തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം‌-17

13:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (തഖ്‌വ എച്ച് എസ്അണ്ടത്തോട്/വിദ്യാരംഗം‌-17 എന്ന താൾ തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം‌-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.പ്രിൻസിപ്പാൾ പി പി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുട്ടികൾ സ്വന്തമായി രചിച്ച നാടൻ പാട്ടുകളും കഥകളും മാറ്റ്കൂട്ടി. ഉപന്യാസരചന,കവിതാരചന, കഥാരചന, വായന ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി സ്കൂളിൽ ആചരിക്കുന്നു.1909 മാർച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എൻ പണിക്കർ 1926-ൽ, ‘സനാതനധർമ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവൻ നൽകിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴിൽ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച പി.എൻ പണിക്കർ, 1995 ജൂൺ 19-ന് അന്തരിച്ചു. പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം. മലയാളിയോട് വായിക്കാൻ ഉണർത്തി വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോൾ, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയിൽ, വായനയെ പരിപോഷിപ്പിക്കാൻ സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കകത്ത് നിന്നും വായനയുടെ പുതിയ ലോകത്തേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരികയാണ് വിദ്യാരംഗം ചെയ്തു വരുന്നത്.വായനയിലൂടെ പകർന്നു കിട്ടുന്ന അറിവുകളിലൂടെ കുട്ടികൾക്ക് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.പുതുയുഗത്തിൽ കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളർത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. എഴുപതോളം കുട്ടികളാണ് വിദ്യാരംഗത്തിലുള്ളത്. 1994 ജൂലൈ 5-ന് അന്തരിച്ച വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം അനുസ്മരണം ജൂലൈ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. .മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് വൈക്കം തലയോലപ്പറമ്പിൽ ജനിച്ചു. (മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ,ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ട കഥ പറഞ്ഞ് കഥ പറഞ്ഞ് "ഇമ്മ്ണി ബല്ല്യ കഥാകാരനായി മാറിയ ബേപ്പൂർ സുൽത്താന്റെ , പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ നർമ്മത്തിന്റെ രസക്കൂട്ട് തീർത്ത് എഴുത്തിന്റെ മഹാ വിസ്ഫോടനം സാധ്യമാക്കിയ ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ആസ്വാദന കുറിപ്പ് എഴുതൽ, പ്രശ്നോത്തരി, ബഷീർ കൃതികളുടെ അവലോകനം എന്ന വിഷയത്തിൽ സെമിനാർ എന്നിവ നടന്നു. ചിങ്ങം ഒന്നിന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . കേരളത്തിലെ കാർഷിക വ്യവസ്ഥ എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. പുന്നയൂർക്കുളം പഞ്ചായത്തിലെ വർഷങ്ങളായി കൃഷി മാത്രം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചു വരുന്ന കർഷക ദമ്പതികളായ മുപമ്മദ്,അയിഷ എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ച പരിപാടിയിൽ കേരളത്തിന്റെ കാർഷിക സാധ്യതകളും അന്യസംസ്ഥാനങ്ങളോടുള്ള ആശ്രയവും ചർച്ച ചെയ്യപ്പെട്ടു. സെപ്റ്റംബർ 7 ന് ഒ.ചന്തുമേനോന്റെ ചരമദിനത്തിൽ അദ്ധേഹത്തിന്റെ നോവലുകൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനും , നാലാപ്പാട്ട് നാരായണമേനോന്റെ ജന്മദിനമായ ഒക്ടോബർ 7 ന് സ്കൂളിന് തൊട്ടടുത്തുള്ള അദ്ധേഹത്തിന്റെ ജന്മസ്ഥലം സന്ദർശിക്കാനും നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം നടത്താനും ഫെബ്രുവരി 2 ന് ജി .ശങ്കരക്കുറുപ്പിന്റെ ചരമദിനത്തിൽ അദ്ധേഹത്തിന്റെ കവിതകൾ ശേഖരിക്കാനും കവിയരങ്ങ് സംഘടിപ്പിക്കാനും , രാമപുരത്ത് വാര്യരുടെ ജന്മദിനമായ ഫെബ്രുവരി 13 ന് എട്ടാംതരത്തിലെ പാഠപുസ്തകത്തിലെ വഞ്ചിപ്പാട്ട് കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കണമെന്നും വിദ്യാരംഗം പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. [1]