Kite:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തർദേശീയ നിലവാരത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വർഷത്തിനകം പൊതുവിദ്യാലയങ്ങളിൽ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈൻ സൃഷ്ടിച്ചതിന് ശേഷം 2017 ജൂൺ മുതലുള്ള അക്കാദമിക വർഷത്തെ സ്കൂൾതല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാർച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങൾ (Kerala Education Missions Agenda 2021) നിർവചിക്കും.

നിർവഹണം

പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയർത്തുന്നതിന് തെരെഞ്ഞെടുത്ത 1000 ഹയർസെക്കൻഡറി വിദ്യാലയങ്ങൾ ‘ഹൈടെക്’ ആക്കും. ഇവയെ ഹബ്ബുകൾ (Hub) ആക്കുകയും, ഇവയെ കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റ് പൊതുവിദ്യാലയങ്ങളെ സ്പോക്കുകൾ (Spoke) ആയും കണ്ട് 2017 ജൂൺ മുതൽ 2021 മാർച്ച് വരെ ICT ഉപയോഗിച്ചുള്ള പഠന-ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. നാല് അക്കാദമിക വർഷങ്ങൾ കൊണ്ട് മിഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുതകുന്ന രീതിയിലായിരിക്കും പഠനരീതി ആവിഷ്കരിക്കുക. പഠന-ബോധന പ്രവർത്തനങ്ങളിൽ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യത്യാസങ്ങളില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ, വിഷ്വൽ, ഓഡിറ്ററി & കൈനെസ്തെറ്റിൿ (Visual, Auditory & Kinesthetic) അനുഭവങ്ങൾ പകരുന്ന ഒരു പഠനരീതി ആയിരിക്കും ആവിഷ്കരിക്കുക. ഈ അക്കാദമിക പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരു സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി 5 വർഷത്തിനകം വികസിപ്പിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാവർക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ പരിശീലനത്തിനും സംരംഭകത്വശേഷി വികസനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങൾ ഉറപ്പാക്കും.