എ. എം. എം. ഹൈസ്കൂൾ ഓതറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്‍കൂളിന്റെ ചരിത്രം

1960കളിൽ ഓതറയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകളുടെ പ്രധാന തൊഴിലുകൾ കൃഷിയും കച്ചവടവും കൂലിപ്പണിയും ആയിരുന്നു. സർക്കാർ ശമ്പളക്കാരുടെ എണ്ണം അംഗുലീപരിമിതമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനത്തിന് ഒന്നും രണ്ടും കടത്തു കടന്നു ബഹുദൂരം നടന്നു പോകേണ്ടിയിരുന്ന കാലം. ആറ് രൂപ ഫീസും മൂന്ന് രൂപ പകുതി ഫീസും പോലും കൊടുത്തു പഠിപ്പിക്കുവാൻ നിർവ്വാഹം ഇല്ലാതിരുന്ന പ്രദേശം. ഫീസും, സ്പെഷ്യൽ ഫീസും അവധി ദിവസങ്ങളിൽ പണിയെടുത്തു അടച്ചിരുന്ന കുട്ടികൾ. സാമ്പത്തിക ക്ലേശം മൂലം ഹൈസ്കൂൾ വിദ്യാഭ്യാസം വേണ്ട എന്ന് പറഞ്ഞ് കൃഷിക്കും കൂലിപ്പണിക്കും മക്കളെ പറഞ്ഞു വിടുന്ന രക്ഷാകർത്താക്കൾ ഒരുവശത്ത്. അപ്പർ പ്രൈമറി ക്ലാസ് കഴിഞ്ഞ് ഹൈസ്കൂൾ പ്രവേശനത്തിന് സൗകര്യപ്രദവും ഔന്നത്യമുള്ളതും നല്ല നിലവാരം പുലർത്തുന്നതുമായ സ്കൂൾ തേടി ചെല്ലുമ്പോൾ "admission closed' എന്ന ബോർഡു കണ്ട് അതി ദുഃഖത്തോടെ മടങ്ങി പോന്നിട്ടുള്ള കുട്ടികളും മാതാപിതാക്കളും മറുവശത്ത്. ഇങ്ങനെ കുഞ്ഞുങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലുകൾ ഒന്നൊന്നായി അടഞ്ഞ സമയത്താണ് ഓതറ എബനേസർ മാർത്തോമ ഇടവക ഒരു ഹൈസ്കൂളിനുള്ള ശ്രമം ആരംഭിച്ചത്. ഇടവകയുടെ നിരന്തര പ്രയത്നം മൂലം1964-ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു . അഭിവന്ദ്യ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ പ്രാർത്ഥിച്ചു ക്ലാസ്സെടുത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമാധ്യാപകൻ ആയി ശ്രീ.എ.ജി. ജോസഫ്, അധ്യാപകരായി ശ്രീ. കെ .എ. കുര്യാക്കോസ്, ശ്രീമതിമാരായ തങ്കമ്മ കോശി , പി.ടി. ലീലാമ്മ, മോളിക്കുട്ടി ചെറിയാൻ, ലിസി സഖറിയ എന്നിവരും അനധ്യാപകരായി ശ്രീ റ്റി.വി. വറുഗീസും ശ്രീ.റ്റി.ജെ. ജോസഫും ആദ്യവർഷം നിയമിതരായി.

എബനേസർ ഇടവകാംഗങ്ങൾക്ക് വരിസംഖ്യ ഇട്ടും വീടുവീടാന്തരം കയറിയിറങ്ങി സംഭാവനകൾ സ്വീകരിച്ചുമാണ് പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചത്. ആലപ്പുറത്ത് ശ്രീ. എം .ജി. ജോർജ് ട്രഷറാറായും പനമൂട്ടുമണ്ണിൽ ശ്രീ പി.സി.ഈപ്പൻ, പൊയ്കയിൽ ശ്രീ. പി. സി. ഇട്ടി, ചെറുകാലിൽ ശ്രീ എം. എം. ചാക്കോ, തെക്കേതിൽ ശ്രീ. റ്റി. സി. എബ്രഹാം എന്നിവർ പണികൾക്ക് നേതൃത്വം നൽകി. ഓതറ എബനേസർ സഭയുടെ സന്മനസ്സും കൂട്ടു പ്രവർത്തനവും എന്നും സ്മരിക്കേണ്ടതാണ്.ഇ.എ.എൽ. പി സ്കൂളിന് തണൽ നൽകിയിരുന്ന എബ്രഹാം മാർത്തോമാ നട്ടുപിടിപ്പിച്ചു എന്ന് വിശ്വസിക്കുന്ന അഞ്ച് പടുകൂറ്റൻ ചൂള മരത്തിൻറെ നിൽപ്പും കാറ്റടിക്കുമ്പോൾ ഉള്ള സംഗീതാത്മകമായ ചൂളംവിളിയും ആരെയും പുളകം കൊള്ളിച്ചിരുന്നു. ഓരോ ചൂള മരവും ഓരോ ക്ലാസ്സുകാർക്ക് അവകാശപ്പെട്ടതായിരുന്നു. സ്കൂൾ കെട്ടിട നിർമ്മാണത്തോടെ ചൂള മരങ്ങൾ ഓർമ്മയായി മാറി. പൂർണ്ണ ഹൈസ്കൂൾ ആയതോടെ ക്ലാർക്ക് ആയി ശ്രീ.കെ.ജെ.വറുഗീസും അദ്ധ്യാപകനായി ശ്രീ. കെ. റ്റി. ഇട്ടിയും സേവനത്തിലായി. ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്നതിന് സ്കൂളിന് തെക്ക് താഴ് വരയിൽ നീർ ത്തോടിനോടടുത്ത് കിണർ കുഴിക്കുന്നതിന് സ്ഥലം സൗജന്യമായി തന്നു സഹായിച്ചത് പേടിയിൽ ശ്രീ. വറുഗീസ് ചാക്കോ (ഉണ്ണിച്ചായൻ) ആണ് . അദ്ദേഹത്തോട് സ്കൂൾ എന്നും കടപ്പെട്ടിരിക്കുന്നു.

പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. നല്ല ലബോറട്ടറിയോ, ലൈബ്രറിയോ, പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് അലമാരകളോ, കളിസ്ഥലമോ,കളിയുപകരണങ്ങളോ ഇല്ലാത്തതായിരുന്നു സ്കൂളിന്റെ പ്രാരംഭ ദശ. ഇതൊക്കെ ആയിരുന്നെങ്കിലും സയൻസ് ക്ലാസുകൾ കഴിവതും സയൻസ് റൂമിൽ വച്ച് എടുക്കുന്നതിനും വായനക്കുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തട്ടുതട്ടായി കിടന്നിരുന്ന കുന്നിൻ മുകളിലാണ് ഇപ്പോൾ കാണുന്ന നാല് പ്രധാനകെട്ടിട ങ്ങൾ നിർമ്മിച്ചത്. നാലുകെട്ടിനുള്ളിൽ ഉണ്ടായിരുന്ന അതികഠിനമായ ചീങ്ക സേവനവാര ആഴ്ചയിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് ഇളക്കിമാറ്റി എടുത്തതാണ് ഇപ്പോൾ കാണുന്ന നിരപ്പായ മുറ്റം. ഈ ദിവസങ്ങളിൽ കപ്പപ്പുഴുക്കും, കാന്താരിച്ചമ്മന്തിയും, കട്ടൻ കാപ്പിയും ഒക്കെ കുട്ടികൾ തന്നെ പാകം ചെയ്യുമായിരുന്നു .

ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി പിജി മേരിക്കുട്ടിയുടെഭർത്താവ് ശ്രീ കെ.എസ്.മാത്യുവിന്റെ സ്വാധീനം കൊണ്ടാണ് സ്കൂളിന് മാനദണ്ഡം അനുസരിച്ചുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് തന്റെ ബന്ധുവായ ഇടനാട് സ്വദേശി ശ്രീ പി സി ജോർജിനെ കൊണ്ട് നിർമ്മിച്ച് സംഭാവന ചെയ്യുവാൻ സാധിച്ചത്. ഫുട്ബോൾ കോർട്ടിന്റെയും ബാസ്ക്കറ്റ്ബോൾകോർട്ടിന്റെയും നിർമ്മാണപ്രവർത്തനങ്ങളിൽ ശ്രീ.അലക്സാണ്ടർ ജോസഫും, ശ്രീ ജോസഫ്.പി. ജോസഫും നേതൃത്വം നൽകി. കളി സ്ഥലങ്ങളുടെ ലഭ്യതയോടെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളികളുടെ മാമാങ്കമായി.

ആദ്യഘട്ടത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നിട്ടും പല കുട്ടികൾക്കും സ്ഥലപരിമിതി മൂലം എട്ടാം സ്റ്റാൻഡേർഡിൽ പ്രവേശനം നൽകാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടായിരുന്നു.

സമരം എന്ത് എന്ന് അറിയാത്ത വിദ്യാർത്ഥികൾ. യാതൊരു സമരത്തിലും പങ്കാളികളാകാത്ത അധ്യാപകർ. അവകാശത്തിൻറെ യഥാർത്ഥ ഉത്ഭവ സ്ഥാനം കടമയാണ്,കടമ പൂർണ്ണമായി നിറവേറ്റിയാൽ അവകാശങ്ങൾ തേടി പോകേണ്ടതില്ല എന്ന് വിശ്വസിക്കുന്ന ആചാര്യൻമാർ.ടീം സ്പിരിറ്റോടെ വ്യക്തികളെക്കാൾ സ്ഥാപനമാണ് വലുത് എന്ന ചിന്തയോടെ, സമർപ്പണ ബോധത്തോടെ, കർമ്മനിരതരായിരുന്നു എല്ലാ അധ്യാപകരും. സ്നേഹവും, കരുതലും, പങ്കിടലും, ആർദ്രതയും സുദൃഢമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചിരുന്നു. എസ്എസ്എൽസിക്ക് അവരവരുടെ ക്ലാസ്സിൽ ഉയർന്ന റിസൽട്ട് ലഭിക്കുന്നതിനുള്ള അധ്യാപകരുടെ മത്സരവും സ്പെഷ്യൽ ക്ലാസ് എടുക്കുകയും പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുകയും ചെയ്തിരുന്നു.

ഈ പ്രദേശത്തിൻറെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച സ്ഥാപനമാണ് ചൂളക്കുന്ന് സ്കൂൾ. അറിവിന്റെയും സംസ്കാരത്തിന്റെയും നീർച്ചാലുകൾ ഈ കുന്നിൻ മുകളിൽ നിന്നും പ്രദേശങ്ങളിലേക്ക് ഒഴുകിയതിന്റെ ഫലമായിട്ടാണ് അസൂയാവഹമായ പുരോഗതി ഈ പ്രദേശത്ത് ഉണ്ടായത്. സാമൂഹിക സാംസ്കാരിക രംഗത്തും, ശാസ്ത്ര സാങ്കേതികരംഗത്തും, രാഷ്ട്രീയത്തിലും, ആധ്യാത്മിക ഗോളങ്ങളിലും, സ്വദേശവിദേശങ്ങളിലും ഉന്നത ശ്രേണികളിൽ പ്രശോഭിക്കുന്ന അനേക വ്യക്തിത്വങ്ങൾക്ക് ജന്മം am നല്കുവാൻ ഈ സ്കൂളിനു കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്.