സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ "അതിജീവനം"

അതിജീവനം      
         'അനീഷ' അതായിരുന്നു അവളുടെ പേര്.  പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പഠിക്കാൻ ബഹു മിടുക്കി.   സ്കൂളിൽ ഒന്നാമത്.  എല്ലാതരത്തിലുള്ള കഴിവിൻെറയും ഉറവിടം.   എല്ലാതരത്തിലുള്ള സർഗ്ഗ വാസനകളും ദൈവം കനിഞ്ഞു അവൾക്ക് നൽകിട്ടുണ്ട്.  അച്ഛൻ, അമ്മ, അനുജൻ, അനുജത്തി ഇതായിരുന്നു അവളുടെ കുടുംബം.  ദാരിദ്ര്യവും, കഷ്ടപ്പാടും, പട്ടിണിയുടെയും രുചി അവൾ അറിഞ്ഞിട്ടുണ്ട്.  ദൈവം അതായിരുന്നു അവളുടെ ശക്തി.  സഹജീവികളോട് ദയ, കരുണ, അനുകമ്പ, മറ്റുള്ളവരെ കരുതാനുള്ള മനസ്സ് ഇതായിരുന്നു 'അനീഷ' എന്ന പെൺകുട്ടിയുടെ ജീവിതം. 
          മാർച്ച് 10  പരീക്ഷ വന്നെത്തി.  പത്താം ക്ലാസ്സിൽ ഉന്നത വിജയം അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ.  എല്ലാവരുടെയും പ്രതീക്ഷയാണ് അവൾ.  ആദ്യ പരീക്ഷയുടെ അന്ന് അതിരാവിലെ ഉണർന്നു പഠിച്ച് അച്ഛൻ്റെയുമമ്മയുടെയും കാൽ തൊട്ട് അനുഗ്രഹം വാങ്ങി അവൾ സ്കൂളിലോക്ക് പോയി.  ആദ്യ ദിവസമായതു കൊണ്ട് എല്ലാവരും വളരെ നേരത്തെ തന്നെ എത്തിയിരുന്നു.    സ്കൂളിൽ എത്തിയ ഉടൻ അവൾ പ്രഥമാധ്യപകൻ്റ കാൽ തൊട്ടു വണങ്ങി. എല്ലാ അധ്യാപകരെയും കണ്ടു. പരീക്ഷ അടുത്തപ്പോഴുള്ള ഓരോ ബെല്ലടിയും അവളുടെ നെഞ്ചിടിപ്പേറി.  അങ്ങനെ ആദ്യ പരീക്ഷ കഴിഞ്ഞു.  വളരെ നന്നായി എഴുതി.  പിന്നെ തുടർന്ന് പരീക്ഷകളായിരുന്നു.  എല്ലാം വളരെ നന്നായിഎഴുതി.
          ആ മാസമാണ് ലോകത്തെ കിടുകിടാ വിറപ്പിച്ച മഹാമാരിയായ 'കൊറോണ'  എന്ന വൈറസ് വില്ലനായി എത്തിയത്.  ചൈന, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, അമേരിക്ക എന്നീ വൻകിട രാജ്യങ്ങളെയെല്ലാം കീഴടക്കി ആ മഹാമാരി താണ്ഡവമാടി.  ആ മഹാമാരി ഇന്ത്യയിലും എത്തി. ദിവസങ്ങൾക്കകം കേരളത്തിലും വിരുന്നെത്തി.  നിനച്ചിരിക്കാതെ പരീക്ഷകളെല്ലാം മാറ്റി . എന്തായാലും പത്താം ക്ലാസിലെ പരീക്ഷ മാറ്റിയ ചരിത്രമില്ല. അതിശയമെന്ന് പറയട്ടെ ബാക്കി നടത്താനുള്ള പരീക്ഷകളും മാറ്റിയ വാർത്ത വന്നു.  

ആ മഹാമാരിയിൽ നമ്മുടെ കൊച്ചു 'കേരളം' വിറച്ചു. രാജ്യം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. വളരെ അത്യാവശ്യമായ കാര്യത്തിനല്ലാതെ ആരും ഒന്നിനും പുറത്തിറങ്ങാറില്ല. വ്യക്തിശുചിത്വവും അകലവും പാലിച്ചു സുരക്ഷിതരായി വീട്ടിൽ ഇരിക്കണം. നമ്മുടെ രാജ്യത്തിനും ഓരോരുത്തർക്കും വേണ്ടി എല്ലാവരും അതിനു തയ്യാറായി. 'കോവിഡ് 19' എന്ന് ശാസ്ത്രീയമായ നാമത്തിൽ ആ മഹാമാരി അറിയപ്പെട്ടു.

         മാറ്റി വച്ച ബാക്കി പരീക്ഷയും കാത്തു അനീഷ വീട്ടിലാണ്.  ഓരോ ദിവസവും രാജ്യത്തെ സമർപ്പിച്ചു പ്രാർഥിച്ചു. ബാക്കി ഒഴിവ് സമയം കൃഷി പണികൾക്കായി മാറ്റി വച്ചു. 

ഒരു ദിവസം അനീഷ മുറ്റത്ത്‌ കൃഷി പണിയിലേർപ്പെട്ടുക്കെണ്ടിക്കുമ്പോൾ റോഡിലൂടെ പോയ ഒരാൾ തളർന്നു വീഴുന്നതു കണ്ടു. മറ്റൊന്നും അവൾ ചിന്തിച്ചില്ല. അയാളെ എടുത്ത് വീട്ടിൽ കിടത്തി പ്രഥമശുശൂഷ നൽകി വിട്ടയച്ചു. നിർഭാഗ്യവശാൽ ചികിത്സയിൽ അയാൾക്ക് കോവിഡ് ആണെന്ന് തെളിഞ്ഞു. ആ വൈറസ്‌ അനീഷയെയും ബാധിച്ചു. ആ കുടുംബത്തിന് അത് താങ്ങാൻ പറ്റില്ല. ആകെ തളർന്നു പോയി. ഏക പ്രതീക്ഷയായിരുന്നു അവൾ. തുടർന്നുള്ള നീണ്ട ചികിത്സയായിരുന്നു മരുന്ന് പോലും കണ്ട് പിടിക്കാത്ത ആ മഹാമാരിക്ക് വേണ്ടി. ആ പ്രദേശമാകെ ദുഖത്തിലായി. തുടർന്ന് നിരന്തര പ്രാർത്ഥന ആയിരുന്നു. ആ കൊച്ചു ശശീരത്തിന് ആ വൈറസിൻ്റെ ആക്രമണം ചെറുത്തു നിൽക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലേക്ക് രോഗം മൂർച്ഛിച്ചു. ഡോക്ടർമാരും നഴ്‌സും കിണഞ്ഞു പരിശ്രമിച്ച് നിരന്തര ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായി അനീഷ രോഗമുക്തി നേടി. ആ നല്ല സുദിനം വന്നെത്തി. അനീഷ ആശുപത്രി വിട്ടു. മാസങ്ങൾക്കകം നമ്മുടെ രാജ്യം പൂർവ്വസ്ഥിതിയിലേക്ക് വന്നു. ആ മഹാമാരിയുടെ താണ്ഡവം ക്രമേണ കുറഞ്ഞു. "ദൈവത്തിന്റെ സ്വന്തം നാടായ കേരളം" ആ മഹാമാരിയെ അതിജീവിച്ചു. ലോകത്തിന്റെ നെറുകയിൽ നമ്മുടെ ഇന്ത്യ എത്തി. പരശുരാമൻ മഴു എറിഞ്ഞ് നേടി എന്ന് കഥയുള്ള നമ്മുടെ കേരളം ഇന്ത്യയുടെ പരമോന്നതിയിൽ എത്തി. പ്രളയത്തെ അതിജീവിച്ച "കേരളം" കൊവിഡിനെയും അതിജീവിച്ചു.

        അങ്ങനെ അനീഷ ബാക്കിയുള്ള പരീക്ഷയും എഴുതി. ഉന്നത വിജയം കരസ്ഥമാക്കി.  സ്കൂളിലെ അഭിമാനവും നാടിന്റെ പ്രതീക്ഷയുമായ ആ കൊച്ചു മിടുക്കി ഇന്ന് മെഡിസിൻ പഠനം കഴിഞ്ഞു ഡോക്ടർ ആയി ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച ഡോക്ടർ ആയി.  അനാഥരെയും, അവലംബരെയും, തെരുവീഥിയിൽ അലയുന്നവരെയും പ്രത്യേക പരിഗണന നൽകി  ശുശ്രൂഷിച്ച്  ആതുരസേവന രംഗത്ത് പ്രശസ്ഥിയാർജ്ജിച്ച "ഡോക്ടർ അനീഷ".


അജിതകുമാരി എസ്.
UPST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം