സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മണ്ണിൽ വേരൂന്നി വളരാം
മണ്ണിൽ വേരൂന്നി വളരാം
മനുഷ്യന്റെ അറിവ് ആകാശത്തെ ഭേദിച്ച് അനന്തവിഹായസ്സിലേക്ക് കുതിച്ചുയരുകയാണ്. എന്നാൽ അറിവ് അമിത വിശ്വാസമായി പരിണമിച്ചപ്പോൾ തനിക്ക് പിച്ചവെക്കാൻ, വേരുന്നി വളരാൻ ഒരു പിടിമണ്ണ് നൽകിയ ഭൂമി മാതാവും തന്റെ സഹോദരങ്ങളായ സമസ്ത ജീവജാലങ്ങളും തന്റെ നിയന്ത്രണത്തിലാണെന്ന ധാരണ അവനിൽ കൂട്ടുകെട്ടി. ഭൂമിയിലെ എണ്ണമറ്റ ജീവജാലങ്ങളിൽ ഒന്നു മാത്രമായ, 'സൃഷ്ടിയുടെ മകുടം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യൻ പിന്നീട് ഈ ധാരണയെ, അല്ല തെറ്റിദ്ധാരണയെ സ്വയം ഒരു പൊൻ തൂവലായി കണ്ട് സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഭൂമിയുടെയും തന്റെ സോദരരുടെയും മേൽ തന്റെ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. നമുക്കു വേണ്ടതെല്ലാം ന ൽകി പ്രകൃതിമാതാവ് നമ്മെ കനിഞ്ഞനുഗ്രഹിച്ചപ്പോൾ നമ്മുടെ ആവശ്യങ്ങളുടെ അളവ് വർധിച്ചു.അവ വെറും ആവശ്യങ്ങളായിരുന്നില്ല, മറിച്ച് അത്യാഗ്രഹങ്ങളായിരുന്നു. വിശപ്പടക്കാൻ അമ്മ നമുക്ക് പഴങ്ങൾ നൽകിയപ്പോൾ നമ്മിലെ ആ അത്യാഗ്രഹി മരങ്ങൾ തന്നെ പിഴിതെടുത്തു, കുടിക്കാൻ വെള്ളം തന്നപ്പോൾ നാം ആ പുഴകളെ തന്നെ വാരിയെടുത്തു, അന്നദാതാക്കളായ വയലുകളെ നമുക്ക് പ്രദാനം ചെയ്തപ്പോൾ നാമവക്കു മീതെ കണ്ണഞ്ചിപ്പിക്കുന്ന അംബരചുംബികൾ കെട്ടിപ്പടുത്തു. ഇങ്ങനെ നീളുന്നു നമ്മുടെ അത്യഗ്രഹത്തിന്റെ തെളിവുകൾ. എന്നാൽ സർവ്വംസഹയായ അമ്മ എല്ലാം സഹിച്ചു.തന്നെ ഇഞ്ചിഞ്ചായി പിച്ചിച്ചീന്തു മ്പോഴും തന്റെ മക്കളുടെ ക്ഷേമം മാത്രം അവർ കാംക്ഷിച്ചു. ഇത് മുതലെടുത്ത മനുഷ്യൻ ഭൗമോപരിതലത്തിലെ വിഭവങ്ങൾ മതിയാവാഞ്ഞിട്ടാകാം, അമ്മയുടെ ഹൃദയത്തിലേക്ക് നീണ്ട കുന്തങ്ങൾ കുത്തിയിറക്കി, അവളുടെ നീണം ഊറ്റിക്കുടിച്ചു. എന്നാൽ അവന്റെ അത്യാഗ്രഹങ്ങൾ നിറവേറ്റുവാനുള്ള വിഭവങ്ങൾ പ്രകൃതിയിലുണ്ടായിരുന്നില്ല. മനുഷ്യൻ മൂലം മറ്റു നിരവധി ജീവിവംശങ്ങൾ നശിച്ചുപോകുന്നതു കണ്ടപ്പോൾ പ്രകൃതിയും പ്രതികരിച്ചുതുടങ്ങി.തുടർച്ചയായ് രണ്ട് മഹാപ്രളയങ്ങളായും വിവിധ കാലാവസ്ഥാ വ്യതിയാനങ്ങളായും പ്രകൃതി നമ്മോട് മറുപടി പറഞ്ഞപ്പോൾ അമ്മ എന്തേ നമ്മോടിത്ര ക്രൂരയായി എന്ന ചോദ്യം നമ്മെ ആകുലപ്പെടുത്തി.എന്നാൽ നമ്മെ നടുക്കിയ, ഒരു നിമിഷമെങ്കിലും സ്തംഭിപ്പിച്ചു ആ മഹാമാരി പുരോഗതിയുടെ മറവിൽ വികസനമെന്ന ഓമനപ്പേരിൽ നാം കാട്ടിക്കൂട്ടിയ ചെയ്തികൾക്ക് നൽകാവുന്ന ലളിതമായ ഒരു മറുപടി മാത്രമായിരുന്നു. അതെ, ഇതിനെല്ലാം ഉത്തരവാദി നാം തന്നെയാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞിട്ടും മനസ്സിലാവാത്തവനെ പോലെയാണ് ഇന്ന് മനുഷ്യൻ പെരുമാറുന്നത്. പൊതുനിരത്തുകളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഇത്തരം പരിസ്ഥിതി പ്രശ്നങ്ങളെ നിസ്സാരവത്കരിക്കുന്ന മാനവമനോഭാവത്തെ ചൂണ്ടിക്കാണിക്കുകയാണ്. കുന്നിടിച്ചും വയൽ നികത്തിയും മരങ്ങൾ വെട്ടിയും നാം ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മണ്ണിൽ നിന്നും അപ്രത്യക്ഷമാകുന്ന ഓരോ തുള്ളി ജലകണികയും പ്രകൃതിക്കൊപ്പം നമ്മുടെ കൂടി അവസാനനാളുകൾ ഒന്നൊന്നായി എണ്ണിത്തീർക്കുകയാണ് എന്ന് നാം മറക്കരുത്. ഇതു തുടർന്നാൽ നാളെ നമ്മുടെ നാടിന്റെ അടയാളം 'മണ്ണുമാന്തിയന്ത്രം' ആകുമെന്ന് സുഗതകുമാരി ടീച്ചർ പറഞ്ഞത് ഒരു പക്ഷെ ഇന്നുതന്നെ യാഥാർത്ഥ്യമായേക്കാം. കഴിഞ്ഞുപോയതിനെ പഴിച്ചിട്ട് ഇനി കാര്യമില്ല. 'നാളെ' സ്വപ്നം മാത്രം ആയിപ്പോകരുതെങ്കിൽ, അടുത്ത തലമുറയ്ക്കും ഇന സ്വർഗ്ഗഭൂമി പ്രാപ്തമാകണമെങ്കിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സമയം ഇപ്പോഴും അതിക്രമിച്ചിട്ടില്ല. ഇനിയും ഇത്തരമൊരു മഹാമാരിയെ താങ്ങാനുള്ള ശേഷി നമ്മുടെ ഈ കൊച്ചു കേരളത്തിനില്ല. അതിനാൽ പരിസ്ഥിതിക്കു വേണ്ടി, നമുക്കു വേണ്ടി നാം ശബ്ദമുയർത്തണം, കരങ്ങൾ കോർക്കണം. നാളിതുവരെ നമ്മെ അനുഗ്രഹിക്കുക മാത്രം ചെയ്ത പ്രകൃതി ഇന്ന് നമ്മുടെ ജീവനും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നതിന്റെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞ് ആ പഴയ കാലം പുനഃസൃഷ്ടിക്കണം. പ്രളയത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഓരോ സോദരന്റെയും കണ്ണുനീർ തുള്ളിക്കു പകരമായി ഓരോ മരം ,നടാൻ നാം തയ്യാറാകണം. മാതാവിന്റെ മുടിയിഴകളായ വനങ്ങൾ നശിപ്പിച്ചും മാറിടമായ കുന്നുകളിടിച്ചും നാം കെട്ടിപ്പടുത്തത് കൂറ്റൻ കൊടിമരങ്ങളാണെങ്കിലും അവയെല്ലാം ക്ഷണികമാണെന്ന സത്യം മനസ്സിലാക്കി നമ്മുടെ പൂർവികരുടെ പാത പിന്തുടർന്ന് നാം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളായി മാറണം. ഇനി വരുന്നൊരു തലമുറക്കി- ന്നിവിടെ വാസം സാധ്യമോ?" ഇഞ്ചക്കാട് ഉന്നയിച്ച ഈ ചോദ്യചിഹ്നത്തെ അപ്പാടെ മായ്ക്കാൻ നമുക്കാവണം. ഇനിയൊരു പ്രകൃതി സ്നേഹിക്കും 'ഭൂമിക്കൊരു ചരമഗീതം' പാടേണ്ട അവസ്ഥ നാം സൃഷ്ടിച്ചു കൂടാ. പ്രകൃതിസംരക്ഷണം കേവലമൊരു 'പരിസ്ഥിതിദിന സന്ദേശം' മാത്രമാക്കാതെ നമ്മുടെ ജീവിതത്തിന്റെ സന്ദേശം കൂടിയാക്കി മാറ്റാൻ നമുക്കാവണം. അതിജീവനത്തിന്റേയും ഏകാന്തതയുടേയും ഈ അടച്ചു പൂട്ടൽ ദിനങ്ങളിൽ നമുക്ക് പരിസ്ഥിതിയുമായുള്ള ആ പഴയ ആത്മബന്ധം പുനഃസ്ഥാപിക്കാം. മുറ്റത്തെയോ ടെറസ്സിലേയോ ആ കൊച്ചു സ്ഥലത്ത് നമുക്ക് നമ്മുടേതായ ഒരു അടുക്കളത്തോട്ടം ശീലമാക്കാം. ഓരോ ദിവസവും ഓരോ ചെടി വീതം നട്ട് പ്രകൃതിയുടെ സുഗന്ധം നമുക്ക് തിരിച്ചുനൽകാം. ഇന്ന് പ്രകൃതിസ്നേഹം വളർത്തുവാനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമ്മെ പ്രോത്സാഹിക്കുന്ന നിരവധി കൂട്ടായ്മകൾ ലോകത്തുണ്ട്. അവയെല്ലാം പ്രയോജനപ്പെടുത്തി ശാസ്ത്രീയമായ രീതികളിലൂടെ നമുക്ക് പ്രകൃതിയെ പച്ചപുതപ്പിക്കാം. മണ്ണുണ്ടെങ്കിലേ നമുക്ക് വേരൂന്നി ഉയരാനാകൂ എന്ന ബോധ്യത്തോടെ പ്രകൃതിയെ സ്വതന്ത്രയാക്കാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |