ആർത്തുല്ലസിച്ച നാളുകൾ
ജീവിത സ്വപ്നങ്ങൾ ,മോഹങ്ങൾ
എല്ലാമൊരു തീക്കനലായി
എരിയുന്നു നെഞ്ചിലിന്ന്
തിരക്കേറിയ വീഥികളിന്ന്
നിശ്ചലം..... നിശബ്ദം......
എല്ലാം ഒരിത്തിരിപോന്ന
വൈറസ്സിൻ വികൃതികൾ
എങ്ങോ മുളച്ചു പൊന്തിയ
കുഞ്ഞൻ വൈറസിന്നിതാ
കാടും മേടും പുഴകളും താണ്ടി
ഭൂലോകമാകെ കീഴടക്കി
വെട്ടിപ്പിടിക്കുവാൻ വെന്നി നേടുവാൻ
തുനിഞ്ഞവനിന്ന് വെട്ടിലായി
അരചനും പ്രജകളും തുല്യരായി
ഭൂലോകമാകെ ശവപ്പറമ്പായി
പണത്തിനായി പറന്നവർ
പ്രിയപ്പെട്ടവരെയോർത്ത് കേഴുന്നു
മല്ലിട്ടുനേടിയ പൊന്നും പണവുമെല്ലാം
വൃഥാവിലായെന്നറിയുന്ന മനുജർ
കാടു മുടിച്ചു മേട് മുടിച്ചു
സ്വാർത്ഥത പൂണ്ടവർ
ഇന്നിതാ മുടിയുന്നു
നാടും നഗരവും
വൈറസിൻ വികൃതികൾ
തകൃതമായാടുന്നിതാ
അഹംപൂണ്ട ലോകത്തിന്
ഒരോർമ്മപ്പെടുത്തലായി...
ദുരമൂത്ത മനുജർക്ക് തിരിഞ്ഞു
നോക്കലിൻ സന്ദേശമായി
ചതി പൂണ്ട കാലത്തിനു
നന്മയുടെ നറു വെട്ടമായി...
അർത്ഥവും ശാസ്ത്രവും
ആയുധം വച്ചുമടങ്ങുമ്പോൾ
മാനവർ തിരിയുന്നു സൃഷ്ടിതൻ
ആദിചൈതന്യത്തിലേക്ക്
ഭയമല്ല വേണ്ടത് ജാഗ്രതയാണീ-
പോർ കളരിയിൽ
ഒരുമയും കരുതലും
ആവശ്യമാണീ വാൾപയറ്റിൽ
പകലിനുമുണ്ടൊരു
രാത്രിയെന്നോർക്കുവിൻ
ഉദയസൂര്യനു മുണ്ടൊരു
അസ്തമയം
തോൽക്കുവാൻ പിറന്നതല്ല
നമ്മളെന്നോർക്കുവിൻ
തോൽവിയെന്ന വാക്കിന്
പ്രസക്തിയില്ല ഇന്നിന്