ഒരുമതൻ പാഠം പഠിപ്പിക്കുവാനിങ്ങു പ്രളയത്തിൻ രൂപത്തിൽ പ്രകൃതി നിന്നു. അകലങ്ങൾ പാലിച്ചു സൂക്ഷിക്കുവാനിതാ അണുവാം കൊറോണയായ് മാറി വന്നു. ഇരുളും വെളിച്ചവും പതിവുപോൽ വന്നു പോം ഇരവും പ്രഭാതവും തീർത്തു വച്ചു. നന്മയെക്കാണുവാൻ തിന്മയും വേണമെ- ന്നമ്മയയ് പാഠം പകർന്നു വച്ചു. അറിയുക മണ്ണിന്നടരിനെ , നീരിന്റെ അലിവിനെ , ആകാശ , വായുവിനെ അതിനോടു ചേർന്നു നിന്നരുമയായ് ജീവിതം ആനന്ദഭരിതമായ് തീർക്കുക നാം. എന്റെ പരിസ്ഥിതി എന്റേതു മാത്രമാ- ണെന്ന മന:സ്ഥിതി മാറ്റിവയ്‍ക്കൂ... നാളെകൾക്കും ജീവനാളം മുളയ്‍ക്കുവാൻ പ്രാണനെപ്പോൽ കാത്തുകാത്തു വയ്‍ക്കൂ... വൃത്തിയില്ലാത്ത മനസ്സും ശരീരവും എത്ര വിലപ്പെട്ടതായ് വയ്‍ക്കിലും ചത്ത ദേഹത്തിലണയിച്ച പൊന്നുപോൽ എത്രയോ നിഷ്‍ഫലം ! നിന്ദനീയം! സ്‍നേഹിക്ക പൂവിനെ , പുൽക്കൊടിത്തുമ്പിലെ നീഹാര വൈഡൂര്യ ചാരുതയെ, നീലക്കടലിന്നഗാധ സംഗീതത്തെ, നൂറായിരം ജീവതാളങ്ങളെ.... പഞ്ചഭൂതങ്ങളെ പാലിക്ക ,നെഞ്ചിലെ നേരുപോൽ ,നാളെകൾക്കായ് നമ്മളും നാവേറുപാടുക, നാടുണർത്തീടുക, നല്ല ശേഷിപ്പുകൾ വാണീടുക....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത