ജി എൽ പി എസ് പാക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന പാക്കം പ്രദേശം വീരപഴശ്ശിയുടെ രണഭൂമിയും 1812 ലെ ഗോത്രവർഗ കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.കുറുമർ,കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് .1952 മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി 1957 ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്‌ളാസ്സുകളിലേക്കായി 62 കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു .

ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 1963 ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി .1990 ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് .

ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി.

2021 -2022 വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു.ഗോത്രവർഗവിദ്യാര്ഥികളാണ് എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഇവിടെ സേവനം ചെയ്തുവരുന്നു

വിദ്യാലയ പരിസരം ഒരു പാഠപുസ്തകം എന്ന ആശയം മുൻനിർത്തി ഇവിടെ ആരംഭിച്ച ജൈവവൈവിദ്ധ്യപാർക്ക് ,പച്ചക്കറിത്തോട്ടം,മുളങ്കാവനം [ബാംബൂ പാർക്ക്]എന്നിവയെല്ലാം ഈ വിദ്യാലയത്തെ മുൻപേ പറക്കുന്ന പക്ഷിയായി സമൂഹത്തെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു.

ഒരു കാലത്തു പുല്പള്ളിയുടെ ഒരു മൂലയ്ക്ക് ഒറ്റപെട്ടു കഴിഞ്ഞിരുന്ന പാക്കം പ്രദേശം കൂടൽകടവ് പാലം പണി തീർന്നതോടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഗ്രാമമായി മാറി കഴിഞ്ഞു.വയൽ വരമ്പിലൂടെ സ്കൂളിലേക്കുണ്ടായിരുന്ന നടപ്പാതകൾക്കു പകരം ടാറിങ് റോഡ് ആയി. S S A ഫണ്ട് ഉപയോഗിച്ച് കെട്ടിടംകെട്ടിടം നവീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ക്ലാസ്സ്മുറികളും ഒരുങ്ങുകയും ചെയ്തു.

സ്‌കൂളിന് 2007 ൽ നല്ല മൈതാനവും 2011 ൽ ഓഫിസ് കെട്ടിടവും നിർമ്മിച്ചു. വിവിധതരം ഔഷധ ചെടികളും പൂച്ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ച സ്കൂൾ ജൈവോദ്യാനം എടുത്തു പറയേണ്ട ഒന്നാണ്.സ്കൂൾ ഉച്ചഭക്ഷണത്തിനു സ്കൂളിൽ തന്നെ നട്ടു വളർത്തിയ പച്ചക്കറിവിഭവങ്ങൾ ഉപയോഗിച്ചുവരുന്നു നിറയെ അലങ്കാര മത്സ്യങ്ങൾ ഉള്ള അക്യുറിയവും ശലഭോദ്യാനവും കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ആകർഷകമായ സ്കൂൾ പരിസരവും ശിശുസൗഹൃദ അന്തരീക്ഷവും ഒരുക്കിയിരിക്കുന്നതിനാൽ ഹാജർ നിലഉയർത്താനും കൊഴിഞ്ഞു പോക്ക് തടയാനും സാധിച്ചിട്ടുണ്ട് പ്രഭാതഭക്ഷണം ഗോത്രസാരഥി,വിവിധ കളിയുപകരണങ്ങൾ മറ്റു വിനോദ ഉപാധികൾ എന്നിവയെല്ലാം ഒരുക്കിയതിനാൽ കുട്ടികൾ എല്ലാ ദിവസവും ക്‌ളാസ്സിലെത്തുന്നു.ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി KITE വഴി നൽകിയ ലാപ്ടോപ്പ് ഗോത്രവിദ്യാർത്ഥികൾക്കു ഏറെ പ്രയോജനം ചെയ്തു .സ്വാമിനാഥൻ ഫൌണ്ടേഷനും പുൽപള്ളി കൃഷി ഭവനും കൈകോർത്തു നടപ്പിലാക്കിയ ഔഷധോദ്യാനം സ്കൂളിനൊരു മുതൽക്കൂട്ടാണ്

കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം