങ്കിലും പരമ്പരാഗത വ്യവസായങ്ങളും, ചെറുകിട വ്യവസായങ്ങളും നിലനിൽക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങളായ ഹോളോബ്രിക്സ് നിർമ്മാണം, തീപ്പട്ടികമ്പനികൾ, സോഡാഫാക്ടറി എന്നിവ ഈ പഞ്ചായത്തിലുണ്ട്. ഇവ കൂടാതെ ക്രഷർ യൂണിറ്റ്, ഫർണ്ണീച്ചർ നിർമ്മാണം, ടയർ റീത്രെഡിംഗ്, മെറ്റൽ വർക്സ് എന്നിവയും പ്രവർത്തിക്കുന്നു. ലെയ്ത്തും, വുഡ്ലെയ്ത്തും അടങ്ങിയ ഒരു വ്യവസായ കോംപ്ളക്സും പഞ്ചായത്തിലുണ്ട്. പരമ്പരാഗത മേഖലയിൽ പപ്പടനിർമ്മാണം, അരിഷ്ടനിർമ്മാണം, സ്വർണ്ണപ്പണി എന്നിവപെടുന്നു. കൊപ്പത്ത് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഒരു പെട്രോൾ ബങ്ക് പ്രവർത്തിക്കുന്നുണ്ട്. കാനംപള്ളത്ത് ശങ്കരൻ നായർ സ്ഥാപിച്ച പുലാക്കുന്നത്ത് സ്കൂൾ ആയിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ. ഇതാണ് ഇന്നത്തെ ആമയൂർ നോർത്ത് എ.എൽ.പി. സ്കൂൾ. 1968-ലാണ് സർക്കാർ ഹൈസ്കൂൾ പഞ്ചായത്തിലുണ്ടായത്. സർക്കാർ മേഖലയിൽ ആമയൂർ നോർത്ത്, നടുവട്ടം, മേൽമുറി, പുലശ്ശേരി എന്നിവിടങ്ങളിൽ ഓരോ എൽ.പി. സ്കൂളുകൾ പ്രവർത്തിക്കുന്നു. എ.യു.പി. സ്കൂൾ ആമയൂർ സൌത്തിൽ സ്ഥിതിചെയ്യുന്നു. കൊപ്പത്താണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നത്. സ്വകാര്യ മേഖലയിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളും പഞ്ചായത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാപനമാണ് ദാറുൽ അത്ത്ഫാൽ കോളേജ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത്  കൊർദോവ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൊപ്പത്ത് പ്രവർത്തിക്കുന്നു. കരുണ ടി.ടി.സി. എന്ന സ്ഥാപനവും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ്. പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ ഒരു ശാഖ കൊപ്പത്ത് പ്രവർത്തിക്കുന്നു. സഹകരണ മേഖലയിലെ മറ്റൊരു സ്ഥാപനമാണ് കൊപ്പം സർവ്വീസ് സഹകരണ ബാങ്ക്. ധനലക്ഷ്മി ബാങ്കിന്റെ ഒരു ശാഖ കൊപ്പത്ത് പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്വകാര്യ മേഖലയിൽ ഒരു ധനകാര്യ സ്ഥാപനവും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലുടെ കടന്നുപോകുന്ന സംസ്ഥാനപാതകളാണ് പട്ടാമ്പി-പെരിന്തൽമണ്ണ റോഡും, ഒലവക്കോട്-വളാഞ്ചേരി റോഡും. പഞ്ചായത്തിൽ 35 കിലോമീറ്ററോളം പ്രധാനപ്പെട്ട റോഡുകളാണ് ഉള്ളത്. ജനങ്ങൾ റോഡ് ഗതാഗതത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പഞ്ചായത്തിന് 8 കി.മീ. അകലെയുള്ള പട്ടാമ്പിയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം  കൊച്ചി തുറമുഖമാണ്. സംസ്ഥാനപാത പഞ്ചായത്തിനുള്ളിലൂടെ കടന്നുപോകുന്നതു കൊണ്ട് പ്രധാന സ്ഥലങ്ങളിലേക്ക് പോകാൻ കൊപ്പത്ത് നിന്നു തന്നെ സാദ്ധ്യമാണ്. കൂടാതെ, കൊപ്പം പഞ്ചായത്ത് ബസ് സ്റ്റാന്റും യാത്രക്കാർ പ്രയോജനപ്പെടുത്തുന്നു. പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളോ, മാർക്കറ്റുകളോ, ചന്തകളോ ഇല്ലാത്ത ഇവിടെ ഷോപ്പിംഗ് കോംപ്ളക്സ് വിഭാഗത്തിൽപെടുത്താവുന്നത് കൊപ്പത്തെ മാക്സ് വെഡ്ഡിംഗ് സെന്റർ ആണ്. കൊപ്പം പഞ്ചായത്തിന് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ഉണ്ട്. ഹിന്ദുക്കളും, മുസ്ളിങ്ങളും അധിവസിക്കുന്ന പഞ്ചായത്തിൽ ക്രിസ്ത്യൻ വിഭാഗക്കാരും കുറവല്ല. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പുന്നറ ശിവക്ഷേത്രം, ഏറയൂർ ഭഗവതി ക്ഷേത്രം, വിളങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രം, പുലാശ്ശേരി അയ്യപ്പൻകാവ് എന്നിവയാണ് പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ. 5 മുസ്ളീം പള്ളികളും പഞ്ചായത്തിലുണ്ട്. എറയൂർ ഭഗവതി ക്ഷേത്ര ഉൽസവം, ശ്രീപുന്നറ ശിവരാത്രി, അയ്യപ്പൻ വിളക്ക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉൽസവങ്ങൾ. രായിരനെല്ലൂർ മലയിലെ ദേവീക്ഷേത്രത്തിൽ ദർശനത്തിനായി എല്ലാവർഷവും തുലാം മാസം ഒന്നാം തീയതി ഭക്തജനങ്ങൾ എത്താറുണ്ട്. സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച ഒട്ടേറെപേർ ഈ പഞ്ചായത്തിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരിൽ പലരും സ്വാതന്ത്യ്രസമരസേനാനികളായി. ഇക്കൂട്ടത്തിൽ പള്ളം, ആര്യാപള്ളം എന്നിവരുടെ പേരുകൾ ശ്രദ്ധേയമാണ്. പള്ളം ദമ്പതിമാർക്കൊപ്പം ഇ.പി.ഗോപാലനും സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്. പ്രശസ്ത കവി കുറുവാൻതൊടി ശങ്കരനെഴുത്തച്ഛനും, ഡോ.കെ.എൻ.എഴുത്തച്ഛനും ഈ പഞ്ചായത്തുകാർ ആയിരുന്നു. കലാസാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് പള്ളം സാംസ്കാരിക നിലയം. സ്വാതി സംഗീതകോളേജ്, ഫയർ ഡ്രോപ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ളബ് എന്നിവ കലാകായിക രംഗത്ത് നിലകൊള്ളുന്ന സംഘടനകളാണ്. പളളം സ്മാരക വായനശാലയാണ് കേരള ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേഷൻ ഉള്ള പഞ്ചായത്തിലെ ഗ്രന്ഥാലയം. ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. 1958-ലാണ് കൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രം നിലവിൽ വന്നത്. പി.എച്ച്.സി.യുടെ ഒരു ഉപകേന്ദ്രവും കൊപ്പത്ത് പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ ഒരു ആയൂർവേദ ആശുപത്രി നിലവിലുണ്ട്. ഇവ കൂടാതെ സ്വകാര്യ മേഖലയിൽ മൂന്ന് അലോപ്പതി ആശുപത്രികളും ഒരു ഹോമിയോ ക്ളിനിക്കും, ഒരു ദന്തൽ ക്ളിനിക്കും  പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.

പൊതു വിവരങ്ങൾ

ജില്ല : പാലക്കാട്
ബ്ളോക്ക് : പട്ടാമ്പി
വിസ്തീർണ്ണം : 25.7ച.കി.മീ
വാർഡുകളുടെ എണ്ണം : 17

ജനസംഖ്യ : 32851
പുരുഷൻമാർ : 15551
സ്ത്രീകൾ : 17300
ജനസാന്ദ്രത : 862
സ്ത്രീ: പുരുഷ അനുപാതം : 1087
മൊത്തം സാക്ഷരത : 96.71
Source : Census data 2001

പഞ്ചായത്ത് പ്രസിഡന്റുമാർ

1 കെ. പി. ഗോപാല മേനോൻ
2 ഇ. പി. നാരായണൻ നായർ
3 പി. കെ. വാസുദേവൻ മാസ്റ്റർ
4 നിസാർ റസാക്ക്
5 കെ. പി. പത്മിനി
6 എൻ . പി. മരക്കാർ
7 പി. ശങ്കരനാരായണൻ നായർ
8 ധന്യ.കെ.പി
9 സുമിത.പി
10 ഉണ്ണികൃഷ്ണൻ.ടി