സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ചോട്ടു മുയലും പാണ്ടൻ ചെന്നായയും

ചോട്ടു മുയലും പാണ്ടൻ ചെന്നായയും

ഒരിടത്ത് ചോട്ടുയെന്നു പേരുള്ള ഒരു മുയലുണ്ടായിരുന്നു . അവന്റെ വീട് പട്ടണത്തോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തുള്ള കുറ്റിക്കാട്ടിലായിരുന്നു .ആ കാട്ടിൽ പാണ്ടനെന്നു പേരുള്ള ഒരു ചെന്നായയുമുണ്ടായിരുന്നു . മാലിന്യങ്ങൾ ചുറ്റുപാടും ഉള്ളതുകൊണ്ട് ചോട്ടു മുയലിനും കൂട്ടുകാർക്കും എപ്പോഴും വല്ലാത്ത വിഷമമുണ്ടായിരുന്നു. ഒരു ദിവസം തീറ്റതേടിയിറങ്ങിയ ചോട്ടു മുയലിന്റെ മുന്നിൽ പാണ്ടൻ ചെന്നായ ചാടിവീണു. ചോട്ടു മനസ്സിലോർത്തു"ഇന്നെന്റെ കഥ കഴിഞ്ഞതു തന്നെ ". അവൻ പാണ്ടനോട് പറഞ്ഞു എന്നെ തിന്നരുത്. എന്റെ വീട്ടിൽ വേറെയും ധാരാളം മുയൽ സുഹൃത്തുക്കളുണ്ട്. നാളെ നീ വീട്ടിൽ വന്നാൽ നിനക്ക് അവരെയും തിന്നാമല്ലോ?അപ്പോൾ പാണ്ടന് കൊതി തോന്നി. അവൻ ചോട്ടുവിനോട് ചോദിച്ചു "എവിടെയാണ് നിന്റെ വീട്? ". ഇവിടെ നിന്നും കുറച്ചു ദൂരെ ആ ചവറുകൾ കൂട്ടിയി ട്ടിരിക്കുന്ന ഭാഗത്താണ് എന്റെ വീട്" ചോട്ടു പറഞ്ഞു. അങ്ങനെ കൂടുതൽ മുയലിറച്ചി തിന്നാമെന്ന അത്യാഗ്രഹത്തോടെ അവൻ ചോട്ടുവിനെ വെറുതെ വിട്ടു. ചോട്ടു ഉടനെ തന്നെ വീട്ടിലേക്കു പോയി അവന്റെയും കൂട്ടുകാരുടെയും മാളത്തിനടുത്തുള്ള മാലിന്യങ്ങളെല്ലാം മാറ്റി വൃത്തിയാക്കി. എന്നിട്ട് അവിടെയൊക്കെ ചെടികളും പൂക്കളുമൊക്കെ വച്ചു പിടിപ്പിച്ചു ഭംഗിയാക്കി. പിറ്റേ ദിവസം പാണ്ടൻ ചെന്നായ ചോട്ടു മുയലിന്റെ വീട് തേടിയിറങ്ങി . പക്ഷെ അവനു മാലിന്യങ്ങൾ നിറഞ്ഞ ഒരു ഭാഗവും കാണാൻ കഴിഞ്ഞില്ല. അങ്ങനെ പാണ്ടൻ നിരാശയോടെ തിരിച്ചു പോയി. അതോടെ ചോട്ടു മുയലിനു മനസ്സിലായി പരിസരം ശുചിയാക്കിയാൽ നമ്മൾക്കു എല്ലാ ആപത്തുകളിൽ നിന്നും രക്ഷപെടാം .


Riswan Muhammed. S
V.N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ