വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം
എന്റെ നാട്
ഒട്ടേറെ സംഭവപരമ്പരകൾക്കും ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷിയായ ഒരു ഗ്രാമം തിരുവനന്തപുരം നഗരത്തിന് തെക്കുമാറി സ്ഥിതി ചെയ്യുന്നു-വെങ്ങാനൂർ.
മഹാത്മാ അയ്യങ്കാളിയുടെ നാട്
ഒരു നാടിന്റെ ചരിത്രം പറയുമ്പോൾ മനുഷ്യപ്രയത്നങ്ങളുടെ കഥകൾ ആവർത്തിക്കേണ്ടതായി വരും. അവിടെയെടുത്തു പറയേണ്ടത് ഈ നാടിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി വച്ച മഹാത്മാ അയ്യങ്കാളിയുടെ ചരിത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാടിയ ഒരു ജനതതിയുടെ നാടു തന്നെയായിരുന്നു വെങ്ങാനൂരും. ആ അനാചാരങ്ങൾക്കെതിരെ പോരാടിയ ആ മഹാത്മാവ് താഴേത്തട്ടിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹമധ്യത്തിലെത്തിച്ച് അറിവിന്റെ വാതായനങ്ങൾ അവർക്കുമുന്നിലും തുറന്നിടുവാനുള്ള വഴി കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരം ഓർമ്മകാണാതിരിക്കാൻ വകയില്ല. .വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതികുടീരവും നവോത്ഥാന തീർത്ഥാടനകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ്. ജാത്യാഭിമാന ബോധവും അസഹിഷ്ണുതയും വർഗീയചിന്തകളും മുമ്പില്ലാത്ത വിധം കേരളത്തിൽ തലയുയർത്തി വരുന്ന സാഹചര്യത്തിൽ വെങ്ങാനൂർ തീർത്ഥാടന പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്.
ഗാന്ധിജിയുടെ സന്ദർശനം
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി.
വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര
ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്.ശ്രീ നീലകേശി മുടിപ്പുരക്ഷേത്രത്തിനും തന്റെ ചരിത്രം പറയാനുണ്ട്.
വിഴിഞ്ഞം.തുറമുഖം
വെങ്ങാനൂരിന്റെ സമീപപ്രദേശമായ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം.കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്.
വിഴിഞ്ഞത്തെ ഗുഹാ ക്ഷേത്രം
ചരിത്രവും വിശ്വാസവും ഒരുപോലെ ഇഴചേർന്നുനിൽക്കുന്നയിടങ്ങളാണ് ഗുഹാക്ഷേത്രങ്ങൾ. ഇന്ത്യയിലെ മറ്റിടങ്ങൾപോലെ ഗുഹാക്ഷേത്രങ്ങൾ അത്രയധികം കണ്ടെത്തിയിട്ടില്ല കേരളത്തിൽ. പക്ഷേ കേരളത്തിൽ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുണ്ടാവും തിരുവനന്തപുരം വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം.