സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കണ്ണീർപ്പൂക്കൾ

കണ്ണീർപൂക്കൾ

മഞ്ഞുപെയ്യുന്ന രാത്രി. കൊടും തണുപ്പിൽ സഹോദരങ്ങളായ ടീനയും, ബോബിയും പുതയ്ക്കാൻ ഒരു പുതപ്പ് പോലും ഇല്ലാതെ കഷ്ടപ്പെട്ടു. മഞ്ഞിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സഹോദരങ്ങൾ മഞ്ഞുപെയ്യിച്ച എത്രയും വേഗം തീരണം എന്നാഗ്രഹിച്ച ദിനങ്ങൾ...... പ്രഭാതത്തെ ഒരുമിച്ചു വരവേറ്റിരുന്ന അവർക്കിടയിൽ ഒരു മാറ്റം. ടീന മാത്രമേ പ്രഭാതത്തെ വരവേറ്റുള്ളൂ. ബോബിക്ക് കട്ടിലിൽ നിന്ന് എഴുനേൽക്കാൻ കഴിയുന്നില്ല. കണ്ണ് തുറക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയോടെ അടയും.
"ചേ...ച്ചീ.... ചേ...ച്ചീ: ബോബി തന്റെ സർവ്വശക്തിയും എടുത്തു വിളിച്ചു.
തന്റെ അനിയന് എന്തോ കഠിനമായ രോഗം പിടിപെട്ട് അവൻ തീവ്രവേദന അനുഭവിക്കുന്നു എന്ന് ടീനയ്ക്ക് മനസിലായി. അനാഥയായ പെൺകുട്ടി രോഗം പിടിപെട്ട നാല് വയസുള്ള സഹോദരനെയും കൊണ്ടു എന്ത് ചെയ്യാൻ...അടുത്ത വീട്ടിൽ താമസിക്കുന്ന ജോർജ് എന്ന അപ്പൂപ്പന്റെ സഹായത്തോടെ അവൾ ബോബിയെ ആശുപത്രിയിൽ എത്തിച്ചു. എന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാത്തത് മൂലം ബോബിയുടെ കുടൽ ചുരുങ്ങിയിരുന്നു.
"എത്രയും വേഗം തന്നെ സർജറി ചെയ്യണം ".
എന്നാൽ എട്ടു വയസുള്ള ടീനയ്ക്ക് ഡോക്ടറുടെ വായിൽ നിന്നും വന്ന സർജറി എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു.
"25, 000 രൂപ ആകും. പെട്ടെന്ന് അടയ്ക്കണം." ഉടനടി അടുത്ത നിർദേശം.
അവൾ തന്റെ ചുരുട്ടി പിടിച്ചിരുന്ന കൈ നിവർത്തി നോക്കി. ആ കൈയിൽ വെറും പന്ത്രണ്ട് രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവൾ പതിയെ തന്റെ സഹോദരന്റെ അടുത്തേയ്യ്ക്ക് ചെന്നു.
"ബോബി....." ബോബി ഒന്നും മിണ്ടിയില്ല.
"ബോബി....." അവൾ വീണ്ടും വിളിച്ചു. മറുപടിയില്ല.
"വേഗം തന്നെ സർജറിക്കു വേണ്ട കാര്യങ്ങൾ ചെയ്യു. അതിന് മുൻപ് പോയി ക്യാഷ് അടയ്ക്ക് ".
അവൾ ഡോക്ടറുടെ നേരെ തന്റെ ചുരുട്ടി പിടിച്ചിരുന്ന കൈ നീട്ടി.
"പന്ത്രണ്ട് രൂപ കൊണ്ട് എന്താകാനാ??ക്യാഷ് അടയ്കാതെ സർജറി ചെയ്യില്ല".ഒന്നും മിണ്ടാതെ ടീന നിന്നു.
അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ വീണുകൊണ്ടിരിക്കുന്നു. അടയ്ക്കാൻ രൂപ ഇല്ലാത്തതു കൊണ്ട് തന്റെ അനിയന്റെ ജീവൻ നഷ്ടമാകും എന്ന് ടീനയ്ക്ക് അറിയാമായിരുന്നു. അവൾ പതുക്കെ ബോബിയുടെ അടുത്തേക്ക് ചെന്നു. ബോബി ശ്വാസം എടുത്തു വലിച്ചു. ബോബിയുടെ ജീവൻ നഷ്ടമായി എന്ന് ടീനയ്ക്ക് മനസിലായി.
ഭക്ഷണം വാങ്ങാൻ കാശ് ഇല്ലാത്തതു കൊണ്ട് ബോബിയ്ക്ക് അസുഖം പിടിപെട്ടു. കാശ് ഇല്ലാത്തതിനാൽ സർജറി ചെയ്യാൻ സാധിക്കാതെ അവന്റെ ജീവനും നഷ്ടമായി. ഡോക്ടർമാർ മനസ്സ് വച്ചിരുന്നു എങ്കിൽ ബോബിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ടീന ഏകയായി.
ആശുപത്രി വിട്ട് ഇറങ്ങുമ്പോൾ അവൾ ഒരു തീരുമാനം എടുത്തിരുന്നു. "ഞാനും ഒരു ഡോക്ടർ ആകും ".
പഠിക്കാൻ വേണ്ടി ഏത് ജോലി ചെയ്യാനും അവൾ തയ്യാറായി. ഒരുപാട് വഴക്ക് നേരിടേണ്ടി വന്നപ്പോഴും അതൊന്നും ടീനയെ കാര്യമായി ബാധിച്ചില്ല. വർഷങ്ങൾ കഴിഞ്ഞു.. ടീന താൻ എടുത്ത തീരുമാനം നിറവേറ്റി. അവൾ ഡോക്ടറായി. വലിയ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു പോന്നു. ഏതാനം ദിവസങ്ങളായി ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരിക്കുന്നതു ടീനയുടെ ശ്രദ്ധയിൽ പെട്ടു. അവൾ സൗമ്യപൂർവ്വം അടുത്ത് ചെന്നിരുന്നു കാര്യങ്ങൾ തിരക്കി. ആ സ്ത്രീയുടെ മകന് വളരെ വലിയൊരു ഓപ്പറേഷൻ ചെയ്യണം. അതിനായ് കാശില്ല. മൂന്നു ദിവസമായി ഇവിടെ ഇരുന്ന് കരയുന്നു.
"എന്താ മകന്റെ പേര്? "
"ബോബി " ബോബി എന്ന പേര് ആ സ്ത്രിയുടെ വായിൽ നിന്നും വീണ നിമിഷം ടീന തന്റെ സഹോദരനെപറ്റി ഓർത്തു.
അന്ന് തനിക്ക് കാശ് ഇല്ലാത്തതിന്റെ പേരിൽ അനുജനെ നഷ്ടമായി. ഇന്ന് ഈ അമ്മയ്ക്ക് അവരുടെ മകനെ നഷ്ടമാക്കാൻ പാടില്ല....
"ഇന്ന് തന്നെ ഓപ്പറേഷൻ ചെയ്യണം എന്നാ പറയുന്നത്. അല്ലെങ്കിൽ അവൻ മരിച്ചുപോകും".
"അമ്മ പേടിക്കേണ്ട " ടീന അവിടെനിന്ന് എഴുനേറ്റു പോയി.
പെട്ടെന്ന് ഡോക്ടർ വന്നു പറഞ്ഞു "ബോബിയുടെ ഓപ്പറേഷൻ പെട്ടെന്ന് തുടങ്ങും ".
"അപ്പൊ കാശ് "
"അതൊക്കെ അടച്ചു "
"ആ..ര്"
"ഡോക്ടർ ടീന "
ബോബിയുടെ ഓപ്പറേഷൻ നടന്നു. അവനു ജീവൻ തിരിച്ചു കിട്ടി. ആ അമ്മയ്ക്ക് തന്റെ മകനെയും. ടീനയ്ക്ക് തന്റെ അനുജനെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു. ടീനയുടെ കണ്ണീർ തുള്ളികൾ പൂക്കൾ ആയി മാറി.

സ്നേഹ ബിനോ
9 സി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ