ഒരു നാടിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുനയിക്കുക എന്ന ലക്ഷ്യത്തോടുകൂടി കൈപ്പട്ടൂർ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ പ്രകൃതിമനോഹാരിതകൊണ്ടു സമ്പന്നമായ ഒരു കൊച്ചുകുന്നിൽ മുകളിൽ സ്ഥാപിച്ച സരസ്വതീവിദ്യാലയമാണ് സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ. സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. കിലോമീറ്ററോളം നടന്ന് തുമ്പമണ്ണും പത്തനംതിട്ട യിലും നടന്ന് പോയിപഠിക്കുന്ന അവസ്ഥയിലായിരുന്നു.ഈ ദയനീയസ്ഥിതിിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ കൊല്ലംജില്ലയിൽ തേരകത്ത് ചെറിയാൻ മുതലാളി കൈപ്പട്ടൂർ ദേശത്ത് ചന്ദനപ്പള്ളിക്കുസമീപം ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ,സി പി രാമസ്വാമിഅയ്യർ 1945 ൽ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തി. ഇന്ന് ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലാണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ചവിദ്യാഭ്യാസം നൽകുന്നതിൽ അന്നുമുതൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.

തേരകത്ത് മുതലാളിക്കു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.സി. കെ. തേരകത്ത് ഈ സ്ക്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഏകദേശം അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം ഈ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. ഈ കാലയളവിൽ പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2003 ൽ ശ്രീ . സി കെ. തേരകത്ത് ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം 2 വർഷക്കാലം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .തമ്പാൻ സാർ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.

2005 ൽ കീപ്പള്ളിൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ എല്ലാപ്രവർത്തനമികവിലും സ്ക്കൂൾ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും പ്രചോദനവും ഉണ്ട്. 2005 മുതൽ ശ്രീ . കെ.എം. ജോൺ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. ജോൺസൺ കീപ്പള്ളിൽ മാനേജർ സ്ഥാനം ഏറ്റെടുത്തു . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും ജില്ലയിലും സംസ്ഥാനത്തും മികവുറ്റ വിദ്യാലയമായി മാറിയിരിക്കുന്നു. ശ്രീ. രാജേന്ദ്രൻ ഉണ്ണിത്താൻസാറാണ് 2016 മുതൽഈ സ്ക്കൂളിന്റെ പ്രധാന അദ്ധ്യാപകൻ . 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. യു.പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലായി 23 ഡിവിഷനുകളിൽ 726കുട്ടികൾ ഇവിടെ പഠിക്കുന്നു. 2019-20 SSLC പരീക്ഷയിൽ 100 % വിജയവും 43 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A plus നേടാനും കഴിഞ്ഞിട്ടുണ്ട് . കലാകായിക മേളയിലും ശാസ്ത്രമേളയിലും സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് . സ്കൂളിന്റെ എല്ലാ നേട്ടങ്ങൾക്കും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണം ലഭിക്കുന്നുണ്ട്.ഇപ്രകാരം നാടിനും സമൂഹത്തിനും പ്രകാശം ചൊരിഞ്ഞുകൊണ്ട് എൺപതുവർഷത്തിലേറെയായി ഈ സരസ്വതീക്ഷേത്രം നാൾക്കുനാൾ ശോഭിച്ചുനിൽക്കുന്നു.