സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ അഥവാ കിരീടം

കൊറോണ അഥവാ കിരീടം

ലോകത്തിൻെറ ഉറക്കം കെടുത്തിയ മുൾക്കിരീടം - അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും
മ്യഗങ്ങളിലും മനുഷ്യരിലും രോഗം പടർത്താനാകുന്ന ഒരു വൈറസാണ് കൊറോണ. ഈ വൈറസ് കോശങ്ങളിൽ പ്രവേശിച്ച് അവിടെ പെരുകി ശരീരത്തിൻെറ സാധാരണ പ്രവർത്തനത്തെ താറുമാറാക്കുന്നു. ലാററിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്. ഈ വൈറസിൻെറ പുറംചട്ടയ്ക്ക് രാജാക്കൻമാരുടെ കിരീടത്തോട് സാമ്യമുണ്ട് എന്നതിനാലാണ് ഈ പേരിൽ അവ അറിയപ്പെടുന്നത്. ലോകം ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത ഒരു വൈറസാണ് വുഹാൻ എന്ന ചീന നഗരം വഴി പുറത്തുചാടി ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്നത്. ഇൻറർനാഷണൽ ടാക്സോണമി ഓഫ് വൈറസ് ഇതിനു നൽകിയിരിക്കുന്ന ചുരുക്കപ്പേര് സാർസ്-കോവ്-2 (SARS-CoV-2) എന്നാണ്. കക്ഷിയുടെ മുഴുവൻ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം കൊറോണ വൈറസ് 2 എന്നാണ്. വിദഗ്ധർ പറയുന്നത് ഇത് 2002 ൽ വന്നുപോയ സാർസിൻെറ സഹോദരിയാണ് എന്നാണ്. ഈ വൈറസ് ഉണ്ടാക്കുന്ന രോഗത്തിൻെറ പേരാണ് കോവിഡ് -19, അല്ലെങ്കിൽ കൊറോണ വൈറസ് ഡിസീസ് 2019. മനുഷ്യർ, കന്നുകാലികൾ, പന്നികൾ, വന്യമ്യഗങ്ങൾ തുടങ്ങി നിരവധി തരം ജീവികളിൽ വ്യാപിക്കുന്ന ഒന്നാണ് ഇതെന്നാണ് പിർബ്രൈറ്റ് ഇൻസ്ററിററ്യൂട്ടിലെ ഡോക്ടർ ഹെലെന മെയർ പറയുന്നത്.

കോവിഡ് -19 പകർന്നത് ഏതു ജീവിയിൽ നിന്ന്? കോറോണ വൈറസുകൾക്ക് ചില സമയത്ത് ഒരു ജീവിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കളിക്കുന്ന ഒരു ദുശീലമുണ്ട്. ഏതു മ്യഗത്തിൽ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന കാര്യത്തിൽ തീർച്ചയില്ല. ഏകദേശം ഒരു കോടിയിലധികം ജനസംഖ്യയുളള ചൈനയിലെ വുഹാനിലാണ് 2019 നവംബറിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് ഭീതിയിലാണ്. 2020ജനുവരി 30 ന് ലോകാരോഗ്യ സംഘടന കോവിഡ് -19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. ചികിത്സ കൊവിഡ് രോഗത്തിന് നിലവിൽ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അതിനുളള പരിശ്രമത്തിലാണ് ശാസ്ത്രലോകം. ഈ വൈറസിനെ തിരിച്ചറിഞ്ഞ് ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്തുന്നതിന് ധാരാളം പണവും സമയവും വേണ്ടിവരും.സ്വയം പ്രതിരോധം മാത്രമാണ് നിലവിലെ പ്രതിവിധി. നിലവിൽ രോഗപ്രതിരോധത്തിനായി ക്വാറൻറീൻ നടപ്പിലാക്കുകയാണ് ലോകരാഷ്ട്രങ്ങൾ അവലംബിച്ചിരിക്കുന്ന ഏക മാർഗം. അതിനാൽ ഗവൺമെൻറ് നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരെ നമുക്കും പോരാടാം.

മേരി ആൻ ജോയി
6C സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം