എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ
2018
പ്രേവേശനോത്സവം
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
പരിസ്ഥിതി ദിനം
പാരിസ്ഥിതിക പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ് സ്‌കൂൾ സ്റ്റുഡിയോയിൽ വച്ച് നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
വായനാദിനം
വായനയുടെ ലോകം ഡിജിറ്റൽ ലോകത്തിനു വഴിമാറി കൊണ്ടിരിക്കുന്ന നൂതന പ്രവണത തെല്ലൊന്നു വൈമനസ്യത്തോടെയാണെങ്കിലും ലോകം അംഗീകരിച്ചു കഴിഞ്ഞു. എങ്കിൽ പോലും വായനയിലൂടെ തലമുറകൾ നേടിയെടുത്ത അറിവുകളെ നമ്മുക്ക് വിസ്മരിക്കാനോ, തള്ളിക്കളയാനോ ആവില്ല. ഏത് ഡിജിറ്റൽ ലോകത്തിനും പകർന്നു തരാനാകാത്ത ഒരു നിർവൃതി അത് വായനയ്ക്ക് നൽകാനാകും എന്ന തിരിച്ചറിവ് വിദ്യാർത്ഥി സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന ഒരു വായനാദിനമായിരുന്നു വിദ്യാലയത്തിൽ ഇത്തവണ നടത്തപ്പെട്ടത്. സ്‌കൂളിലെ ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ് ലൈബ്രറിയിലേയ്ക്കും ഓരോ പുസ്തകം വീതം സംഭാവന ചെയ്തു. അന്നേ ദിനത്തിൽ അനുഗ്രഹീത സാന്നിദ്ധ്യമായി കുട്ടികളോടൊപ്പം ഉണ്ടായിരുന്ന SMI പ്രൊവിൻഷ്യൽ സി.കരോൾ പുസ്തകങ്ങൾ സന്തോഷത്തോടെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. വായന മരിച്ചിട്ടില്ല എന്ന പരമാർത്ഥം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ വായനാദിനത്തിന് സാധിച്ചു.
പുകയില വിരുദ്ധ റാലി
ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിലേക്കാണെന്ന തിരിച്ചറിയൽ സ്‌കൂൾ വർഷാരംഭത്തിൽ തന്നെ കൗമാരക്കാരായ ആൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.ട്രാഫിക് എസ്.ഐ ശ്രീ.സിജോ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. പുകയില ഉത്പ്പന്നങ്ങൾ മാനസികമായും ശാരീരികമായും എത്രമാത്രം തങ്ങളെ ബാധിക്കുമെന്നുള്ള ബോധ്യം കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു ഈ ക്ലാസ് . ക്ലാസിനു ശേഷം ഒരു രഹസ്യ സ്‌ക്വാഡ് രൂപീകരണവും നടക്കുകയുണ്ടായി.
ലഹരിക്ക് വിട
ബോധവത്ക്കരണ ക്ലാസ്
1.അധ്യാപക രക്ഷാകർതൃ സംഗമങ്ങൾ വിദ്യാഭ്യാസത്തിൽ മാറ്റി വയ്ക്കാൻ പറ്റാത്ത ഒന്നാണ്. അതിനാൽത്തന്നെ പി.റ്റി .എ ജനറൽ ബോഡി നടത്തപ്പെടുകയും കുട്ടികളുടെ സർവ്വോന്മുഖമായ ഉയർച്ചയ്ക്ക് ഉതകുന്ന നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.തദവസരത്തിൽ ശ്രീ. വിഷ്ണു ലോനാൻ ജേക്കബ് എന്ന ബഹുമുഖ പ്രതിഭയുടെ ക്ലാസ്സ് അത്യധികം പ്രയോജന പ്രദമായിരുന്നു.കുട്ടികളെ സാമൂഹ്യജീവി ആക്കുന്നതിൽ വിദ്യാലയത്തിനും കുടുംബത്തിനുമുള്ള പങ്ക് എന്ന വിഷയത്തിൽ അദ്ദേഹം നൽകിയ ക്ലാസ്സ് ഏവരുടെയും ചിന്തകളെ ഉണർത്തുന്നതായിരുന്നു. ഈ അവസരത്തിൽ റോഡ് സുരക്ഷയും, റോഡ് നിയമങ്ങളും എന്ന വിഷയത്തിൽ ട്രാഫിക് എസ്. ഐ ശ്രീ. ദീപു സർ ഒരു ബോധവ-ത്ക്കരണ ക്ലാസ്സ് നൽകി.രക്ഷകർത്താവെന്ന നിലയ്ക്ക് തങ്ങൾക്ക് സംഭവിച്ച വീഴ്ചകൾ തിരിച്ചറിയുന്നതിന് മാതാപിതാക്കൾക്ക് ഈ ക്ലാസ് ഏറെ സഹായകമായി.
2.പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ-തൊഴിലിന്റെ മാഹാത്മ്യം വിദ്യാർത്ഥി സമൂഹത്തിന് പകർന്നു നൽകികൊണ്ട് ജൂലൈ 6 ന് സ്‌കൂൾ പാർലമെന്റ് ദിനത്തിൽ കുട്ടികൾക്കായി ആലപ്പുഴ എസ്.ഐ ശ്രീ.ശിവകുമാർ സർ "പഠിക്കാം തൊഴിലിന്റെ പാഠങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ് നൽകി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയുടെ വാക്കുകൾ എങ്ങനെ സമകാലിക വിദ്യാഭ്യാസ ലോകത്തിന് എങ്ങനെ പ്രേയോജനപ്പെടുത്താം എന്ന ബോധ്യം നൽകുന്ന ക്ലാസ് ആയിരുന്നു നൽകപ്പെട്ടത്.
സ്വന്തന്ത്ര്യദിനാഘോഷങ്ങൾ
2018 ലെ സ്വതന്ത്ര്യദിനാഘോഷങ്ങൾഉദ്‌ഘാടനം ചെയ്തത് എ.ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ്. ഹെഡ്മിസ്ട്രസ് സി.ലിസി പതാക ഉയർത്തി. കുട്ടികളുടെ മാസ്ഡ്രിൽ, നൃത്തശില്പം, പെൺകുട്ടികളുടെ സൂമ്പ ഡാൻസ് എന്നിവയും നടത്തപ്പെട്ടു.
കുട്ടനാടിന് സാന്ത്വനമായി നല്ലപാഠം പ്രവർത്തകർ
പ്രളയം ഒരു മഹാദുരന്തമായി കേരളത്തെ തകർത്തെറിഞ്ഞപ്പോൾ കുട്ടനാടൻ ജനതയ്ക്ക് സഹായഹസ്തം നീട്ടാൻ തീരദേശവാസികളായ നമ്മുടെ വിദ്യാർത്ഥികൾ ശങ്കിച്ചുനിന്നില്ല. കിടപ്പാടം പോലും നഷ്ട്ടപ്പെട്ട് സ്ക്കുളുകളിലേയ്ക്ക് ചേക്കേറികൊണ്ടിരുന്ന കുട്ടനാട്ടുകാർക്ക് ഒരുലക്ഷം രുപയോളം വിലമതിക്കുന്ന ഭക്ഷണ സാമഗ്രികളും പുതിയ തുണിത്തരങ്ങളും നൽകുവാൻ സാധിച്ചു.സഹജീവിയുടെ വേദന സ്വന്തം വേദനയാണെന്ന് കണ്ട് ഒരു കരം പിടിക്കേണ്ടവരാണ് തങ്ങൾ എന്ന ഉത്തമബോധ്യം വിദ്യാർത്ഥികളിൽ ഉണ്ടായി.
പ്രളയത്തിലൊരു പാർപ്പിടം
ഭരതമുനി കളം വരച്ച കേരളം, പ്രകൃതി അതിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച ദൈവത്തിന്റെ സ്വന്തം നാടായ കേരളം അര നൂറ്റാണ്ടിനുശേഷം ഒരു മഹാ പ്രളയത്തിന് സാക്ഷ്യം വഹിച്ചു. നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞതും നിരവധിപേർക്ക് കിടപ്പാടം പോലും നഷ്ടപ്പെട്ടതും ഞെട്ടലോടെ കണ്ട കേരളജനത തങ്ങളുടെ മനസും കീശയും തുറന്ന് ഒറ്റ കെട്ടോടെ നിന്നപ്പോൾ പ്രളയം തകർത്ത ജീവിതങ്ങൾക്ക് അഭയമേകാൻ നമ്മുടെ സ്‌കൂൾ തുറന്നു നൽകി. 350 കുടുംബങ്ങൾക്ക് അന്തേവാസികളായി താമസസൗകര്യമൊരുക്കാനും സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സഹായമഭ്യർത്ഥിച്ച് അവർക്ക് എത്തിച്ചു നൽകുവാനും സാധിച്ചു. സഹജരുടെ നൊമ്പരം തങ്ങളുടെ സ്വന്തമെന്ന് കരുതി അവർക്ക് കൈത്താ- ങ്ങാകാൻ കുട്ടികളെ പ്രാപ്‌തരാക്കുവാൻ ഇത് പര്യാപ്‍തമായി.
അടൽ ലാബിന്റെ ഉദ്‌ഘാടനം
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.
വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
നിത്യവും നാം ഭക്ഷിക്കുന്ന പച്ചക്കറികൾ വിഷമയമാണ് എന്ന തിരിച്ചറിവിൽ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കുട്ടികൾ അത് നട്ടുവളർത്തി കിട്ടുന്ന ഫലം സ്കുളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടുത്തുവാൻ തിരുമാനിച്ചു.പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരുനതിനുള്ള ഒരു പുത്തൻ കാൽവെയ്പ്പായിരുന്നു ഇത്.
ആയോധനകല പരിശീലനം
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.
അധ്യാപക ദിനം
ആരോഗ്യ സെമിനാർ
ആരോഗ്യമല്ലാത്ത ഭക്ഷണശീലങ്ങൾ മനുഷ്യജീവിതത്തിന് വെല്ലുവിളിയാണെന്നുള്ള തിരിച്ചറിവിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഒരു ആരോഗ്യസെമിനാർ സംഘടിപ്പിക്കപ്പെട്ടു. ഭക്ഷണശീലവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.പദ്‌മകുമാർ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നൽകി.ഭാവി തലമുറയെ എത്രമാത്രം കരുതലോടെ വാർത്തെടുക്കാം എന്ന ബോധ്യം മാതാപിതാക്കൾക്കു നൽകാൻ ഈ ക്ലാസ് സഹായകമായി.
ശിശുദിനാഘോഷം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. അതോടൊപ്പം ബാംഗ്ലൂരിൽ നിന്നുള്ള സുമനസുകളായ ഒരു സംഘം ആളുകൾ സ്കൂളിൽ നിർദ്ധന വിദ്യർത്ഥികൾക്കായി ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് എന്നിവ വിതരണം ചെയ്‌തു.സാധ്യമായ ഇടങ്ങളിൽ നിന്നെല്ലാം തങ്ങളുടെ സഹപാഠികൾക്കായി സഹായം എത്തിച്ചു നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത് .
ഗാന്ധിജയന്തി വാരാഘോഷം
സ്വന്തം ജീവിതം സന്ദേശമായി നൽകിയ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2 ന് ആഘോഷിക്കപ്പെട്ടപ്പോൾ വിവിധങ്ങളായ പരിപാടികളാണ് ഒരാഴ്ചക്കാലം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയ ഗാന്ധിജിയോടുള്ള സ്നേഹവും, ആദരവും പ്രകടിപ്പിച്ചുകൊണ്ട് കുട്ടികൾ ഒരാഴ്ചക്കാലം പരിസരശുചിത്വം, ക്ലാസ്സ് റൂം ശുചിത്വം, സമീപപ്രദേശ ശുചീകരണം എന്നിവയ്ക്ക് നേതൃത്വം നൽകി. കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, പോസ്റ്റർരചന എന്നിവ സംഘടിപ്പിച്ചു.
സഹപാഠിക്കായ് ഭക്ഷണശാല
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാടകവേദിയൊരുക്കി ആതിഥേയത്വമരുളിയപ്പോൾ സ്‌കൂൾ അങ്കണത്തിൽ ഒരു ലഘു ഭക്ഷണശാല സ്കൂളിൽ ഒരുക്കുകയുണ്ടായി. നാടക പ്രേമികൾക്ക് തെല്ലൊരാശ്വാസം പകരാൻ ഇത് സഹായകമായി. ഒപ്പം സ്‌കൂളിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക് വീട് ഒരുക്കി നൽകാനുള്ള ധനസമാഹരണ ഉദ്ദേശ്യവും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഈ ലഘുഭക്ഷണശാലയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പാഠങ്ങളോടൊപ്പം സഹപാഠിയോടുള്ള കരുതലിന്റെ പാദങ്ങളും ഇതിൽ വ്യക്തമാണ്.
നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്
സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
സ്‌കൂൾ ബാൻഡ്
സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
സി.വി രാമൻ ദിനാചരണം
ഊർജ്ജസംരക്ഷണദിന റാലി
ഊർജ്ജ സംരക്ഷണം നാളെയുടെ അനിവാര്യതയാണ് ഈ സന്ദേശം സമൂഹത്തിനു പകർന്നു നൽകുന്നതിന് എസ്.എൻ കോളേജിലെ ഊർജ്ജ കിരൺ പദ്ധതിയുമായി സഹകരിച്ച് സ്‌കൂളിൽ ഒരു ഊർജ്ജസംരക്ഷണ റാലി സംഘടിപ്പിച്ചു. ഊർജ്ജ കിരൺ പദ്ധതിയുടെ കോ-ഓർഡിനേറ്റർ ശ്രീ.സനോ ഇതിന് നേതൃത്വം നൽകി.ഊർജ്ജ സംരക്ഷണം ഭാവിയെ എങ്ങനെ സുരക്ഷിതമാക്കുമെന്ന അവബോധം കുട്ടികളിൽ വളർത്താൻ ഇത് സഹായകമായി
ഇംഗ്ലീഷ് ലിറ്റററി വീക്ക്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലിറ്റററി വീക്ക് ആചരിച്ചു. കുട്ടികൾക്കായി പോസ്റ്റർ പ്രദർശനവും നടന്നു.
മെറിറ്റ് അവാർഡ്
ഹോമിയോപ്പതി ദിനാചരണം - സൗജന്യ മെഡിക്കൽ ക്യാമ്പ്
ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ: സാമുവൽ ഹാനിമാന്റെ 263- ാമത് ജന്മദിന വാർഷികവും, ലോക ഹോമിയോപ്പതി ദിനവും ഹോമിയോ വകുപ്പ് സമുചിതമായി ആഘോഷിച്ച-തിനോടനുബന്ധിച്ച് സ്‌കൂളിൽ വച്ച് ഒരു സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രോഗ നിർണ്ണയത്തോടൊപ്പം സൗജന്യ ഹോമിയോ മരുന്ന് വിതരണവും ലഭ്യമാക്കി. ഹോമിയോപ്പതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ പ്രവർത്തനത്തിന് കഴിഞ്ഞു.
ശുചിത്വവത്ക്കരണം - സൗന്ദര്യവത്ക്കരണം
സ്കൂൾ ശുചിത്വവത്ക്കരണത്തിന്റെ ഭാഗമായി സ്കൂളും, പരിസരപ്രദേശങ്ങളും സ്കൂളിന്റെ സമീപത്തുള്ള ദേവാലയ അങ്കണവും ശുചികരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു .
കൗമാര ബോധവത്ക്കരണത്തിനായി സഹവാസ ക്യാമ്പ്
കേന്ദ്ര ഗവൺമെന്റിന്റെ പ്രേത്യേക പദ്ധതി പ്രകാരം 8,9 ക്ലാസിലെ കുട്ടികൾക്കായി പ്രേത്യേക സഹവാസക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ, പ്രമുഖ ഡോക്ടേഴ്സ്, നഴ്‌സസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. കൗമാര കാലഘട്ടം എത്രത്തോളം പ്രാധാന്യമേറുന്നതാണെന്നും ഈ കാലഘട്ടത്തിൽ എന്തെല്ലാം കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധാലുക്കളാകണമെന്നും ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. സ്‌കൂൾ ബാഗ്, നോട്ട് ബുക്കുകൾ എന്നിവ കുട്ടികൾക്കായി നൽകുകയും ചെയ്തു.