സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അത്‌ഭുതശക്തി ഇല്ലാത്ത മാലാഖമാർ

  അത്‌ഭുതശക്തി ഇല്ലാത്ത മാലാഖമാർ   
                        ഒരിക്കൽ സ്വർഗ്ഗത്തിൽ മാലാഖമാർ തമ്മിൽ ഒരു തർക്കം ഉണ്ടായി. തങ്ങളിൽ ആരാണ് കൂടുതൽ നൻമകൾ ചെയ്യുന്നത് എന്നതായിരുന്നു തർക്കം. ഒരു മാലാഖ പറഞ്ഞു ഞാനാണ് കൂടുതൽ നൻമകൾ ചെയ്യുന്നത്. അപ്പോൾ മറ്റൊരു മാലാഖ പറഞ്ഞു അല്ല ഞാനാണ് കൂടുതൽ നൻമകൾ ചെയ്യുന്നത്. ഒടുവിൽ തർക്കം ദൈവസന്നിധിയിൽ എത്തി. മാലാഖമാരുടെ തർക്കം കേട്ട് ദൈവം കുറച്ചുനേരം മിണ്ടാതിരുന്നു. എന്നിട്ട് ദൈവം മാലാഖമാരോടായി പറഞ്ഞു. വിണ്ണിൽ മാത്രമല്ല മണ്ണിലുമുണ്ട് നന്മകൾ ചെയ്യുന്ന മാലാഖമാർ. അവരിൽ ആരാണ് കൂടുതൽ നൻമകൾ ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടുപിടിച്ച് കൊണ്ടുവരിക. അപ്പോൾ ഞാൻ പറയാം നിങ്ങളിൽ ആരാണ് മികച്ചതെന്ന്. അപ്പോൾ മാലാഖമാർ പറഞ്ഞു. ഞങ്ങളല്ലേ അത്ഭുത ശക്തികൾ കൊണ്ട് ഭൂമിയിലെ മനുഷ്യർക്ക് നന്മകൾ ചെയ്യുന്നത്. പിന്നെ എങ്ങനെയാണ് ഭൂമിയിൽ വേറെ മാലാഖമാർ. എന്നാൽ അതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. അങ്ങനെ മാലാഖമാർ ഭൂമിയിലെത്തി. അവർ എല്ലായിടത്തും അവരെ പോലുള്ള മാലാഖമാരെ തിരഞ്ഞു. പക്ഷേ അവർക്ക് ഒരിടത്തും അവരെ പോലുള്ള മാലാഖമാരെ കാണുവാൻ സാധിച്ചില്ല. അങ്ങനെ അവർ തിരിച്ചു പോകാം എന്നു കരുതി നിൽക്കുമ്പോഴാണ് മാലാഖമാരിൽ ഒരാൾ പറഞ്ഞത്, എന്തായാലും നമ്മൾ ഭൂമിയിൽ വന്നു, ഈ ഭൂമിയിലെ മനുഷ്യർക്കു വേണ്ടി ഒരു നന്മ ചെയ്തിട്ടു പോകാം. അപ്പോഴാണ് ഒരു അമ്മ കരഞ്ഞുകൊണ്ട് തന്റെ കുഞ്ഞിനെയും എടുത്ത് കൊണ്ട് ഓടുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ആ അമ്മ എങ്ങോട്ടാണ് ഓടുന്നത് എന്നറിയാൻ അവർ ആ അമ്മയെ പിൻ തുടർന്നു. കുഞ്ഞിന് അസുഖം കൂടുതലായതിനാൽ കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയതായിരുന്നു ആ അമ്മ . അങ്ങനെ മാലാഖമാർ ആശുപത്രിയിലും എത്തി. അപ്പോഴാണ് മാലാഖമാർ ആശുപത്രിയിൽ കിടക്കുന്ന രോഗികളെ കണ്ടത്. കൊച്ചു കുട്ടികൾ മുതൽ വയസ്സായവർ വരെ ഉണ്ടായിരുന്നു . അവരിൽ കയ്യില്ലാത്തവരുണ്ട് കാലില്ലാത്തവരുണ്ട് പനി ബാധിച്ചവരുണ്ട് മാറാരോഗം പിടിപെട്ടവരുണ്ട് അങ്ങനെ കുറേ പേർ. മാലാഖമാർക്ക് ഇവരിൽ ആരെ സഹായിക്കണമെന്ന് സംശയമുണ്ടായി. അപ്പോഴാണ് മാലാഖമാർ ഒരു കാര്യം ശ്രദ്ധിച്ചത്. രോഗികളെ തമ്മിൽ യാതൊരു വേർതിരിവും കാട്ടാതെ അവരെ പരിചരിക്കുന്ന കുറച്ചു മനുഷ്യർ. മാലാഖമാർ അന്വേഷിച്ചപ്പോൾ രോഗികളാരും അവരുടെ അച്‌ഛനോ, അമ്മയോ, ബന്‌ധുക്കളോ ആരും അല്ലായിരുന്നു. അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം മാലാഖമാർ തിരികെ സ്വർഗ്ഗത്തിലേക്കു പോയി. അവിടെ ദൈവസന്നിധിയിൽ എത്തിയ മാലാഖമാരോട് ദൈവം ചോദിച്ചു. ഭൂമിയിലെ മാലാഖമാരിൽ ആരാണ് മികച്ചതെന്ന് കണ്ടുപിടിച്ചോ? . അപ്പോൾ മാലാഖമാർ പറഞ്ഞു. ഇല്ല ദൈവമേ ങ്ങങ്ങൾക്ക് അതിന് കഴിഞ്ഞില്ല. ഞങ്ങളെ പോലെ അത്ഭുത ശക്തികൾ ഉള്ള മാലാഖമാരെ ഭൂമിയിൽ എല്ലായിടത്തും തിരഞ്ഞു . ഒരിടത്തും കാണാൻ കഴിഞ്ഞില്ല. പക്ഷേ ഞങ്ങളുടെ മനസ്സിന് കുളിർമ നൽകുന്ന മറ്റൊരു കാഴ്ച്ച ഞങ്ങൾ ഭൂമിയിൽ കണ്ടു. കുറച്ചു നല്ല മനുഷ്യർ ഊണുംഉറക്കവും ഇല്ലാതെ അവരുടെ ജീവനു പോലും വില കൽപ്പിക്കാതെ മറ്റുള്ളവരെ പരിചരിക്കുന്നു. അ വർക്ക് ഞങ്ങളെ പോലുള്ള അത്ഭുത ശക്തികളൊന്നുമില്ല. പലവിധത്തിലുള്ള അസുഖം ബാധിച്ചവർ, മാറാരോഗം വന്നു കിടക്കുന്നവർ, വൃണങ്ങളിൽ പുഴുവരിച്ച് ദുർഗന്ധം വരുന്നവർ അങ്ങനെ പലരും അവിടെ ഉണ്ട് . അവരോടൊന്നും ഒരു അറപ്പും വെറുപ്പും കാണിക്കാതെ അവരെ പരിചരിക്കുകയും, സ്വന്തം കൈവിരലുകളാലും ചുണ്ടിലെ പുഞ്ചിരികളാലും അവർക്ക് സാന്ത്വനം നൽകുകയും ചെയ്യുന്നു. അപ്പോൾ ദൈവം പറഞ്ഞു. അവരാണ് നിങ്ങൾ അന്വേഷിച്ചു നടന്ന ഭൂമിയിലെ മാലാഖമാർ . ദൈവം വീണ്ടും ചോദിച്ചു. എന്തായാലും നിങ്ങൾ അവരെ നിരീക്ഷിച്ചല്ലോ, അവരിൽ ആരാണ് കൂടുതൽ മികച്ചതെന്ന് പറയാമോ ? അപ്പോൾ മാലാഖമാർ പറഞ്ഞു അയ്യോ ! ദൈവമേ എത്ര ശ്രമിച്ചാലും ഞങ്ങൾക്കതിന് കഴിയില്ല. ഞങ്ങൾക്കുള്ള അത്ഭുത ശക്തികൾ ഒന്നും തന്നെ അവർക്ക് ഇല്ലാതിരുന്നിട്ടു പോലും സ്വന്തം ജീവനു പോലും വില കൽപ്പിക്കാതെ മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ വേണ്ടി കാവലിരിക്കുന്ന അവരാണ് യഥാർത്ഥ മാലാഖമാർ . അവരിൽ ആരാണ് മികച്ചത് എന്നു കണ്ടു പിടിക്കാൻ ആർക്കും ആകില്ല. ദൈവമേ ഞങ്ങളോട് ക്ഷമിക്കണേ . ഞങ്ങളിലാർക്കും താനാണ് മികച്ചതെന്നുള്ള ചിന്ത ഇനിമേലിൽ ഉണ്ടാവില്ല. അങ്ങനെ മാലാഖമാർ തമ്മിലുള്ള തർക്കവും തീർന്നു. അതിനു ശേഷം ഭൂമിയിലെ മാലാഖമാർക്ക് ഒരു ഉണർവായി വിണ്ണിലെ മാലാഖമാർ കൂടെയുണ്ട്.


ദുർഗ്ഗ എ.വി.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ