ജി.യു.പി. സ്കൂൾ പൊന്മള/എന്റെ ഗ്രാമം
പ്രദേശത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
പൊന്ന് വിളയുന്ന ഗ്രാമം എന്ന അര്‍ത്ഥത്തില്‍ “പൊന്‍മുള” എന്ന് അറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ, പില്‍ക്കാലത്ത് “പൊന്‍മള”യായിത്തീര്‍ന്നത്. ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിനാസ്പദമെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തില്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങള്‍. സാമൂതിരി രാജാവും അദ്ദേഹത്തിന്റെ സാമന്തന്‍മാരുമായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ഭൂസ്വത്തുക്കളില്‍ ഭൂരിപക്ഷവും സാമൂതിരി കോവിലകം, കിഴക്കേകോവിലകം, വടക്കത്തുമന, പുല്ലാനിക്കാട്ട് മന തുടങ്ങിയ ജന്മികുടുംബങ്ങളും, പൊന്‍മളദേവസ്വവും ചേര്‍ന്നു കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഈ പ്രദേശത്തെ ജന്‍മി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം ബ്രിട്ടീഷ് ആധിപത്യത്തിനു തൊട്ടുമുമ്പുവരെ സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. പൊന്‍മളയുടെ ചില ഭാഗങ്ങള്‍ അന്നത്തെ ഗ്രാമ മുന്‍സിഫായിരുന്ന ചണ്ണഴി ഇല്ലത്തെ കുമാരന്‍ മൂസ്സത് എന്നയാളുടെ അധികാരപരിധിയിലായിരുന്നു. രാജഭരണത്തിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയുടെയും, ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെയും കയ്പുനീര്‍ ഏറെ കുടിച്ചവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബഹുഭൂരിപക്ഷം ഗ്രാമീണരും ദാരിദ്യ്രത്തിന്റെയും വറുതിയുടെയും തടവുകാരായിരുന്നു. കാര്‍ഷികമേഖല മാത്രമായിരുന്നു ഏക വരുമാനമാര്‍ഗ്ഗം. ജന്മി-നാടുവാഴി സവര്‍ണ്ണക്കൂട്ടവും, കീഴാള അടിസ്ഥാനവര്‍ഗ്ഗവും എന്ന രണ്ടു തട്ടുകളിലായാണ് അന്നത്തെ സമൂഹഘടന വിഭജിക്കപ്പെട്ടിരുന്നത്. ജന്മിമാരുടെ പാട്ടക്കുടിയാന്‍മാരും അടിയാന്‍മാരുമായ കര്‍ഷക തൊഴിലാളികളായിരുന്നു ഭൂരിപക്ഷസാധാരണ ജനത. ഇടത്തരക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ദാരിദ്യ്രത്തിലും അജ്ഞതയിലുമായിരുന്നു ജീവിച്ചിരുന്നത്. 1921-ഏപ്രില്‍ മാസത്തില്‍ മഞ്ചേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ മലബാര്‍ ജില്ലാ സമ്മേളനത്തിന്റെ തീരുമാനപ്രകാരം കൂരിയാട് പ്രദേശത്ത് ഖിലാഫത്ത് കമ്മിറ്റി നിലവില്‍ വന്നു. ടി.എസ്.അബ്ദുള്ളക്കോയ തങ്ങളായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍. 1930-കളുടെ അവസാനത്തിലാണ് ഈ പ്രദേശത്ത് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. അക്കാലയളവിലാണ് പഞ്ചായത്തിലെ കൂരിയാട് പ്രദേശത്ത് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1937-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും, എ.വി.കുട്ടിമാളു അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. ചേങ്ങോട്ടൂര്‍, പൊന്‍മള പ്രദേശങ്ങളില്‍ ജന്‍മിമാരുടെ നിരവധി അക്രമപിരിവുകള്‍ക്കും ഒഴിപ്പിക്കലിനുമെതിരെ കൃഷിക്കാര്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തുകയുണ്ടായി. സാധാരണ ജനതയെ അനാചാരങ്ങളില്‍ തളച്ചിട്ട നാടുവാഴി സവര്‍ണ മേധാവിത്വത്തിനെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ചേങ്ങോട്ടൂര്‍, പൊന്‍മള പ്രദേശങ്ങളില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ ശക്തമായി രംഗത്തു വന്നു. മണ്ണഴി ശിവക്ഷേത്രം, പൊന്‍മള ശിവക്ഷേത്രം, എന്നീ ആരാധനാലയങ്ങളില്‍ പ്രവേശിക്കാനോ, ക്ഷേത്രക്കുളത്തില്‍ കുളിക്കാനോ, ക്ഷേത്രത്തിന്റെ മുമ്പിലുള്ള പൊതുവഴിയിലൂടെ നടക്കാനോ പിന്നോക്ക സമുദായക്കാര്‍ക്കു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈ അവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയപര്യവസാനിയായിരുന്നു. ഗ്രാമീണ ജനതയെ അവകാശബോധമുള്ളവരും, ദേശീയബോധമുള്ളവരുമാക്കി തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച രണ്ടു സ്ഥാപനങ്ങളാണ് മണ്ണഴി ബാപ്പുജി സ്മാരക വായനശാലയും പൊന്‍മള പൊതുജന വായനശാലയും. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അക്ഷരം അന്യമായിരുന്നു. നിലത്തെഴുത്തു കേന്ദ്രങ്ങള്‍ മാത്രമായിരുന്നു അക്ഷരവിദ്യ പകര്‍ന്നു നല്‍കിയിരുന്ന സ്ഥാപനങ്ങള്‍. വരേണ്യകുടുംബത്തിലുള്ളവര്‍ കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായിരുന്നു വിദ്യ നേടിയിരുന്നത്. പഞ്ചായത്തില്‍ സ്ഥാപിതമായ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസകേന്ദ്രം ചാപ്പനങ്ങാടി ജി.എല്‍.പി.സ്കൂളാണ്. തുടര്‍ന്ന് ആക്കപറമ്പ് എ.എം.എല്‍.പി യും നിലവില്‍വന്നു. പഞ്ചായത്തിലെ മുഖ്യറോഡായ വട്ടപ്പറമ്പ്-മണ്ണഴി റോഡിന്റെ നിര്‍മ്മാണം നാട്ടുകാരുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. 1930-ല്‍ ഒളകര കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഈ റോഡുനിര്‍മ്മാണം നടന്നത്. പൊന്‍മളയിലെ ആദ്യകാല പൊതുപ്രവര്‍ത്തകനായിരുന്ന ശ്രീധരന്‍ നമ്പീശന്‍, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന “നേവികലാപ”ത്തില്‍ പങ്കെടുത്തതിനു ഇന്ത്യന്‍ നേവിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട വ്യക്തിയായിരുന്നു. 1960-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തിയാണ് പൊന്‍മളയിലെ വായനശാലക്ക് ശ്രീധരന്‍ നമ്പീശന്‍ വായനശാല എന്ന് നാമകരണം ചെയ്തത്. പൊന്‍മളയില്‍ നിന്നും ധാരാളം പേര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരില്‍ പ്രധാനികളായിരുന്നു ഉണ്ണന്‍, വേലായുധന്‍നായര്‍, ഹംസ, ഉണിച്ചുണ്ടന്‍ തുടങ്ങിയവര്‍. വളരെ പുരാതനമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് പഴയ റീസര്‍വ്വെയില്‍ കാഞ്ഞിരപ്പള്ളി എന്ന പേരില്‍ തന്നെ സബ്ഡിവിഷന്‍ ചെയ്തിട്ടുള്ള കാഞ്ഞിരപ്പള്ളി ജാറം-ചിറ. പൊന്‍മള, കോല്‍ക്കളം, ചേങ്ങോട്ടൂര്‍ എന്നീ സ്ഥലങ്ങളിലെല്ലാം കാളപൂട്ടു മത്സരങ്ങള്‍ നടന്നിരുന്നു. ഗ്രാമീണ ജനതയെ ദേശീയ ബോധമുള്ളവരാക്കിതീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച സ്ഥാപനമാണ് ബാപ്പുജി സ്മാരക വായനശാല. ഭവദാസന്‍ നമ്പൂതിരിപ്പാട്, പി.വി.കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ ഈ വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരുമായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനം കോല്‍ക്കളം ഐക്യനാണയ സംഘമായിരുന്നു.
സാംസ്കാരികചരിത്രം
“അമരകോശം” രചയിതാവും സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദാചാര്യനുമായിരുന്ന വൈദ്യവാചസ്പതി പരമേശ്വരന്‍മൂസ്സത് പൊന്‍മള സ്വദേശിയായിരുന്നു. പ്രശസ്ത നിയമപണ്ഡിതനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന കൃഷ്ണന്‍ മൂസ്സത് പൊന്‍മള ചണ്ണഴികുടുംബാംഗമാണ്. സുപ്രീം കോടതി ജഡ്ജിയായിരുന്ന ബാലകൃഷ്ണന്‍ ഏറാടി കൃഷ്ണന്‍ മൂസ്സതിന്റെ പുത്രനാണ്. മലയാളനോവല്‍ സാഹിത്യരംഗത്തെ പ്രതിഭാധനനായ കെ.കെ.കുരിയാടും ഈ നാട്ടുകാരനാണ്. ഗ്രാമത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ളീങ്ങളാണ്. ഹിന്ദുക്കളും നല്ലൊരു ശതമാനമുണ്ട്. കൂടാതെ വിരലിലെണ്ണാവുന്ന ക്രിസ്തീയ കുടുംബങ്ങളുമുണ്ട്. 1912-ല്‍ ചാപ്പനങ്ങാടിയില്‍ സ്ഥാപിച്ച ജി.എം.എല്‍.പി.എസ് ആണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥാലയങ്ങളും, വായനശാലകളും, കായിക ക്ളബുകളും, മഹിളാസംഘങ്ങളും ഗ്രാമത്തിന്റെ സാംസ്കാരികവികസനത്തെ ത്വരിതപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പൊന്‍മളയിലെ ശ്രീധരന്‍ നമ്പീശന്‍ സ്മാരകവായനശാലയും, മണ്ണഴിയിലെ ബാപ്പുജിസ്മാരക വായനശാലയും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. 1951-ല്‍ ബാപ്പുജി സ്മാരക വായനശാലയും 1953-ല്‍ ശ്രീധരന്‍ നമ്പീശന്‍ സ്മാരക വായനശാലയും സ്ഥാപിതമായി. ചേങ്ങോട്ടൂര്‍ ദേശത്തെ മണ്ണഴിയിലുളള പി.വി.കൃഷ്ണന്‍ നായര്‍, ഒ.രാമന്‍കുട്ടി മാസ്റ്റര്‍, കെ.സി.കൃഷ്ണന്‍ നായര്‍, പുല്ലാനിക്കാട് മനയിലെ ഭവദാസന്‍ നമ്പൂതിരിപ്പാട്, എം.മയാണ്ടി വൈദ്യര്‍ എന്നിവരെല്ലാം ബാപ്പുജി സ്മാരക വായനശാലയുടെ സ്ഥാപകരും അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരുമായിരുന്നു. പഞ്ചായത്തില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട മുസ്ളീംപള്ളി ചാപ്പനങ്ങാടി ജുമാഅത്ത് പള്ളി ആണ്. പഞ്ചായത്തിലെ ആദ്യത്തെ മഹിളാ സമാജം പ്രവര്‍ത്തിച്ചു തുടങ്ങിയത് പൊന്‍മള പ്രദേശത്തായിരുന്നു. കുഞ്ഞിഖദീജ ടീച്ചര്‍, കുമ്മിണിടീച്ചര്‍ എന്നിവരായിരുന്നു മഹിളാസമാജത്തിന്റെ ആദ്യകാല സംഘാടകര്‍. ചാപ്പനങ്ങാടിയിലെ മുസ്ളീം മതപണ്ഡിതനും ആത്മീയനേതാവുമായ ബാപ്പു മുസ്ള്യാരും, മുസ്ളീം മതപണ്ഡിതരായ മച്ചിങ്ങലത്ത് കുഞ്ഞയമുട്ടി മുസ്ള്യാരും, കുരിയാട് തേനു മുസ്ള്യാരും പൊന്‍മള പഞ്ചായത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിച്ച വ്യക്തികളാണ്. പൊന്‍മള അമ്പലവട്ടത്തുള്ള പൊന്‍മള ശിവക്ഷേത്രവും, മണ്ണഴി ശിവക്ഷേത്രവും വളരെ പൌരാണികമായ ദേവാലയങ്ങളാണ്.