സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് നടത്തുന്ന ഒരു പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

ഹലോ ഇംഗ്ലീഷ്

സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർപ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണത്തിലൂടെയാണ് പഠനം നടക്കുന്നത്.

സുരീലി ഹിന്ദി

ഹിന്ദി ഭാഷാ പഠനം ആകർഷകമാക്കുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായി നടത്തുന്ന പഠന പോഷണ പരിപാടിയാണ് സുരീലി ഹിന്ദി ഹിന്ദി. കുട്ടികൾക്ക് പൊതുവെ താല്പര്യം കുറഞ്ഞ ഭാഷയാണ് ഹിന്ദി. അതിനാൽ, കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദിയിലേക്ക് ആകർഷിച്ച് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും സംസാരിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് സുരീലി ഹിന്ദി പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ഈസി ഐ.സി.ടി

കമ്പ്യൂട്ടർ പഠനം കൂടുതൽ ആകർഷകമാക്കാനും വിദ്യാർഥികളെ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് എത്തിക്കാനും വേണ്ടി നടത്തുന്ന പരിപാടിയാണ് ഈസി ഐ.സി.ടി. ഐ.സി.ടി പൊതുവെ ഇതര വിഷയങ്ങളെ ആകർഷകമാക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം എന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈസി ഐ.സി.ടി-യിലൂടെ കമ്പ്യൂട്ടർ പഠനം ഒരു സ്വതന്ത്ര വിഷയമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിക്കുന്നത്. കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ, ചിത്രരചന ആപ്പ്ലിക്കേഷനുകൾ, ഓഫീസ് പാക്കേജുകൾ, ഇമേജ് എഡിറ്റിങ്ങ്, ഓഡിയോ പ്രൊഡക്ഷൻ & എഡിറ്റിങ്ങ്, ലീനിയർ & നോൺ ലീനിയർ വീഡിയോ എഡിറ്റിങ്ങ്, 2ഡി & 3ഡി മോഡലിങ്ങ് തുടങ്ങിയ പഠനമേഖലകളിലൂടെയാണ് ഈസി ഐ.സി.ടി സഞ്ചരിക്കുന്നത്.

ശാസ്ത്രമേള

സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ശാസ്ത്രമേള. കുട്ടികളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശാസ്ത്രമേള സ്കൂളിൽ നടത്തുന്നത്. ഈ പദ്ധതിയിലൂടെ പാഠപുസ്ക പഠനത്തിനൊപ്പം നിത്യജീവിതത്തിന്റെ മാതൃകാ മാർഗങ്ങളും ശാസ്ത്ര അവബോധവും പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നു. വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവി ശാസ്ത്രീയ അഭിരുചിയും മനോഭാവവും അന്വേഷണത്വരയും കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ ശാസ്ത്രമേളകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നു.

സാമൂഹ്യശാസ്ത്രമേള

പഠന പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും സമൂഹത്തിന്റെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുക, കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക, കുട്ടിയുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വളർത്താൻ അവസരം ഒരുക്കുക, പോയകാല ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമകാലീന സംഭവങ്ങളെ അപഗ്രഥിക്കാനും വിലയിരുത്താനും ഭാവിതലമുറക്ക് ഉപയുക്തമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യശാസ്ത്രമേളയുടെ ലക്ഷ്യങ്ങൾ.

ഗണിതമേള

സ്കൂൾ വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്രത്തിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ഗണിതമേള. കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക തുടങ്ങിയവയാണ് ഗണിതമേളയുടെ ലക്ഷ്യങ്ങൾ. ഗണിതത്തിൽ ഉന്നത നിലവാരം കൈവരിക്കുന്നതിനും സാമൂഹ്യശേഷികൾ നേടുന്നതിനുള്ള അവസരം നൽകുക. ഗണിതപഠനവും പ്രയോഗവും ജനപ്രിയമാക്കുക, ജീവിതഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഗണിതത്തെ ഉപയോഗപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഗണിതമേള നടത്തുന്നത്.

യു എസ് എസ് പരിശീലനം

സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് യു.എസ്.എസ് പരീക്ഷ. കേരളത്തിലെ പ്രൈമറി സ്‌കൂളുകളിൽ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷ കൂടിയാണിത്. മലയാളം, ഇംഗ്ലീഷ്, ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഏഴാം ക്ലാസുകളിലെ കുട്ടികൾ നേടിയ അറിവും പ്രയോഗ പാടവവുമാണ് ഈ പരീക്ഷയിൽ വിലയിരുത്തപ്പെടുന്നത്. യു.എസ്.എസ് പരീക്ഷയ്ക്ക് വേണ്ടി നമ്മുടെ വിദ്യാലയത്തിലെ വിദ്യാർഥികൽക്ക് അദ്ധ്യാപകർ പരിശീലനം നൽകുന്നു. മുൻകാല ചോദ്യപേപ്പർ ചെയ്യിക്കുക, പരീക്ശയിൽ സമയക്ലിപ്തത പാലിക്കാൻ പരിശീലിപ്പിക്കുക. ഓരോ വിഷയങ്ങൾക്കും വെവ്വേറെ ക്ലാസുകൾ നൽകുക തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ ചെയ്യിക്കുന്നത്.

ചിത്രരചനാ പരിശീലനം

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിൽ ചിത്രകലാ രംഗത്ത് കഴിവ് തെളിയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത്‍ നിരവധി വിദ്യാർഥികളുണ്ട്. പൂർവ്വവിദ്യാർഥികളായിട്ടുള്ള ചിത്രകാരന്മാരുടെ ക്ലാസ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് മാസത്തിലൊരിക്കൽ നൽകി വരുന്നു. ബി.ആർ.സി-യിൽ നിന്നും ആഴ്ചയിൽ ഒരിക്കൽ ചിത്രകലാ അദ്ധ്യാപകൻ സ്കൂളിലെത്തുകയും വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ക്രാഫ്റ്റ് ക്ലാസ്

ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് മനോഹരമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. പേപ്പർ, ചിരട്ട, തടി, ഉപയോഗശൂന്യമായ കുപ്പി, ഈർക്കിലി, ഈറ്റ, മുള എന്നിവ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്തുക്കളുടെ നിർമ്മിക്കാനുള്ള കഴിവ് വിദ്യാർഥികൾ ആർജ്ജിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലാസ് നടത്തുന്നത്. ബി.ആർ.സി-യിൽ നിന്നം ആഴ്ചയിൽ രണ്ടു ദിവസം കരകൗശല നിർമ്മാണത്തിൽ വിദഗ്ദ്ധയായ ഒരു അദ്ധ്യാപികയുടെ സേവനം ഈ ക്ലാസ് നടത്തുന്നതിനു വേണ്ടി നമുക്ക് ലഭിക്കുന്നുണ്ട്.

പഠനയാത്ര

പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. യാത്രയുടെ ലക്ഷ്യം സാധാരണയായി വിദ്യാഭ്യാസം, പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറത്തുള്ള അനുഭവങ്ങൾ നൽകുക എന്നിവയാണ്. ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം. കൂടാതെ ഫീൽ‌ഡ് ട്രിപ്പുകൾ‌ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ‌ നേടുന്നതിന് സഹായിക്കുന്നു.

മൂല്യനിർണ്ണയം

വിദ്യാഭ്യാസ പ്രവർത്തനത്തിൽ മൂല്യനിർണ്ണയം ഒരു അവശ്യഘടകമാണ്. ക്ലാസ്റൂം പഠനത്തിൽ ഒരു സാഹചര്യത്തിലും മൂല്യനിർണ്ണയത്തെ ഒഴിവാക്കാനാവില്ല. പഠിതാക്കളുടെ നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുക മാത്രമല്ല, അവ മെച്ചപ്പെടുത്താൻ കൂടി വേണ്ടിയാണ് മൂല്യനിർണ്ണയം. നമ്മുടെ വിദ്യാലയത്തിൽ യൂണിറ്റ് മൂല്യനിർണ്ണയവും ടേം മൂല്യനിർണ്ണയവും കൃത്യമായി തന്നെ നടക്കാറുണ്ട്.

ക്ലാസ് പി ടി എ

ഓരോ ക്ലാസ്സുകളുടെയും അക്കാദമികവും അക്കാദമികേതരവുമായ കാര്യങ്ങൾ രക്ഷകർത്താക്കളുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് ക്ലാസ് പി.ടി.എ. നമ്മുടെ വിദ്യാലയത്തിൽ ക്ലാസ്‍ പി.ടിഎ എല്ലാ മാസങ്ങളിലും യോഗം ചേരാറുണ്ട്. ഏറെ പ്രത്യേകിച്ച് പാദവാർഷിക മൂല്യനിർണ്ണയത്തിനു ശേഷം പഠിതാക്കളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായും ക്ലാസ് പി.ടി.എ വിളിച്ചു ചേർക്കാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

അക്കാദമിക വർഷം ആരംഭിക്കുന്നത് ജൂൺ 1 മുതലാണ്. ജൂൺ 1-നാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം വേനലവധിക്കു ശേഷം തുറക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ജൂൺ 1 പ്രവേശനോത്സവമായി ആഘോഷിക്കുന്നു. എൽ.പി സ്കൂളിൽ നിന്നും വിജയിച്ച്  നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന അഞ്ചാം ക്ലാസ്‌ വിദ്യാർഥികളെ സാഘോഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്നു. തുടർന്ന് നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് മുതിർന്ന ക്ലാസ്സിലെ വിദ്യാർഥികൾ മധുരം നൽകി സ്വീകരിക്കുന്നു.

സ്കൂൾ പി ടി എ

അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.

മദർ പി ടി എ

കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാർക്കുള്ള പങ്ക് മറ്റാർക്കുമില്ല. കുഞ്ഞിന്റെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നത് ജനന സമയം മുതൽക്കാണ്. കുഞ്ഞിന്റെ ഓരോ ചലനത്തിലും ദത്തശ്രദ്ധമായി പെരുമാറുന്ന അമ്മയാണ് ഏതു കുഞ്ഞിന്റെയും ആദ്യ അദ്ധ്യാപിക. അതുകൊണ്ടു തന്നെ വിദ്യാലയത്തിൽ മദർ പി ടി എ-ക്ക് വളരെ പ്രാധാന്യമുണ്ട്. വിദ്യാലയവും അമ്മമാരും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. വിദ്യാലയത്തിന്റെ അക്കാദമികവും വിദ്യാർഥിബന്ധിതവുമായ കാര്യങ്ങളിൽ ക്രിയാതമകമായ ഇടപെടലുകൾ നടത്തുന്ന ഒരു എം.പി.ടിഎ-യാണ് നമുക്കുള്ളത്.

ഉച്ചഭക്ഷണ കമ്മിറ്റി

സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. തുടർന്ന് പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്.

ഗൃഹസന്ദർശനം

വിദ്യാർഥികളാണ് ഏതൊരു വിദ്യാലയത്തിന്റെയും സമ്പത്ത്. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർഥികൾ ജീവിക്കുന്ന വീട്, ചുറ്റുപാട്, അന്തരീക്ഷം എന്നിവ അദ്ധ്യാപകർ അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ നമ്മുടെ അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും രക്ഷകർത്താക്കളുമായി വിദ്യാർഥികളെപ്പറ്റി സംസാരിക്കുകയും വിദ്യാർഥികളുടെ പഠനപുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.

വിനോദയാത്ര

യാത്ര ഒരു അനുഭവമാണ്. പുതിയ സ്ഥലങ്ങളും പുതിയ കാഴ്ചകളും എല്ലാവരും ഇഷ്ടപ്പെടുന്നു. പ്രകൃതിയെ അടുത്തറിയാൻ യാത്രയോളം മറ്റൊന്നിനും കഴിയില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്നു. യാത്ര പല മറക്കാനാകത്ത ഓർമ്മകളും നമുക്ക് സമ്മാനിക്കുന്നു. സുഹൃത്തുക്കളൊടൊപ്പമുള്ള യാത്രകൾ ഒരു ദീപ്തസ്മരണയായി ജീവിതത്തിലുടനീളം നിലനിൽക്കുന്നു. വിദ്യാർഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും ഒന്നിച്ചുള്ള വിനോദയാത്ര ഒരു അവിസ്മര്ണിയ അനുഭവമാണ്. അക്കാദമിക വർഷം അവസാനിക്കുന്നതിനു മുമ്പായി നമ്മുടെ വിദ്യാലയത്തിൽ നിന്നും വിനോദയാത്രയ്ക്ക് പോകാറുണ്ട്.

കലോത്സവം

വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിക്കാനുള്ള അന്തരീക്ഷം നമ്മുടെ വിദ്യാലയത്തിലുണ്ട്. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയും പരിശീലനവും നൽകുന്ന പാരമ്പര്യമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. കലോത്സവങ്ങൾ കലയുടെ മേളയാണ്. പ്രധാനമായും കലോത്സവങ്ങൾ സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാനതലങ്ങളിലാണ് നടക്കുന്നത്. സ്കൂൾ കലോത്സവം നടത്തി അതിൽ വിജയിക്കുന്നവരെയാണ് നമ്മുടെ വിദ്യാലയം അടുത്ത തലത്തിലേക്ക് അയക്കുന്നത്.

കായികമേള

കലാപരമായി കഴിവുകളോടൊപ്പം കായികമായ കഴിവുകളും വികസിപ്പിക്കാൻ അനുകൂലമായ സാഹചര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. ഉന്നത നിലവാരത്തിലുള്ള കായിക പ്രകടനങ്ങൾ പുറത്തെടുക്കാൻ ശേഷിയുള്ള വിദ്യാർഥികൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അങ്ങനെയുള്ള വിദ്യാർഥികൾക്ക് പിന്തുണയും പരിശീലനവും നൽകാൻ നമ്മുടെ വിദ്യാലയം സദാ സന്നദ്ധമാണ്. കലോത്സവങ്ങൾ പോലെ തന്നെ കായികമേളയും സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിലാണ് നടക്കുന്നത്. സ്കൂൾ കായികമേള നടത്തി അതിൽ വിജയിക്കുന്നവരെയാണ് നമ്മുടെ വിദ്യാലയം അടുത്ത തലത്തിലേക്ക് അയക്കുന്നത്.

ഓണാഘോഷം

മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാവധിക്ക് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് സ്കൂളിൽ ഓണാഘോഷം നടക്കുന്നത്. അന്നേദിവസം അത്തപ്പൂക്കളം, തിരുവാതിര, വടംവലി, തുടങ്ങിയ മത്സരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ക്രിസ്തുമസ് ആഘോഷം

ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. നമ്മുടെ വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷം നടക്കാറുണ്ട്. രണ്ടാം പാദവർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂൾ ക്രിസ്തുമസ് അവധി നൽകുന്നതിനു മുമ്പുള്ള ദിവസമാണ് സ്കൂലിൽ ക്രിസ്തുമസ് ആഘോഷം നടത്തുന്നത്. അന്നേദിവസം ക്രിസ്തുമസ് ട്രീ നിർമ്മാണം, ക്രിബ് നിർമ്മാണം, സാന്റാക്ലോസായി ഒരുങ്ങൽ തുടങ്ങിയ മതസരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും കേക്ക് മുറിക്കലും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഉണ്ടായിരിക്കും.

സ്കൂൾ വാർഷികം

സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് സ്കൂൾ വാർഷികം. 1924 ജനുവരി 15-നാണ് നമ്മുടെ സ്കൂൾ ബഹുമാന്യനായ ശ്രീ ഇടിക്കുള ചാക്കോയാൽ സ്ഥാപിക്കപ്പെട്ടത്. 98 വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ വിദ്യാലയം ശതാബ്ദിയോടടുക്കുകയാണ്. എല്ലാ വർഷവും ജനുവരി 15 സ്കൂൾ വാർഷികമായി നമ്മൾ ആഘോഷിക്കാറുണ്ട്. അന്നേദിവസം കരുവാറ്റയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൊതുയോഗവും തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.