കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 - ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.

ആദ്യ കാല ജീവിതം

ഇറ്റലിയിലെ അങ്കോണ പ്രവിശ്യയിൽ കൊറിനാൾഡോ എന്ന സ്ഥലത്ത് 1890 ഒക്ടോബർ 16നാണ് മരിയ ഗൊരേത്തി ജനിച്ചത്. മരിയ തെരേസ ഗൊരേത്തി എന്നായിരുന്നു ബാല്യത്തിലെ പേര്. പിതാവ് ലുയിജിയും അമ്മ അസൂന്തയും ആയിരുന്നു. മരിയ മാതാപിതാക്കളുടെ ആറുമക്കളിൽ മൂന്നാമത്തെ സന്താനമായിരുന്നു. മരിയക്ക് ആറു വയസ്സായപ്പോഴേക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം മോശമാകുകയും കൃഷി സ്ഥലമെല്ലാം വിറ്റ് മറ്റു കർഷകർക്കു വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. അധികം താമസിയാതെ മരിയയുടെ പിതാവ് രോഗ ബാധിതനാവുകയും, മരിയക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരണമടയുകയും ചെയ്തു. അമ്മയും സഹോദരങ്ങളും പാടത്ത് ജോലി ചെയ്യുമ്പോൾ വീടു വൃത്തിയാകുകയും പാചകം ചെയ്യുകയും മറ്റും ചെയ്തിരുന്നത് മരിയയായിരുന്നു. വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും മരിയയുടെ കുടുംബാംഗങ്ങൾ എല്ലാവരും വളരെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ദൈവത്തിലുള്ള അഗാധമായ വിശ്വാസവും സ്നേഹവും അവർ പങ്കുവച്ചു. പിന്നീട് അവർ ലീ ഫെറീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ സെറിനെല്ലി എന്ന കുടുംബത്തിന്റെ കൂടെ അവരുടെ വീടിന്റെ ഒരു ഭാഗത്ത് താമസമാരംഭിക്കുകയും ചെയ്തു.

രക്തസാക്ഷിത്വം

ലാ കാസ്കിന ആന്റിക്ക (വലത്), മരിയ ഗൊരെത്തി രക്തസാക്ഷിത്വം വരിച്ച സ്ഥലം

1902 ജൂലൈ ആറാം തിയതിയാണ് മരിയ കൊല ചെയ്യപ്പെട്ടത്. വീട്ടിൽ ഒറ്റക്കിരുന്ന് വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലസ്സാണ്ട്രോ തന്റെ ഇം‌ഗിതത്തിനു വഴങ്ങാൻ നിർബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാൾ അവളെ മാനഭം‌ഗപെടുത്താൻ ഒരുങ്ങുകയായിരുന്നു. എന്നൽ മരിയ അയാൾ ചെയ്യാൻ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തിൽ പോകുമെന്നും പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ കീഴ്പെടുന്നതിനേക്കാൾ മരിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് മരിയ പറഞ്ഞപ്പോൾ അയാൾ പതിനൊന്നു തവണ മരിയയെ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ കൂടി അലസ്സാണ്ട്രോ കുത്തി.

ആ സമയത്ത് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന മരിയയുടെ അനിയത്തി തെരേസ ബഹളം കേട്ട് ഉണർന്നു നിലവിളിച്ചു. അതു കേട്ട് ഓടിയെത്തിയ അലസ്സാണ്ട്രോയുടെ പിതാവും മരിയയുടെ അമ്മയും ചേർന്ന് രക്തം വാർന്നു കിടക്കുകയായിരുന്ന മരിയയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ അവളെ അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാൽ പരിക്കുകൾ ഭിഷഗ്വരന്മാർക്ക് ചികിത്സിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു. ശസ്ത്രക്രിയക്കിടയിൽ അവൾക്ക് ബോധം തിരിച്ചു വന്നു. അപ്പോൾ ആ ആശുപത്രിയിലെ ഫാർമസിസ്റ്റ് അവളോട് പറഞ്ഞു "മരിയ നീ പറുദീസയിലായിരിക്കുമ്പോൾ എന്നെയും ഓർക്കുക". അപ്പോൾ മരിയ അദ്ദേഹത്തോട് പറഞ്ഞു "ആരറിഞ്ഞു നമ്മളിരാണ് അവിടെ ആദ്യം എത്തുക എന്ന്". അപ്പോൾ "അത് നീയായിരിക്കും" എന്നു പറഞ്ഞ അദ്ദേഹത്തോട് മരിയ പ്രതിവചിച്ചു "എങ്കിൽ തീർച്ചയായും ഞാൻ താങ്കളെ സ്മരിക്കും". സംഭവം നടന്ന് ഇരുപത് മണിക്കൂർ കഴിഞ്ഞപ്പോൾ മരിയ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിനു മുൻപ് അവൾ അലസ്സാണ്ട്രോയ്ക്ക് മാപ്പു കൊടുക്കുകയും, അയാളെ തനിക്ക് സ്വർഗത്തിൽ വച്ച് കാണണമെന്ന് പറയുകയും ചെയ്തു.

അലസ്സാണ്ട്രോയുടെ മാനസാന്തരം

വിശുദ്ധ മരിയ ഗൊരേത്തിയുടെ രൂപം

മരിയയുടെ കൊലപാതകത്തിനു ശേഷം ഉടൻ തന്നെ അലസ്സാണ്ട്രോ പിടിക്കപ്പെട്ടു. ആ സമയത്ത് അയാൾക്ക് പ്രായപൂർത്തിയായിട്ടില്ലാതിരുന്നതിനാൽ ശിക്ഷ മുപ്പത് വർഷത്തെ ജയിൽ വാസമായി ചുരുങ്ങി. മൂന്നു വർഷത്തോളം അയാൾ മൗനിയായി തടവറയിൽ ജീവിച്ചു. ആയിടെ മൊൻസിഞ്ഞോർ ജിയൊവന്നി ബ്ലാദിനി എന്ന പേരുള്ള ഒരു ബിഷപ്പ് അയാളെ തടവറയിൽ ചെന്ന് സന്ദർശിക്കുകയുണ്ടായി. അതിനു ശേഷം അലസ്സാണ്ട്രോ അദ്ദേഹത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് കത്തെഴുതി. ബിഷപ്പിന്റെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ ആ കത്തിൽ താൻ കണ്ട ഒരു സ്വപ്നത്തേക്കുറിച്ചും അയാൾ സൂചിപ്പിച്ചിരുന്നു. സ്വപ്നത്തിൽ മരിയ തനിക്ക് ലില്ലി പൂക്കൾ തരുന്നതായും ആ പൂക്കൾ തന്റെ കയ്യിലിരുന്ന് കത്തിയെരിയുന്നതായും താൻ കണ്ടുവെന്ന് അയാൾ എഴുതിയുന്നു.

ജയിൽ മോചിതനായ ശേഷം അലസ്സാണ്ട്രോ മരിയയുടെ മാതാവ് അസ്സ്യുന്റയെ ചെന്ന് കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. മരണ ശയ്യയിൽ വച്ച് മരിയ അയാൾക്ക് മാപ്പു കൊടുത്തുവെങ്കിൽ തനിക്കും ക്ഷമിക്കതിരിക്കാൻ ആവില്ല എന്നു പറഞ്ഞു കൊണ്ട് അവർ അയാൾക്ക് മാപ്പ് നൽകി. അന്നു തന്നെ അവർ രണ്ടു പേരും ചേർന്ന് വിശുദ്ധ കുർബാനയിൽ പങ്കു കൊള്ളുകയും അടുത്തടുത്ത് നിന്ന് കുർബാന സ്വീകരിക്കുകയും ചെയ്തു . അലസ്സാണ്ട്രോ എന്നും മരിയയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്തിക്കുകയും തന്റെ കുഞ്ഞു വിശുദ്ധ എന്ന് വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് അലസ്സാണ്ട്രോ ഓർഡർ ഓഫ് ഫരിയാസ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ചേരുകയും മരണം വരെ ഒരു ആശ്രമത്തിൽ റിസപ്ഷനിസ്റ്റും ഉദ്യാനപാലകനുമായി ജോലി ചെയ്ത് ജീവിക്കുകയും ചെയ്തു. 1970ൽ അലസ്സാണ്ട്രോ മരണമടഞ്ഞു.

വിശുദ്ധയായി പ്രഖ്യാപിക്കുന്നു

1947 ഏപ്രിൽ 27ന് മരിയയെ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ മാർപ്പാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു "അനുഗൃഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗൃഹീതയുടെ മാതാവ്" . മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു". ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലസ്സാണ്ട്രോയും ചടങ്ങിൽ പങ്കെടുത്തു.

വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നതിനാൽ ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുറത്ത് വച്ചാണ് നടത്തിയത്. പതിവിനു വിപരീതമായി അന്ന് മാർപ്പാപ്പ ലത്തീനിനു പകരം ഇറ്റാലിയൻ ഭാഷയിലാണ് സംസാരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 500,000 ത്തോളം ആളുകളിൽ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു. അവരോട് "നിങ്ങളുടെ വിശുദ്ധിക്കെതിരേയുള്ള ആക്രമണങ്ങളെ ദൈവ കൃപ കൊണ്ട് ചെറുക്കുമെന്ന് നിങ്ങൾ ദൃഡപ്രതിജ്ഞ ചെയ്യുന്നുവോ" എന്ന ചോദ്യത്തിന് "അതെ" എന്ന ഉത്തരം മാറ്റൊലി കൊണ്ടു.

മരിയയുടെ ഭൗതിക ശരീരം തെക്കൻ റോമായിലെ ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു

പുണ്യവചനം

  • "എന്റെ ശരീരം കഷണം കഷണമായി മുറിക്കുകയാണെന്കിൽക്കൂടി ഞാ൯ പാപം ചെയ്യുകയില്ല"

വിശുദ്ധയുടെ സന്ദേശം

  • "ലോകത്തിന്റെ സൗന്ദര്യങ്ങളിൽ കുടുക്കി സ്വർഗ്ഗത്തിന്റെ സൗഭാഗ്യം നഷ്ടമാക്കരുത്"
"https://schoolwiki.in/index.php?title=സെന്റ്_മരിയ_ഗോരേത്തി&oldid=1229097" എന്ന താളിൽനിന്ന് ശേഖരിച്ചത്