സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ജീവിതശൈലിയും രോഗപ്രതിരോധവും :-
ജീവിതശൈലിയും രോഗപ്രതിരോധവും :-
നാം ഇന്ന് പ്രത്യേക കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പറഞ്ഞുകേട്ടതനുസരിച്ചു പണ്ടുകാലത്തെ മാരകരോഗങ്ങളിൽ വസൂരി പോലെ തോന്നിക്കുന്ന വിധമാണ് ഇന്ന് നാം ഭയാനകമായി നേരിടുന്ന കോവിഡ് 19. നമ്മുടെ ശാസ്ത്രവും സാങ്കേതികവിദ്യകളും അനുദിനം വികസിക്കുമ്പോഴും ഇത്തരത്തിലുള്ള ഭീഷണി അതിജീവിക്കുന്നത് വെല്ലുവിളിതന്നെയാണ്. ലോകത്തെ വികസിത രാജ്യങ്ങൾ ഉൾപ്പെടെ ഈ വെല്ലുവിളിയെ അതിജീവിക്കാൻ പെടുന്ന ബുദ്ധിമുട്ടുകൾ നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. ഇന്ന് പല രാജ്യങ്ങളും ലോക്ക് ഡൗണിലൂടെയാണ് കടന്നുപോകുന്നത്. അതിൻ പ്രകാരം രാജ്യാതിർത്തികളും സംസ്ഥാന അതിർത്തികളും ജില്ലാ അതിർത്തികളും വരെ അടച്ചിടുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുന്നു. അതിലൂടെ രാജ്യങ്ങൾ നേരിടേണ്ടി വരുന്ന സാമ്പത്തിക സാമൂഹിക ഭീഷണി ചെറുതല്ല. ഇത്തരം ഭീഷണി നിലനിൽക്കുമ്പോഴും ലോക്ക് ഡൗണിലൂടെ നാം ഒരു പാഠം പഠിച്ചു വരുന്നുണ്ട്. പഴമക്കാർ പറഞ്ഞുകേട്ട പലതും ശരിയാണെന്ന് തോന്നിക്കത്തക്കവിധമാണ് ഈ സാഹചര്യത്തെ നാം കാണുന്നത്. നമ്മുടെ ഈ കൊച്ചു കേരളം പല രാജ്യങ്ങൾക്കും മാതൃകയായി ഈ മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് ഒരു കേരളീയൻ എന്നുള്ള രീതിയിൽ അഭിമാനപൂർവ്വം പറയാവുന്നതാണ്. രോഗവ്യാപനം ശ്രദ്ധയിൽ പെട്ടയുടൻ സുസജ്ജമായ നമ്മുടെ ആരോഗ്യ വകുപ്പ് വേണ്ട മുൻകരുതലുകൾ എടുത്തത് നാം തിരിച്ചറിയണം. അതിന് ആരോഗ്യ പ്രവർത്തകരെയും നേതൃത്വം വഹിക്കുന്ന വകുപ്പ് മന്ത്രി ശൈലജ ടീച്ചറിനെയും പ്രത്യേകം അഭിനന്ദിക്കാതിരിക്കാൻ തരമില്ല. നാടുമുഴുവൻ നിശ്ചലമാക്കി പ്രഖ്യാപിക്കുമ്പോഴും ഈ പ്രതിസന്ധിയെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്നും അവധിക്കാലത്തെ ആസ്വാദ്യകരമാക്കാനും വിദ്യാർത്ഥികളുടെ സർഗ്ഗവാസന പരിപോ ഷിപ്പിക്കുന്നതിനും മുൻകൈ എടുക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. വിദ്യാർത്ഥികളായ ഞങ്ങളെ സംബന്ധിച്ച് തിരക്കൊഴിഞ്ഞ അച്ഛനോടും അമ്മയോടും വീട്ടിൽ ചിലവഴിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇത്തരത്തിലൊരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ അതിനു നേതൃത്വം വഹിക്കുന്ന ഭരണാധികാരി എങ്ങനെയായിരിക്കണം എന്നുള്ള ഉത്തമ മാതൃകയാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് നാം കാണുന്നത്. അത് ഓഖി ദുരന്തത്തിലായാലും മഹാപ്രളയത്തിലായാലും നിപ്പ പ്രതിരോധത്തിലായാലും ഇന്നും നാം കാണുന്നത്. കോവിഡ് 19 ബന്ധപ്പെട്ട് എല്ലാ വകുപ്പുകളെയും ചടുലതയോടെ രംഗത്തിറക്കാനും പക്ഷി മൃഗാദികൾ ഉൾപ്പെടെ എല്ലാ ജീവനുകളെയും പരിഗണിക്കാനുമുള്ള ശ്രദ്ധ അമാനുഷികമാണെന്നു തോന്നിക്കുന്നതാണ്. ആധികാരിക റിപ്പോർട്ടിങ്ങിനായി ദിവസവും വൈകുന്നേരം ആറുമണിക്കുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് അച്ഛനമ്മമാരോടൊപ്പം ഞാനും പങ്കെടുക്കുന്നുണ്ട്. നമ്മുടെ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ പരിഗണിച്ചുകൊണ്ട് ഒരു വിവാദങ്ങൾക്കും ഇടനൽകാതെ ഒരു ഭരണാധികാരി എങ്ങനെയാണ് സമൂഹത്തെ താങ്ങിനിർത്തുന്നത്, ധൈര്യം പകരുന്നത് എന്ന് നാം കാണേണ്ടതാണ്.ബഹു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഈ സാഹചര്യത്തെ ഒരു പാഠമാക്കി നമ്മുടെ ജീവിതശൈലിയിൽ മാറ്റേണ്ട കാര്യങ്ങൾ നാം മാറ്റിയെടുക്കാനുള്ള അവസരമായി കാണണം. ദിനചര്യകളെല്ലാം മാറ്റിമറിഞ്ഞതിന്റെയൊക്കെ അനന്തരഫലങ്ങളായും ഈ സാഹചര്യങ്ങളെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്തുതന്നെയായാലും ഒരു ജാതിക്കു വേണ്ടിയാണ് നാം നിലകൊളേളണ്ടതെന്നും അതു മനുഷ്യജാതിയാണെന്നും, മനുഷ്യജാതി മാത്രമേയുള്ളൂ എന്നും നാം തിരിച്ചറിയേണ്ട സാഹചര്യം കൂടിയാണ് ഇത്. ഈ മഹാമാരിയെയും നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതിജീവിക്കുകതന്നെ ചെയ്യും........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |