സെന്റ് തോമസ് എൽ പി എസ് കങ്ങഴ/എന്റെ ഗ്രാമം
കങ്ങഴ
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് കങ്ങഴ. കോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്, കിഴക്ക് വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്, തെക്ക് വെള്ളാവൂർ, ആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്.
കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങഇയതിനു കാരണം
കണ്വ മുനി ഒരിക്കൽ കങ്ങഴ സന്ദർശിച്ചുവെന്നും അദ്ദേഹം ഇവിടെ ഓരു ശിവലിംഗം പ്രതിഷ്ടിച്ചുവേന്നുമാണ് ഐതിഹ്യം .അങ്ങനെ കണവൻ ശിവനെ പ്രതിഷ്ടിച്ചതിനാൽ കണ്വഴായ എന്ന് പേര് ലഭിച്ച ഈ സ്ഥല നാമം ക്രമേണ കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങി. അഭിജ്ഞാനശാകുന്തളം കണ്വമഹർഷിയുടെ ആശ്രമ സങ്കേതം എന്ന സങ്കല്പത്തിൽ കണ്വഴ എന്നനാമവും പിന്നീട് കങ്ങഴ എന്ന രൂപവും ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്. കങ്ങഴയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം രണ്ടു പുരാതന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പഴക്കംകൊണ്ട് പ്രാധാന്യം പത്തനാട്ടുകാവ് എന്നറിയപ്പെടുന്ന ഭഗവതീക്ഷേത്രത്തിനാണെങ്കിലും പ്രതാപവും ദേശാധിപത്യവുംകൊണ്ട് ശിവക്ഷേത്രത്തിനാണ് മുഖ്യ സ്ഥാനം. നൂറ്റാണ്ടുകൾക്കു മുമ്പ് തെക്കുംകൂർ രാജാവ് സ്ഥാപിച്ചതാണ് ശിവക്ഷേത്രം. ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിനായി വിട്ടുകൊടുത്തതാണ് കങ്ങഴഗ്രാമം. ഫലഭൂയിഷ്ഠമായ ഈ ഗ്രാമത്തിലേക്ക് വിവിധപ്രദേശത്തു നിന്നുള്ള കർഷകർ പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കുടിയേറി വന്നു. പാട്ടമായും മറ്റു വ്യവസ്ഥകളിലും ഇവർ കൃഷി ഭൂമി കൈവശപ്പെടുത്തി. ഏതാണ്ട് 360 വർഷംവരെ ഈ കുടിയേറ്റത്തിന് പഴക്കം ഉള്ളതായി കരുതപ്പെടുന്നു. കങ്ങഴയിലെ സ്ഥിരമായ ജനവാസത്തിന് 500 വർഷത്തിലധികം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഒന്നര നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ചതാണ് കങ്ങഴ പുതൂർപള്ളി എന്ന മുസ്ളീം പള്ളി. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചതും അക്കാലത്തുതന്നെയാണ്. ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച കാനം, കോവൂർ പള്ളികൾക്ക് 140 വർഷത്തെ പഴക്കമുണ്ട്. 1890-ലാണ് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സ്ഥാപിച്ചത്. കന്നുകാലി സമ്പത്ത് ധാരാളമായി ഉണ്ടായിരുന്ന 1950 കാലം വരെ ഗംഭീരമായി നടന്നുവന്ന കങ്ങഴ കച്ചവടചന്ത ഈ നാടിന് വളരെ പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഇടയിരിക്കപ്പുഴ പ്രൈമറി ഹെൽത്തു സെന്ററുകളും പാണ്ടിയാം കുഴിയിൽ ഉള്ള മഴവഞ്ചേരിൽ രാമൻ നായർ സ്മാരക ആയുർവ്വേദാശുപത്രിയും ഗവൺമെന്റ് സ്ഥാപനങ്ങളായി നിലവിലുണ്ട്. ചെറിയ രണ്ടുമൂന്ന് അലോപ്പതി ആശുപത്രികളും വൈദ്യശാലകളും ഒരു പ്രകൃതി ചികിൽസാ കേന്ദ്രവും വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്ഥാപിച്ച ഗ്രാമസ്വരാജ് പബ്ളിക് ലൈബ്രറി ഇടയിരിക്കപ്പുഴയിലും പഞ്ചായത്തു ലൈബ്രറി പത്തനാട്ടും പ്രവർത്തിക്കുന്നു.
കങ്ങഴയിലെ മറ്റ് പ്രധാന സ്ഥാപനങ്ങൾ
- എം.ജി.ഡി.എം. ആശുപത്രി
- എം.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂൾ
- മാർ ഏലിയ ചാപ്പൽ
- ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ
- പി. ഗീവർഗ്ഗീസ് നഴ്സിങ് സ്കൂൾ
- തിയോഫിലസ് നഴ്സിങ് കോളേജ്
- പി.ജി.എം. കോളേജ്
- ബസേലിയോസ് ഹയർ സെക്കൻഡറി സ്കൂൾ
ആരാധനാലയങ്ങൾ
- സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി (കങ്ങഴപ്പള്ളി)
- കങ്ങഴ മഹാദേവ ക്ഷേത്രം
- പത്തനാട് ഭഗവതി ക്ഷേത്രം
- ബെതേൽ ഗോസ്പൽ അസ്സംബ്ലി ചർച്ച് അഞ്ചാനി
- ഇളങ്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രം
- ഇടയിരിക്കപ്പുഴ ഉമാ മഹേശ്വരി ക്ഷേത്രം
- പൂതൂർപ്പള്ളി ജുമാ മസ്ജിദ് കങ്ങഴ
- സെൻ്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് കങ്ങഴ
- സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി മുണ്ടത്താനം
- സെൻ്റ് ആൻ്റണീസ് കാത്തോലിക് പള്ളി മുണ്ടത്താനം
- സെൻ്റ് ജോർജ്ജ് ചാപ്പൽ ചീരമറ്റം
- ഐപിസി ചർച്ച് മുണ്ടത്താനം
- ഷാരോൺ ഫെലോഷിപ്പ് മുണ്ടത്താനം
- ചർച്ച് ഓഫ് ഗോഡ് മുണ്ടത്താനം
- സാൽവേഷൻ ആർമി ചർച്ച് ഇടയപ്പാറ