സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നമ്മൾ
നമ്മൾ
പരിസ്ഥിതി ഇന്ന് എല്ലായിടത്തും പറഞ്ഞു കേൾക്കുന്ന പദമായി മാറിയിരിക്കുന്നു പരിസ്ഥിതി എന്നത് .പരിസ്ഥിതി പ്രക്ഷോഭങ്ങളും ചർച്ചകളും നിരവധിയുണ്ട്, സംഘടനകളും പ്രസ്ഥാനങ്ങളും അനേകം ഇതിന്റെ പേരിൽ രൂപപ്പെട്ട് വന്നിട്ടുണ്ട്. പരിസ്ഥിതി ദിനമായി തന്നെ ജൂൺ 5 കൊണ്ടാടുന്നു. ഒരോ വർഷവും വ്യത്യസ്ത മുദ്രാവാക്യവും ഉണ്ടാകുന്നു. ഒരു വർഷത്തിൽ കൊണ്ടാടുന്ന പല ദിനങ്ങളും പരിസ്ഥിതി സംബന്ധമായവയാണ്. എന്നാൽ എന്താണ് പരിസ്ഥിതി എന്നത് അറിയുമ്പോഴാണ് അതിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. നമ്മൾ മനുഷ്യരാണ് നമുക്കു ചുററും ഒരുപാട് വസ്തുക്കളും ജീവികളും സസ്യങ്ങളും മനുഷ്യരുമുണ്ട്. ഇതിൽ പലതും മനുഷ്യനിർമ്മിതമാണ്. പ്രകൃത്യാലുള്ളതും മനുഷ്യൻ അധ്വാനിച്ചുണ്ടാക്കിയുള്ളതുമായ എല്ലാവസ്തുക്കളുമുൾപ്പെട്ടതാണ് പരിസ്ഥിതി. ഈ പരിസ്ഥിതിയെ അതിന്റെ വ്യാപ്തിയുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ സൂക്ഷ്മപരിസ്ഥിതി, സ്ഥൂലപരിസ്ഥിതി,ആഗോളപരിസ്ഥിതി എന്നിങ്ങനെ മൂന്നായും ഭൗതികപരിസ്ഥിതി, സാമ്പത്തികപരിസ്ഥിതി, സാംസ്കാരികപരിസ്ഥിതി എന്നിങ്ങനെ മൂന്നായി മറ്റൊരുതരത്തിലും തരംതിരിക്കാം. നമ്മൾ മനുഷ്യർ വീടുകളിലാണ് താമസിക്കുന്നത്. വീട് മനുഷ്യനിർമ്മിതമാണ് .അതിനകത്തെ പരിസ്ഥിതി പുറത്തു നിന്നും വ്യത്യസ്തമാണ്. ഓരോ ആവശ്യങ്ങൾക്കായും പ്രത്യേകം പ്രത്യേകം മുറികൾ. ചെറിയ വീടുകളിൽ പല ആവശ്യങ്ങളും ഒരിടത്തു വച്ചുതന്നെ നടക്കുന്നു. വീട്ടിൽ നിരവധി ഫർണ്ണീച്ചറുകളും, പാത്രങ്ങളും, പുസ്തകങ്ങളും ഉണ്ട്. ഇവയും ഗാർഹികപരിസ്ഥിതിയുടെ ഭാഗമാണ്. വീടിനു ചുറ്റും പറമ്പുണ്ട്. വളർത്തുമൃഗങ്ങളും പറമ്പിൽ തെങ്ങ്, വാഴ, പൊടിയിനി എന്നിങ്ങനെ അനേകം തരം ചെടികളും കിണറും ഒക്കെ ഉണ്ട്. അവിടെ ഓന്തും, പൂമ്പാറ്റയും, വണ്ടുകളും, മണ്ണിരയുമൊക്കെ അടങ്ങിയ ജീവജാലങ്ങളും, അടുത്ത വീട്ടുകാരുണ്ട്. ഇവയെല്ലാം അടങ്ങിയതാണ് സൂക്ഷ്മ പരിസ്ഥിതി. ഇവിടെ വീടുകൾ ചെറുതാകാം വലുതാകാം അവയിലെ വസ്തുക്കളിലും വ്യത്യസ്ഥത ഉണ്ടാകാം. ടൗണുകളിലാണെങ്കിൽ ഫ്ലാറ്റുകളും അവയുടെ സമുച്ചയങ്ങളും ആവും. അടുത്തുള്ള ആരാധനാലയങ്ങൾ, വിദ്യാ കേന്ദ്രങ്ങൾ, കുളം, പുഴ, കടൽ, കുന്ന് എന്നിവ നമ്മുക്ക് ചുറ്റു കാണുന്നതല്ലേ .ഇങ്ങനെ ചുറ്റിലും കാണുന്ന അചേതന സചേതനങ്ങളെല്ലാം ഈ സൂഷ്മ പരിസ്ഥിതിയിൽ ഉൾപ്പെടും .നമ്മുക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ എത്ര വേഗത്തിലാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ഗ്രാമത്തിലാണെങ്കിൽ ചെറിയ വീടുകൾ മാറി വലുതാവാൻ തുടങ്ങി വീടുകളുടെ എണ്ണവും വർദ്ധിച്ചു. കുളത്തിൽ കുളിയും വസ്ത്രങ്ങൾ കഴുകലും ഉണ്ടായിരുന്നത് കുളിമുറിയ്ക്കകത്തായി. നെൽപ്പാടം കുറച്ചു ഭാഗം മാത്രം കൃഷി ചെയ്യുന്നതായി മാറി. പാടം തൂർത്ത് കെട്ടിടങ്ങൾ പൊങ്ങി. കിണറുകളിൽ വെള്ളം ഇല്ലാതെ കുഴൽ കിണറുകളെ ആശ്രയിച്ചു തുടങ്ങി. പുഴകൾ പുൽകാടുകൾ ആയി, നഗരത്തിലാണേൽ ചുമരുകൾ മാത്രമെ കാണുന്നുള്ളൂ, അടുത്ത് താമസിക്കുന്നവരെ പോലും അറിയില്ല. നമ്മുടെ ആസന്ന ചുറ്റുപാട് നമ്മുടെ ജീവിതത്തെ ശക്തമായും വേഗത്തിലും ബാധിക്കുന്നു. നഗരത്തിലും ഗ്രാമത്തിലും ഒക്കെ അടുത്ത വീട്ടിലെ കക്കൂസിലെ അണുക്കൾ നമ്മുടെ കിണറ്റിലും എത്താൻ തുടങ്ങി.ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം നമ്മെ ബാധിക്കുന്നു. അപകടങ്ങൾ ഉണ്ടായാൽ കിലോമീറ്ററുകളോളം ട്രാഫിക് ബ്ലോക്ക് .ഇതിനെ ആസന്ന പരിസ്ഥിതി എന്നു പറയുന്നു. വർഷക്കാലത്തെ പുഴയിലെ കുത്തൊഴുക്ക്, അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ബാധിക്കുന്ന ന്യൂനമർദ്ദം കേരളത്തിലെയാകെ കാലാവസ്ഥയെ ബാധിക്കുന്നു: ഹിമാലയത്തിൽ കൂടുതൽ മഞ്ഞുവീണാൽ അതു വടക്കെ ഇന്ത്യയെ ആകെ ബാധിക്കുന്നു.മലമ്പ്രദേത്ത് കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അമിത രാസവളം,കീടനാശിനികൾ കടൽതീരം വരെയെത്തുന്നു. അണകെട്ടുകൾ കെട്ടി വെള്ളം തിരിച്ചുവിടുമ്പോൾ പല ഭാഗങ്ങളും വരണ്ടതും, ഓരുവെള്ളം കയറിയതും ആകുന്നു. ശബരിമലയിലെ മലമൂത്ര വിസർജ്ജനം പമ്പയാറിലൂടെ ഒഴുക്കി കുട്ടനാടിനെ മലിനമാക്കുന്നു. ഇവയെല്ലാം സ്ഥൂല പരിസ്ഥി തി യുടെ ഭാഗമാണ്. ആസന്ന - സൂക്ഷ്മ പരിസ്ഥിതി പ്രശ്നങ്ങളിൽ നിന്നും വിഭിന്നമാണ് സ്ഥൂല പരിസ്ഥിതി പ്രശ്നങ്ങൾ. കൂടുതൽ വ്യാപകമായി അനുഭവപ്പെടുന്നവയാവ. കേരളത്തിൽ അനുഭവപ്പെടുന്ന സ്ഥൂലപരിസ്ഥിതി പ്രശ്നങ്ങളാണ് വനശീകരണം , മണൽഖനനം, ക്വാറികൾ, പാടംകുഴിക്കൽ ,കണ്ടൽ കാടുകാടുകളുടെ നാശം, രാസമലിനീകരണം, മാലിന്യക്കൂമ്പാരങ്ങൾ എന്നിവ. ആഗോള പരിസ്ഥിതിയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ദീർഘകാല ഭാഗധേയത്തെ ബാധിക്കും. ആഗോള താപനം, ഓസോൺ പാളിയിലെ വിള്ളലുകൾ, ശുദ്ധജല ശ്രോതസ്സുകളുടെ സങ്കോചം, സമുദ്രത്തിലെ മാലിന്യങ്ങൾ ജീവകൾക്കു വരുത്തുന്ന ദ്രോഹം, സമുദ്രവിതാനംഉയരുന്നത്, ജീവജാതികളുടെ നാശങ്ങളും അവ സൃഷ്ടിക്കുന്ന ശ്യംഖലാ പ്രത്യാഘാതങ്ങളും , ഭൂമിയിൽ വർധിച്ചു വരുന്ന ആക്തീവ പദാർഥങ്ങളുടെ സംരംഭം മുതലായവയെല്ലാം, ആഗോള പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളാണ്. ആഗോള താപനം, കാലാവസ്ഥാമാറ്റം, ഒസോൺ പാളി മുതലായ പേരുകൾ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് കടലിലും അന്തരീക്ഷത്തിലും ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. സൗരയൂഥത്തിൽ നാം ജീവിക്കുന്ന ഭൂമിയ്ക്ക് മാത്രമായി ഖരം, ദ്രാവകം ,വാതകം എന്നീ മൂന്ന് മണ്ഡലങ്ങൾ ഉണ്ട്.ഇതിൽ ജല മണ്ഡലവും വായുമണ്ഡലവും ആഗോള പരിസ്ഥിതിയുടെ ഭാഗമാണ് അതേ സമയം അവ നിരവധി സൂക്ഷമ പരിസ്ഥിതിയുടെ ആകെ തുകയുമാണ്; വാതകവായുമണ്ഡലം അത്യന്തം ചലനാത്മകമാണ് അതിന്റെ ചലനങ്ങളാണ് കച്ചവടക്കാറ്റുകളും,ചുഴലിക്കാറ്റുകളും, കൊടുങ്കാറ്റും എല്ലാം സൃഷ്ടിക്കുന്നത്. അവിടെയാണ് മഴ മേഘങ്ങൾ രൂപം കൊള്ളുന്നതും. എവിടെയെങ്കിലും ചൂടുപിടിച്ചാൽ അത് പരക്കുന്നു. സമുദ്രത്തിലും പ്രവാഹങ്ങൾ ഒരിടത്തുണ്ടാകുന്ന മാറ്റങ്ങളെ മറ്റിടങ്ങളിലേയ്ക്ക് എത്തിക്കുന്നു. ആഗോള പരിസ്ഥിതിയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ദീർഘകാല ഭാഗധേയത്തെ ബാധിക്കുന്നു. മുന്നൂറു കൊല്ലം മുമ്പുണ്ടായിരുന്ന ഭൂമിയുടെ ശരാശരി 'താപനില 13.5°C ഉണ്ടായിരുന്നത് 14.2°Cലേയ്ക്ക് ഉയർന്നിരിക്കുന്നു. മനുഷ്യൻ ഭൂമിയ്ക്കിടയിലെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുക മാത്രമല്ല അതിന്റെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുന്നു: ഇതിന്റെ ഭാഗമായി പുറം തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് നൂറു കൊല്ലത്തിനുള്ളിൽ 270 ppm ൽ നിന്ന് 400 ppm നു മുകളിൽ ആയിരിക്കുന്നു . ഇത് ഹരിത ഗൃഹാവരണത്തിന്റെ സുതാര്യത കുറച്ചിരിക്കുന്നു. അതിനാൽ കൂടുതൽ താപം തടങ്കലിൽ ആക്കപ്പെട്ടു. ഇപ്പോൾ പുറം തള്ളപ്പെട്ട ഹരിത ഗൃഹവാതകങ്ങളുടെ സ്ഥിരീകൃതാവസ്ഥ ആകുമ്പോഴേയ്ക്കും 2°C മുതൽ 6°C വരെ ഇന്നുള്ളതിനേക്കാൾ താപം കൂടാം . പുതിയ സന്തുലനാവസ്ഥ എത്താൻ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും വേണ്ടിവരും .വായുമണ്ഡലത്തിന്റെ പെരുമാറ്റം അപ്രവചനീയമാകും, ആയി കൊണ്ടിരിക്കയാണ്. കൊടുങ്കാറ്റ്, പേമാരി, ചുഴലിക്കാറ്റ്, വരൾച്ച എല്ലാതിന്റെയും തീഷ്ണത വർദ്ധിക്കുന്നു. കാലാവസ്ഥയുടെ താളക്രമം അവതാളത്തിലാകും. കൃഷി രീതികൾ അപ്രായോഗികമായി കൊണ്ടിരിക്കുന്നു. ശുദ്ധജല സ്രോതസുകളുടെ അവസ്ഥ തകിടം മറയുന്നു. ഹിമാനികൾ ഉരുകുന്നു, സമുദ്രജലം വികസിക്കുന്നു, സമുദ്ര വിതാനം ഉയരുന്നു.പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ ആകുന്നു. സൂക്ഷ ജീവികളുടെ ലോകത്തും ഗണ്യമായ മാറ്റങ്ങൾ വന്നേയ്ക്കാം. മുൻപില്ലാതിരുന്ന പല പുതിയ രോഗങ്ങളും ഉണ്ടായി വരുന്നു.ഡങ്കിപ്പനി, എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, H1 N1,നിപ്പാ, കൊറോണ എന്നിങ്ങനെ പോകുന്നു, ചെകുത്താനെ അടച്ചിരുന്ന ചെപ്പ്തുറന്നു വിട്ട പ്രതീതി ആണ് ഇപ്പോഴുള്ളത്. ഓസോൺ പാളിയിലെ വിളലുകൾക്ക് CFC വാതകങ്ങളുടെ പുറം തള്ളലാണ് കാരണം. ഓസോൺ പാളിയിലെ വിള്ളലുകൾ അൾട്രാവയലറ്റ് രശ്മികൾ ഭൂമുഖത്ത് പതിക്കുന്നതിന് കാരണമാകുന്നു.ഇത് സസ്യങ്ങളുടെ ആഹാരസമ്പാദനത്തിന് തടസവും, ജീവന് ഹാനീകരവും, കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണവുമാകുന്നു. ആണവ നിലയങ്ങൾ ഉൽപാദിപ്പിക്കുന്ന റേഡിയോ ആക്തീവ് പദാർത്ഥങ്ങൾ മറ്റൊരു ആഗോള ഭീഷണിയാണ്. ലോകത്ത് ഇന്ന് ആകെ അഞ്ച്ലക്ഷത്തി അറുപതിനായിരം മെഗാവട്ട് ഉൽപാദന ശേഷിയുള്ള റിയാക്ടറുകൾ ഉണ്ട് ഇവയിലെല്ലാം കൂടി പ്രതിദിനം 250-300 നാഗസാക്കിയിൽ ഇട്ട ബോംബുകൾക്ക് തുല്യമായ റേഡിയോ ആക്തീവതയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് നാനായിടങ്ങളിൽ സൈനിക രീതിയിലാണ് സംരക്ഷിക്കപ്പെടുന്നത്.ഈ സംരക്ഷണം തകരാറിലാകാം. പ്രകൃതിക്ഷോഭം കൊണ്ടും, മനുഷ്യക്ഷോഭം കൊണ്ടു മാകാം. ആഗോള താപനംപോലെ ഭീതിതമായ ഒരു ഭീഷണി തന്നെയാണിത്. സൂക്ഷമ - സഫൂല പരിസ്ഥിതി പ്രശ്നങ്ങളെ കൊണ്ടും ആഗോള പരിസ്ഥിതി പ്രശ്നങ്ങളെ കൊണ്ടും ഉണ്ടാകുന്ന ജൈവവൈവിധ്യ നാശം, വനനശീകരണം, ചതുപ്പുനിലങ്ങൾ വറ്റിക്കൽ, തടാകങ്ങൾ തൂർക്കൽ, എന്നിവ കൊണ്ടൊക്കെ കണക്കറ്റ ജീവജാതികളാണ് അന്യം നിന്ന്പോയിട്ടുള്ളത് . തങ്ങളിരിക്കുന്ന കൊമ്പ് വെട്ടി കൊണ്ടിരിക്കുകയാണ് മനുഷ്യൻ. മനുഷ്യരാശി രൂപം കൊണ്ടിട്ട് 2 ലക്ഷം വർഷമെ ആയിട്ടുള്ളൂ. ഈ കാലഘട്ടത്തിനിടയ്ക്ക് 95 ശതമാനം കാലവും മനുഷ്യനും പ്രകൃതിയും തമ്മിൽ വേർത്തിരിവുണ്ടായിരുന്നില്ല. മനുഷ്യരെയും മറ്റ് ജീവികളെയും പുഴകളെയും കന്നുകളെയുമൊക്കെ ഒരു പോലെയായിരുന്നു കണ്ടിരുന്നത്. 'സ്വകാര്യ സ്വത്ത് ' എന്ന ആശയം ഉണ്ടായിരുന്നില്ല. 'എന്റെ ' എന്ന പദം ആയിരുന്നില്ല 'നമ്മൾ ' എന്നായിരുന്നു. പതിനായിരം വർഷം മാത്രം പഴക്കമുള്ള കാർഷിക പ്രവർത്തനം വിളകൾക്ക് സവിശേഷമായ പരിരക്ഷണം നൽകി വളർത്തുന്നതിൽ മറ്റ് സസ്യങ്ങളെ കള എന്ന് സങ്കൽപ്പിച്ച് നശിപ്പിക്കൽ തുടങ്ങിയതാണ് മനുഷ്യന്റെ പ്രകൃതിയിലെ ആദ്യ ഇടപെടൽ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണക്കത്തിന്റെ സ്ഥാനത്ത് പിണക്കത്തിന് പ്രാധാന്യം വന്നു. 18 -ാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യവസായ വിപ്ലവം ഈ പിണക്കത്തെ ആപൽക്കരമാംവണം ഗുരുതരമായി ബാധിച്ചു.ഇക്കഴിഞ്ഞ 100 വർഷകാലത്തിനിടയ്ക്ക് അതിഭീകരമായ തോതിലാണ് ഉൽപാദന വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത് അകൽച്ചയുടെ തീവ്രത ഗണ്യമായി ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഉപഭോഗത്തിനു വേണ്ടി ഉൽപാദനം നടത്തുന്നതിനു പകരം വിൽപനയ്ക്കും ലാഭത്തിനും വേണ്ടി ഉൽപാദനം നടത്തുക എന്നതിലേയ്ക്ക് മാറി. ഇത് മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാതികളുടെയും ഭാവി നിലനിൽപ്പിന് തന്നെ സുരക്ഷിതമല്ലാതായി തീർന്നിരിക്കുന്നു . നിലവിലുള്ള നമ്മുടെ സമൂഹത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഒന്ന് ലാഭത്തിന്റെ യും മറ്റേത് അതിജീവനത്തിന്റെയും മാത്രമായി തീരുന്നു. സമൂഹത്തിൽ ലാഭാധിഷ്ഠിത വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ദുരന്തത്തിലേയ്ക്കുള്ള ഈ പ്രയാണം തുടരുക തന്നെ ചെയ്യും. പുതിയൊരു സാമൂഹവ്യവസ്ഥ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സഹകരണത്തിൽ അധിഷ്ഠിതമായ, അന്യവൽക്കരണത്തിൽ നിന്നുള്ള മോചനത്തെയും മാനവികതയെയും മാനിക്കുന്ന ഒരു സാമ്പത്തിക പരിസ്ഥിതിയ്ക്ക് ബോധപൂർവ്വം രൂപം നൽകേണ്ടിയിരിക്കുന്നു. ഈ ബോധം ഉൾകൊള്ളുന്നതാകണം നമ്മുടെ സാംസ്കാരിക പരിസ്ഥിതി.ഇത് ഒരു സമരമുഖം കൂടിയാണ്
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |