ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എന്റെ നാട്... എന്റെ ചിറ്റൂർ...
കൊങ്ങൻപട
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. അമ്പാട്ട് തറവാട്, തച്ചാട്ട് തറവാട്, ചമ്പത്ത് തറവാട്, എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.
ശോകനാശിനിപ്പുഴ
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛന്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയിൽ കുളിച്ചാൽ ശോകം നശിക്കും എന്നുള്ള ഒരു ഐതിഹ്യം ഉള്ളത് കൊണ്ടാണ് ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ എന്ന് പേര് ഭാഷാപിതാവ് നൽകിയത്.
തുഞ്ചൻമഠം
ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത്. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി സ്ഥലമാണ് തുഞ്ചൻമഠം. എഴുത്തച്ഛന്റെ അവസാന നാളുകൾ അദ്ദേഹം ഇവിടെ ചെലവഴിച്ചുവെന്നും പിന്നീട് സമാധിയായി എന്നും വിശ്വസിച്ച് വരുന്നു. തുഞ്ചൻ മഠത്തിൽ ഭാഷാ പിതാവ് ഉപയോഗിച്ച എഴുത്താണിയും താളിയോലകളും ഇന്നും ചരിത്ര ശേഷിപ്പായി സൂക്ഷിച്ച് വരുന്നു. തമിഴ് നാടിന്റെ അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ സംഘകാല തമിഴിന്റെ സ്വാധീനം ഇവിടുത്തെ പ്രാദേശിക ഭാഷയിൽ കാണാൻ സാധിക്കും. ചിറ്റൂരിൽ ഇപ്പോഴുള്ള തുഞ്ചൻ മഠത്തിൽ വച്ചാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതെന്ന് വിശ്വസിച്ച് വരുന്നു. ഇന്നും ചരിത്രനാളുകളിൽ ചിറ്റൂരിന്റെ ഒരു ശേഷിപ്പുകളായി തുഞ്ചൻമഠം നിലനിൽക്കുന്നു. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്.
തുഞ്ചൻ സ്മാരക ലൈബ്രറി
ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു.
ഗവൺമെന്റ് ചിറ്റൂർ കോളേജ്
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
മിനി സിവിൽസ്റ്റേഷൻ
ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.