ഹൈസ്ക്കൂൾ റാന്നി പെരുനാട്/ചരിത്രം
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .
സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .
പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത് ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .
1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ് കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട് പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.