സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പുനർജ്ജനി

 പുനർജ്ജനി    

വൃക്ഷച്ചുവട്ടിലിരുന്ന്
അവൻ അവളോട് പറഞ്ഞു;
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് ഇലകളായ് ഒരു ചില്ലയിൽ പിറക്കാം...
തമ്മിൽ കണ്ട് ... മനസ്സു പങ്കുവച്ച്.... കാറ്റത്ത് ഊഞ്ഞാലാടി ഉല്ലസിച്ച്...
അങ്ങനെ...

അവൾ ചോദിച്ചു:
ഒരു നാൾ പഴുത്തടർന്ന് താഴേക്കു പോകുമ്പോൾ സങ്കടമാവില്ലേ...?
ഒന്നിച്ചു പോകുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലോ..?

അവൻ പറഞ്ഞു;
മണ്ണടരുകളിൽ വീണ്, അഴുകിയലിഞ്ഞ് വേരുകളിലുടെ നമുക്ക് വീണ്ടും ചില്ലകളിലെത്തി പുനർജനിക്കാം...
ഞാനാദ്യമെത്തിയാൽ നിന്നെയൊരു തളിരായ് പൊതിഞ്ഞു കാക്കാം.....

അവൾ ചോദിച്ചു;
നീയെന്നെ മറക്കുമോ?

അവൻ പറഞ്ഞു;
പ്രണയത്തിൽ മറവിയില്ല പെണ്ണേ..
ഓർമ്മകളേയുള്ളൂ... മരിച്ചാലും മരിക്കാത്ത ഓർമ്മകൾ...!!

എന്റെ നെഞ്ചോട് നിന്റെ ചെവി ചേർത്ത് വയ്ക്ക്.... അതിനുള്ളിൽ ഒഴുകുന്ന ശബ്ദം നീ കേൾക്കുന്നില്ലേ...?
അവൾ ഒരു പ്രാവിനെ പോലെ കുറുകി അവന്റെ നെഞ്ചിലേക്ക് വീണു...

ഇലകൾ അവരുടെ ചുറ്റും വീണു മരിച്ചു കൊണ്ടേയിരുന്നു ...

സാംസൺ വില്ലൂർ.
HSST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത