സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/എന്റെ ഗ്രാമം

23:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

   എന്റെ ഗ്രാമം തൈക്കാട്ടുശ്ശേരി. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശം. പടിഞ്ഞാറ് ഭാഗം കൈതപ്പുഴ കായൽ, കിഴക്ക് വേമ്പനാട്ട് കായൽ, വടക്ക് കൈതപ്പുഴ കായലിനേയും, വേമ്പനാട്ട് കായലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പൂച്ചാക്കൽ തോട് തെക്ക് പളളിപ്പുറം പഞ്ചായത്ത് എന്നിവയാണ് അതിരുകൾ. വളരെ പണ്ട് കാലത്ത് തൈ കാടുകളാൽ നിറഞ്ഞ് നിന്നതുകൊണ്ട് തൈക്കാട്ടുശ്ശേരി എന്ന് വിളിച്ചു പോന്നെന്നും അതുമല്ല പുരാതന ബ്രാഹ്മണ കുടുംബമായ തൈക്കാട്ട് മനയുമായി ബന്ധപ്പെട്ടാണ് തൈക്കാട്ടുശ്ശേരി എന്ന് പേരുവന്നതെന്നാണ് ചില പഴമക്കാർ പറയുന്നത്. എന്ത് തന്നെ ആയാലും മണൽ കൂനകളും നാട്ടിൻ പുറങ്ങളിലെ പതിവ് കാഴ്ച തന്നെ ആയിരുന്നു. അങ്ങനെ മണൽ കൂനകൾ വെറുതെ ഉണ്ടായതുമല്ല. ഇന്ന് കാണുന്ന പാടശേഖരങ്ങൾ മിക്കവാറും മണൽ കൂനകൾ എടുത്ത് മാറ്റി സൃഷ്ടിച്ചവയാണ്. അവയിൽ കൃഷി ചെയ്താണ് പഴയ തലമുറയിൽ ഉണ്ടായിരുന്നവർ ജീവിച്ചിരുന്നത്. കയർത്തൊഴിലാളികളും, കർഷകരും, മത്സ്യത്തൊഴിലാളികളും നാടിന്റെ മുഖമുദ്ര തന്നെയാണ്.        അക്കാലത്ത് ഉള്ളവർ പരസ്പരം വിളിച്ചിരുന്നവർ പോലും ജാതി പേര് ചേർത്താണ്. ഇപ്പോൾ അതിനെല്ലാം വളരെ മാറ്റം വന്നിരിക്കുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നിലവിൽ വന്നത് 1951 കാലഘട്ടത്തിലായിരുന്നു. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അയ്യനാട്ട് പാറയിൽ പി കെ എബ്രഹാം തരകനായിരുന്നു. 72 ആണ്ടുകൾ പിന്നിട്ടപ്പോൾ 2022 ൽ ശ്രീ വിശ്വംഭരനിൽ എത്തി നിൽക്കുമ്പോൾ പതിനഞ്ച് വാർഡുകളിലായി 19287 ആണ് എന്റെ നാടിന്റെ തൈക്കാട്ടുശ്ശേരിയിലെ ജനസംഖ്യ.9609 പുരുഷൻമാരും 9680 സ്ത്രീകളുമാണ് 2001ലെ കനേഷുമാരി കണക്ക്. 13.82 ച: കി.മീ ചുറ്റളവുണ്ട് പഞ്ചായത്ത് ഏരിയ. സാക്ഷരതയുടെ കാര്യത്തിൽ 94% ഉണ്ട്. അത് കുറച്ചു കുടി വ്യക്തമാക്കിയാൽ 97% പുരുഷൻമാരും 89% സ്ത്രീകളുമാണെന്നർത്ഥം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിയും തൈക്കാട്ടുശ്ശേരി ഗ്രാമത്തിന്‌ സ്വന്തം. പരമ്പരാഗത  തൊഴിൽ മേഖലയായ പായ നെയ്തും കൈത്തറിയും ലോകപ്രശസ്തമായ കയറുല്പന്നങ്ങളും ഇന്നും പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും അന്യമാകാതെ നിലനിന്ന്‌ പോരുന്നു.    വിദ്യാലയങ്ങളും ആരാധാനാലയങ്ങളും ആശുപത്രികളും ഒരു പഞ്ചായത്ത് പ്രദേശത്തിനാവശ്യമായഎല്ലാ വിഭാഗം ഓഫീസുകളും പ്രവർത്തിക്കുന്ന എന്റെ നാടിന്റെ പ്രത്യേകത ഒരു താലൂക്കിലേക്ക് ആവശ്യമായ ജലവിതരണം നടത്തുന്ന ജപ്പാൻ കുടിവെള്ള സംഭരണിയും സ്ഥിതി ചെയ്യുന്ന ഗ്രാമം എന്ന പദവി കൂടി തൈക്കാട്ടുശ്ശേരിക്കുണ്ട്.പൂച്ചാക്കൽ പട്ടണത്തിൽ വാണിജ്യ ആവശ്യത്തിനായി മാർക്കറ്റും സ്ഥിതിച്ചെയ്യുന്നു. കലയുടെ കാര്യത്തിലും വളരെ മുന്നിലായിരുന്ന ഞങ്ങളുടെ നാട്. വളരെ പ്രശസ്തമായ കോൽക്കളി മലബാറിനെ വെല്ലുന്ന തരത്തിൽ 1928 ൽ മണപ്പുറത്തിന്റെ വടക്കൻ പ്രദേശമായ തേവർവട്ടം കേന്ദ്രമാക്കി കടവിൽ പറമ്പിൽ നാരയണൻ ആശാന്റെ നേതൃത്വത്തിൽ കടവിൽപറമ്പ് പുരയിടത്തിൽ ഇപ്പോഴും അരങ്ങ് തകർക്കുന്നു. ഇപ്പോൾ നാരായണൻ ആശാന്റെ ശിഷ്യൻമാരാണ്‌ ഇന്ന് സമിതി നടത്തി പോരുന്നത്. ചകിരി മാലയിൽ ആഭാരണങ്ങൾ തീർത്ത് അന്നത്തെ പ്രസിഡൻറായിരുന്ന ഗ്യാനി സെയിൽ സിംഗിൽ നിന്നും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും അവാർഡുകൾ വാങ്ങിയതും മണപ്പുറത്തിന്റെ ചുണക്കുട്ടി ആയിരുന്ന സ്വാമി പീതാംബരൻ ആചാര്യർ അവർകൾ ആയിരുന്നു. ലോകാനാധ്യനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠിച്ച ഗൗരി നാഥ ക്ഷേത്രം തൈക്കാട്ടുശ്ശേരി തന്നെ ആയത് ഏറെ അഭിമാനം ഉണ്ട്. മഞ്ഞപ്പിത്തത്തിന്റെ പരമ്പരാഗത ചികിത്സയും പാമ്പ് കടിയേറ്റ വർക്കുള്ള ചികിത്സയും നാടിന്റെ പ്രശംസ പിടിച്ചു പറ്റിയ പാരമ്പര്യ ചികിത്സയും എടുത്ത് പറയേണ്ട ഒന്നാണ്. ചില വിചിത്ര ഭാഷ ശൈലിയും നാട്ടിലുണ്ടായിരുന്നു. നീ എങ്ങാണ്ടാടി പോണേ(നീ ഏങ്ങോട്ടാടി പോകുന്നത് ) അങ്ങാട്ട് ചെല്ലംബം പേശാൻ നിക്കണ്ട(അങ്ങോട്ട് ചെല്ലുമ്പോൾ വഴക്കിടാൻ നിൽക്കേണ്ട) കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന തൈക്കാട്ടുശ്ശേരി നേരേകടവ് പാലം ഈ ഗ്രാമഭംഗി വിളിച്ചോതുന്നു. ഇന്ന് ലോക വിപണിയിൽ വളരെ മതിപ്പുള്ള സിലിക്ക മണൽ കൊണ്ട് സമ്പുഷ്ടമായതാണ് മണപ്പുറം എന്ന കര പ്രദേശം. വിദ്യാലയവും ആരാധനാലയവും മണപ്പുറം എന്ന കൊച്ചുഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഗ്രാമഭംഗി കൊണ്ട് ശ്രദ്ധേയമായ തൈക്കാട്ടുശ്ശേരി പഴയ ഫെറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോക ഭുപടത്തിൽ കുട്ടികൾക്കുള്ള പാർക്കുകളും ഒരുങ്ങാൻ പോകുന്നതോടെ എന്റെ നാട് കൂടുതൽ ശ്രദ്ധേയമാകുമെന്ന് തീർച്ച പ്പെടുത്താം.