ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ

1.സ്കൂൾ റേഡിയോ (മഷിത്തണ്ട് )

കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി ഈ രണ്ട് പ്രോഗ്രാമുകൾ നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..

സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു... അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ, പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു...


ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു പിന്നീടുള്ള കടമ്പ.. കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും സ്വീകരിച്ച് മഷിത്തണ്ട്എന്ന പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു... വിവിധ ദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ തയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്... അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു..

2. വാർത്താ ചാനൽ  

വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ  നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു...

        കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പഠനത്തിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ആവശ്യപ്പെടുന്ന സമയങ്ങളിൽ ഒരു അല്പം വിനോദത്തിനും, അതിലുപരി അവരുടെ സജീവമായ സാന്നിധ്യം  വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നതിനുമായി ഈ പ്രവർത്തനത്തെ ഞങ്ങൾ കണ്ടു...

           സ്റ്റാഫ് കൗൺസിൽ രൂപം കൊണ്ട ആശയത്തെ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്.. സ്കൂളിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഇത്തരമൊരു ആശയം ഷെയർ ചെയ്യുകയും , ഇതിനു സന്നദ്ധനായ കുട്ടികളുടെ സാന്നിധ്യം ക്ഷണിക്കുകയും ചെയ്തു... അങ്ങനെ ഇരുപതോളം കുട്ടികൾ തയ്യാറായി വന്നു... അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും, ദിവസേനയുള്ള വാർത്തകൾ അവരിലേക്ക് എത്തിക്കുന്നതിനു മായി പ്രസ്തുത വാട്സപ്പ് ഗ്രൂപ്പ് ഉപയോഗിച്ചു... കുട്ടികളുടെ കൂടി നിർദ്ദേശങ്ങൾ സ്വീകരിച്ച് വാർത്താ ചാനലിനു വേണ്ടി ഒരു ലോഗോ തയ്യാറാക്കുകയും, ഉചിതമായ ഒരു പേര് കണ്ടെത്തുകയും ചെയ്തു... എല്ലാ അധ്യാപകരുടെയും പൊതു അഭിപ്രായം മാനിച്ച് VOICE OF GUPS MUZHAKKUNNUഎന്ന പേര് വാർത്താ ചാനലിനായി സ്വീകരിക്കപ്പെട്ടു..ഈ പ്രവർത്തനത്തിൽ എല്ലാ അധ്യാപകരുടെയും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമാണ്..

          ലോഗോ പ്രകാശനം, ചാനലിന്റെ പേര് അറിയിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ നിർവഹിക്കപ്പെട്ടു... കുട്ടികൾ അവരുടെ വീടുകളിൽ ഷൂട്ട് ചെയ്യുന്ന വീഡിയോകൾ,  അവ എഡിറ്റ് ചെയ്യുന്ന അന്ന് അധ്യാപകരുടെ വാട്സപ്പ് നമ്പറുകളിലേക്ക് അയയ്ക്കുകയും, ലോഗോ പേര് തുടങ്ങിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് ആകർഷകമാക്കി അവ അവ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു... ഈ പ്രവർത്തനം രണ്ടു വർഷത്തിലധികമായി വിജയകരമായി സംപ്രക്ഷേപണം ചെയ്തു വരുന്നു...

            ഇതുവരെയായി 350ലധികം വീഡിയോകൾ jijo tech എന്ന  യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.... മുഴക്കുന്ന് ഗവൺമെൻറ് സ്കൂളിന്റേതായ ഒരു മുഖമുദ്ര ഈ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നു എന്ന് സമൂഹത്തിൽ ഏകാഭിപ്രായം ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്... കൈൻ മാസ്റ്റർ എന്ന വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ ആണ് ഇതിന് ഉപയോഗിച്ച് വരുന്നത്.. അധ്യാപകരെ പോലെ തന്നെ എഡിറ്റിങ്ങിന് മിടുക്കരായ കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ വളർന്നു വന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും... രക്ഷിതാക്കൾക്കിടയിലും, പൊതുജനങ്ങൾക്കിടയിലും അവരുടെ കുട്ടികൾക്ക് സ്കൂളിൽ നിന്നും നല്കപ്പെടുന്ന ഇത്തരം ഡിജിറ്റൽ അവസരങ്ങളെ ഓർത്ത്  ഒരു സ്നേഹാഭിപ്രായം രൂപപ്പെട്ടു എന്നത് നിസ്തർക്കമായ കാര്യമാണ്....

           പൊതു അധ്യയനം  ആരംഭിച്ചതിനുശേഷം എണ്ണത്തിൽ കുറവുണ്ടായെങ്കിലും , പ്രസ്തുത പ്രവർത്തനം വിവിധ അവസരങ്ങളിലായി പല കുട്ടികളിലൂടെ നിർവഹിക്കപ്പെട്ടു വരുന്നു... ഭാവിയിലെ മികച്ച വാർത്താ അവതാരകർ ആയിത്തീരുന്നതിനുള്ള ഒരു മികച്ച പരിശീലന കളരിയായി ഈ പ്രവർത്തനത്തെ ഞങ്ങളുടെ അധ്യാപകരും, കുട്ടികളും രക്ഷിതാക്കളും കാണുന്നു.... വ്യത്യസ്ത മാർന്നതും ,നൂതനവുമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും, അത് നിർവഹിക്കുന്നതിലും മുഴക്കുന്ന് ഗവൺമെന്റ് യു.പി.സ്കൂൾ ഒരു പടി മുന്നിലാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും...



ഷോർട് ഫിലിം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം