അതിരാവിലെ ആനന്ദ് ഉണർന്നത് നിർത്താതെയുള്ള ഫോൺ വിളി കേട്ടിട്ടാണ്. ബോസാണ്. "ഗുഡ് മോർണിംഗ് സർ. " "ഗുഡ് മോർണിംഗ്.ഇന്ന് തന്നെ ചെയ്തു തീർക്കാനുള്ള കുറച്ചു പേപ്പർ വർക്സ് ഞാൻ അയക്കാം. കംപ്ലീറ്റ് ദിസ് ടുഡേ."
"യെസ് സർ." ഇതിപ്പോ വർക്ക് അറ്റ് ഹോം അല്ല ഡെത്ത് അറ്റ് ഹോം ആണ്. എന്നും കാണും എന്തെങ്കിലും പേപ്പർ വർക്ക്.
ഇത് ആനന്ദ്. പത്തു വർഷമായി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഭാര്യ അഞ്ജലി സിറ്റിയിലെ ഏറ്റവും വലിയ സ്കൂളിലെ ടീച്ചർ. മകൾ സംസ്‌കൃതി ഫാഷൻ ഡിസൈനിങ് പഠിക്കുന്നു. രണ്ടുപേരും ലോക്‌ഡൗണിലും തിരക്കിലാണ്. അഞ്ജലി റെസിഡൻസ് അസോസിയേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മേക്കപ്പ്,ബ്യൂട്ടി ടിപ്സ്, പാചകം അങ്ങനെ പലതും പങ്കുവെയ്ക്കുന്നു. മകൾ കൂട്ടുകാരുടെ ഒപ്പം വീഡിയോ കോളിൽ അല്ലെങ്കിൽ മൊബൈലിൽ. താനും ജോലിത്തിരക്കുകളിൽ. മുമ്പത്തെ ജീവിതമല്ല ഇപ്പോൾ. രണ്ട് വർഷമായി അമ്മ പോയിട്ട്. അച്ഛനെ നാട്ടിലെ തറവാട്ടിൽ നിന്ന് അന്ന് കൂട്ടിക്കൊണ്ടു വന്നതാണ്. തറവാട് അനിയതിക്കുള്ളതായിരുന്നു. ഇപ്പോൾ അവളും കുടുംബവുമാണവിടെ താമസം. മൊബൈലിലെ നോട്ടിഫിക്കേഷൻസിന്റ ശബ്ദം ആനന്ദിനെ ചിന്തകളിൽ നിന്നുണർത്തി. പറഞ്ഞത് പോലെ ബോസ്സ് ഇന്നത്തെ ജോലികൾ അയച്ചിട്ടുണ്ട്.
പടികളിറങ്ങി താഴെ ചെന്നപ്പോൾ അഞ്ജലി അടുക്കളയിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കുകയാണ്. സംസ്‌കൃതി മൊബൈലിൽ കണ്ണും നട്ട് ഭക്ഷണം കഴിക്കുന്നു."ഗുഡ് മോർണിംഗ് അച്ഛാ." "ഗുഡ് മോർണിംഗ്." "ആഹാ എണീറ്റോ? വിളിക്കരുത് ഉറങ്ങണം എന്നൊക്കെയല്ലേ ഇന്നലെ പറഞ്ഞത്." "എണീറ്റതല്ല എണീപ്പിച്ചതാ.എന്റെ ബോസ്സ്. ഇന്നുമുണ്ട് ഓരോ പേപ്പർ വർക്ക്. അച്ഛനെഴുന്നേറ്റോ?." "എണീറ്റു. പത്രം വായിക്കുകയാ." പൂമുഖത്തു ചെന്നപ്പോൾ അച്ഛൻ പത്രം വായിച്ചിരിക്കുകയാണ്. "ഗുഡ് മോർണിംഗ് അച്ഛാ." "ഗുഡ് മോർണിംഗ്. നീ ഇത്ര നേരത്തെ എണീറ്റോ?" "ബോസ്സ് ഒരുപാട് വർക്ക് അയച്ചിട്ടുണ്ട്. അതെല്ലാം ഇന്ന് തന്നെ തീർത്ത് അയച്ചു കൊടുക്കണം." "നിന്റെ ബോസ്സിനോട് പറ ആളുകൾ ജീവനോടെ ഉണ്ടായാലേ കമ്പനി നടത്താൻ പറ്റുള്ളൂ എന്ന്. ഈ പോക്കാണെങ്കിൽ ലോക്ക് ഡൗൺ തീരുമ്പോൾ അയാൾ നിങ്ങളെ കൊന്നിട്ടുണ്ടാവും." "എന്ത് ചെയ്യാനാ അച്ഛാ." ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു. "മോനെ ഇന്നലെ ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്തു. പണ്ട് നമ്മുടെ തറവാട്ടിൽ ഞാനും നിന്റെ അമ്മയും നീയും നിന്റെ അനിയത്തിയും ചേർന്ന് ചിലവഴിച്ച മനോഹര നിമിഷങ്ങൾ കണ്ണിന്റെ മുമ്പിൽ മിന്നിമാഞ്ഞു പോയി.ഇന്ന് അന്നത്തെ നിഷ്കളങ്കനായ കുട്ടിയിൽ നിന്നും പക്വതയുള്ള ഒരു ഗൃഹനാഥനിലേക്കുള്ള നിന്റെ മാറ്റം ഒരു അച്ഛനെന്ന നിലയിൽ എനിക്ക് അഭിമാനം ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇന്ന് ഇത് ഒരു വീടാണെന്ന് എനിക്ക് തോന്നുന്നില്ല.നാല് പേരും നാല് വഴിക്ക്. നീയും നിന്റെ ജോലിത്തിരക്കുകളും ഒരു വഴിക്ക്. ഒരു വഴിക്ക് അഞ്ജലിയും അവളുടെ തിരക്കുകളും.മറ്റൊരു വഴിക്ക് മോളും അവളുടെ പഠിത്തവും.നിങ്ങൾക്കൊരു ശല്യമാകാതെ ഞാനും ഒരു വഴിയിൽ." അച്ഛൻ എഴുന്നേറ്റു. "നിങ്ങളുടെ തിരക്കുകൾ മനസ്സിലാവാഞ്ഞിട്ടല്ല.ഞാൻ കുറ്റം പറയുകയാണെന്നും വിചാരിക്കണ്ട.പക്ഷെ മോനെ ഈ ലോക്ക്ഡൗൺ ദൈവം അറിഞ്ഞു തന്നതാണ്. ബന്ധങ്ങൾ പുതുക്കാനും ഓർമ്മകൾ പൊടിതട്ടിയെടുക്കാനും കുടുംബ ബന്ധങ്ങൾ വേരറ്റു പോകാതെ കാക്കാനും. അത് മറക്കരുത്. അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ അകത്തേക്ക് പോയി. അച്ഛന്റെ വാക്കുകൾ ആനന്ദിന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ജോലികളെല്ലാം ചെയ്തു തീർത്തപ്പോൾ വൈകുന്നേരമായി. "അഞ്ജലീ, സംസ്കൃതീ ഒന്ന് വന്നേ." "എന്താ എന്തുപറ്റി?" "എന്തുപറ്റി അച്ഛാ?" "നിങ്ങളോട് ഒരു പ്രധാനപെട്ട കാര്യം പറയാൻ വിളിച്ചതാണ്. അഞ്ജലിയും സംസ്കൃതിയും ആകാംഷയോടെ ആനന്ദിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "അച്ഛനിന്നൊരു കാര്യം പറഞ്ഞു.നമ്മുടെ ഭാഗത്തു നിന്നുണ്ടായ ഒരു തെറ്റ് അത് നമ്മൾ തിരുത്തണം." "അപ്പൂപ്പൻ അച്ഛനോടെന്താ പറഞ്ഞത്?" "നമ്മൾ ഈ ലോക്ക്ഡൗൺ കാലം എന്നെന്നും ഓർത്തു വെയ്ക്കാവുന്നതാക്കണം. ഈ കാലം അതിജീവനത്തിനൊപ്പം സ്നേഹവും തളിരിടണം. നമ്മൾ ഒരുമിച്ചു സമയം ചെലവഴിക്കണം.നമ്മുടെ തിരക്കുകൾക്കിടയിൽ നമ്മൾ ജീവിതം ആസ്വദിക്കാൻ മറന്നു പോകരുത്.പിന്നീട് അതോർത്തു നമ്മൾ ദുഖിക്കാൻ ഇടവരും. ദൈവം നമ്മുടെ തെറ്റ് മനസ്സിലാക്കി തിരുത്താൻ ഒരവസരം തന്നിരിക്കുകയാണ്. നമ്മൾ അത് പാഴാക്കരുത്. അഞ്ജലിയും സംസ്കൃതിയും എല്ലാം കേട്ടു കൊണ്ടിരിക്കുകയാണ് . പെട്ടെന്ന് സംസ്‌കൃതി പറഞ്ഞു "മുത്തച്ഛൻ പറഞ്ഞത് ശരിയാണ്. നമ്മൾ മാറണം. അതിനുള്ള സമയമാണിത്.തിരിച്ചറിവുകളുടെ ലോക്ക്ഡൗൺ.
മൂന്നു പേരും മുറ്റത്തേക്കിറങ്ങി മുത്തച്ഛനൊപ്പം നിന്നു.അസ്തമയം ആസ്വദിക്കുകയായിരുന്നു മുത്തച്ഛൻ. മൂന്നുപേരെയും നോക്കിയിട്ട് മുത്തച്ഛൻ പറഞ്ഞു "മക്കളെ ഈ സൂര്യനും അസ്തമയവും ഒക്കെ എല്ലാ ദിവസവും ഉണ്ട്. വേനൽക്കാലത്തു മാത്രം സൂര്യനെയും, ചിത്രങ്ങൾ കാണുമ്പോൾ മാത്രം അസ്തമയത്തെക്കുറിച്ചും ഓർത്താൽ പോരാ. നേരിട്ട് കണ്ട് ആസ്വദിക്കണം. പ്രകൃതി ശുദ്ധവായു കൊണ്ട് നിറഞ്ഞ നേരം മനുഷ്യന് മുഖാവരണം വയ്‌ക്കേണ്ടി വന്നു. അതാണ് പ്രകൃതിയുടെ വികൃതി." "ശരിയാണ് അച്ഛാ നമുക്കീ കാലം എന്നെന്നും ഓർത്ത് വെയ്ക്കാവുന്നതാക്കണം. ഈ കാലം മാത്രമല്ല ഇനിയുള്ള നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും." ആനന്ദ് പറഞ്ഞു. അവർ നാലുപേരും അസ്തമയസൂര്യനെ നോക്കിനിന്നു . ഇത് അസ്തമയമല്ല ഉദയമാണ് തിരിച്ചറിവുകളുടെ ലോക്ക്ഡൗണിന്റെ ഉദയം.
നമുക്കും ഈ ലോക്ക്ഡൗൺ മാധുര്യമുള്ളതാക്കാം. മൊബൈൽ ഫോണുകൾക്ക് അവധി നൽകി നമ്മുടെ കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാം. എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന മധുരമുള്ള നിമിഷങ്ങൾ ഈ ലോക്ക്ഡൗണിൽ ഓരോ കുടുംബങ്ങളിലുമുണ്ടാകട്ടെ.