പരിസ്ഥിതി

സസ്യജന്തുജാലങ്ങളാൽ വൈവിധ്യമാർന്നതാണ് നാം വസിക്കുന്ന നമ്മുടെ ഈ പ്രപഞ്ചം. ജീവന്റെ ഉറവിടമാണല്ലോ പ്രപഞ്ചം. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പരിസര മലിനീകരണം. പ്രകൃതിയെന്നാൽ അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കേണ്ടത് മക്കൾ എന്ന നിലയിൽ നമ്മുടെയൊക്കെ കടമയാണ് . മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷേ, നമ്മൾ ഈ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്നത് ക്രൂരത മാത്രമാണ്. അത് നമ്മുടെ പരിസ്ഥിതിയെ എത്ര മാത്രം ബാധിക്കുന്നു എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്. ഭൂമി മാതാവ് മക്കൾക്ക് നൽകുന്ന വരദാനമാണ് പ്രകൃതി. ആ ഭൂമി മാതാവിനെ നാം ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല. പ്രകൃതി നമ്മളെ സ്നേഹിക്കുന്നതുപോലെ നാമും പ്രകൃതിയെ സ്നേഹിക്കണം. അതുപോലെ പ്രകൃതി നൽകുന്ന സ്നേഹം നാം ഒരിക്കലും ദുരുപയോഗം ചെയ്യാൻ പാടില്ല. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കുട്ടികൾ എന്ന നിലയിൽ നമ്മുടെ കർത്തവ്യമാണ്. പ്രകൃതി, നാം എല്ലാവരെയും സംരക്ഷിക്കുകയും നമുക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്യുന്നു.എന്നാൽ, തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ മറ്റുള്ളവരുടെ കാര്യമോ താൻ അധി വസിക്കുന്ന പരിസ്ഥിതിയുടെ കാര്യമോ ചിന്തിക്കുന്നില്ല. പണം കൊടുത്താൽ എന്തും പിടിച്ചടക്കാവുന്ന ഇന്നത്തെ കാലഘട്ടത്തിൽ പിടിച്ചെടുക്കാൻ കഴിയാത്ത പലതുമുണ്ടെന്ന് അവരറിയുന്നില്ല. അതിൽ പ്രധാനമാണ് ശുദ്ധവായു, ജലം, സൂര്യപ്രകാശം എന്നിവയൊക്കെ.പ്രകൃതിയെ സംരക്ഷിക്കുന്നില്ലെങ്കിൽ പോലും ഉപദ്രവിക്കാതിരിക്കാൻ നാം ശ്രമിക്കണം. പ്രകൃതിയ്ക്ക് ദോഷകരമായ പല സംഭവങ്ങളും പുതുയുഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. കുന്നിടിക്കൽ, വയൽ നികത്തൽ, മണൽവാരൽ, വനം നശിപ്പിക്കൽ, കാട്ടുതീ ഇടൽ, പുഴയും നദിയും മലിനമാക്കൽ എന്നിവയൊക്കെ.കൂടാതെ ഫാക്ടറികളിലെ വിഷവാതകങ്ങൾ ശുദ്ധവായു നശിപ്പിക്കുന്നു. ഇതു മൂലം അന്തരീക്ഷത്തെ ഇതു ദോഷകരമായി ബാധിക്കുന്നു. പ്രപഞ്ചത്തെ മാത്രമല്ല മനുഷ്യരെയും ഇത് ദോഷകരമായി ബാധിക്കുന്നു എന്ന് ചിന്തിച്ചു കൊണ്ട് നാം പ്രവൃത്തിക്കണം.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക, കുന്നുകളും വയലുകളും സംരക്ഷിക്കുക, തൈകൾ നട്ടുപിടിപ്പിക്കുക, പരമാവധി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക ഇവയെല്ലാം നിത്യജീവിതത്തിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഏതാനും ചില കാര്യങ്ങളാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മണ്ണിനെയും ജലത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് നാം ഏവർക്കും അറിവുള്ള കാര്യമാണല്ലോ. അതിനാൽ തന്നെ പ്രകൃതി നശിക്കുന്നതുമൂലമുള്ള ദോഷങ്ങളെക്കുറിച്ച് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് കുട്ടികൾ എന്ന നിലയിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. അതിനാൽ തന്നെ നമ്മുടെ നല്ല നാളെയ്ക്കു വേണ്ടി ഈ സുന്ദരമായ ഭൂമിയെ നമുക്ക് സംരക്ഷിച്ചേ മതിയാകു.
" പ്രകൃതിയെ സംരക്ഷിക്കൂ, ജീവനെ രക്ഷിക്കൂ " എന്ന ദൃഢപ്രതിജ്ഞയുമായി നമ്മുക്ക് മുന്നേറാം....

ബിനീഷാ ബിജു
9 സി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം