മരതകപച്ചയണിഞ്ഞൊരീ പ്രകൃതി ഇന്നേതോ മായപോൽ മാഞ്ഞുപോയി
കിളിക്കൊഞ്ചൽ കേട്ടുണരും പ്രഭാതവും
മുത്തശ്ശിക്കഥയായി മാറിപ്പോയി
വൈരംവിതറി ഒഴുകിയ നദിയെല്ലാം
മാലിന്യങ്ങളാൽ നിശ്ചലമായ്
വൃക്ഷങ്ങളില്ല വനങ്ങളില്ല ഉള്ളതോ
കോൺക്രീറ്റ് വനങ്ങൾ മാത്രം
ജീവന്റെ കണികയായൊരാ വായുവും
ജീർണ്ണിച്ചു പോയൊരാ നൊമ്പരമോ
ഇന്നീ പുലരി ഓർമ്മപ്പെടുത്തലോ
ഇന്നേവരേയുള്ള പ്രവർത്തിക്കെല്ലാം.
വിരൽതുമ്പിലാക്കിയീ
ലോകത്തെയാകെയും
വികസനച്ചട്ടയാൽ മാറ്റിയെല്ലാം
ഭൂമിയും ചന്ദ്രനും സൗരയൂഥങ്ങളും
അറിവിനാൽ അവയെല്ലാംസ്വന്തമാക്കി
എന്നിട്ടുമെന്തിന്നു നേടുന്നുവോ നമ്മൾ
ഏറിവരുന്നൊരാ രോഗങ്ങളോ
നഷ്ടപ്പെടുത്തിയീ ഭൂമിതൻ പച്ചയെ
ഇല്ലായ്മചെയ്തു ഈ ലോകത്തെ നാം
മുല്ലയും പിച്ചിയും മന്ദാരമൊക്കെയും
മായും മനസ്സിലെ ഓർമ്മകളായ്.
ഒന്നിച്ചു നിന്ന് ഒരുമയോടിന്ന്
അതിജീവിക്കാം ഈ വിപത്തിനെ
എല്ലാം അതിജീവിച്ചില്ലയോ നമ്മൾ
അതുപോൽ ഇതിനെയും പ്രതിരോധിക്കാം
വീണ്ടെടുക്കാം ആ നല്ല നാളുകൾ വിണ്ണിൽ പടരുന്ന പുഞ്ചിരിക്കായ്
പച്ചയണിഞ്ഞൊരാ ഭൂമിക്കായി
പുഞ്ചിരിതൂകുന്ന പുഴകൾക്കായ്
മാറ്റാം നമ്മുടെ ജീവിതചട്ടങ്ങൾ
മാറാം നല്ലൊരു പ്രഭാതത്തിനായ്
അതിജീവിക്കാം പ്രതിരോധിക്കാം
നല്ലൊരു നാളേക്കായ് ഇന്നുതന്നെ.