സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ഞാനുംകോവിഡും
ഞാനുംകോവിഡും
പരീക്ഷകൾ കഴിഞ്ഞ് കൂട്ടുകാരോടൊക്കെ യാത്രപറഞ്ഞു ,സന്തോഷത്തോടെ സ്കൂളിന്റെ പടി ഇറങ്ങി രണ്ടു മാസം കളിക്കാൻ ഒരുങ്ങിയിരുന്ന എന്നെ വീടിന്റെ ഉള്ളിൽ തളച്ചിട്ട കോവിഡ് നീ ക്രൂരനാണ്.ഒന്നര ലക്ഷത്തിലധികം മനുഷ്യരെ ഇല്ലാതാക്കിയ നിന്നോട് എനിക്ക് തീരെ സ്നേഹം ഇല്ല . നീ അവധിക്കാലം നോക്കി വന്നതിൽ എനിക്ക് നിന്നോട് നല്ല പരിഭവമുണ്ട് .അവധിക്ക് അമ്മ വീട്ടിൽ പോകാനിരുന്ന ഞാൻ ഇപ്പോൾ അമ്മയുടെ അടുത്ത് പോലും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കേണ്ട അവസ്ഥ വന്നതിനു കാരണം നീ മാത്രമാണ്. പക്ഷേ നിനക്ക് മനുഷ്യരെ നന്നായി അറിയില്ല ,വലിയ പകർച്ചവ്യാധികളും രണ്ട് ലോകമഹായുദ്ധങ്ങളും അതിജീവിച്ചവരാണ് ഞങ്ങൾ. നിന്നെയും ഞങ്ങൾ അതിജീവിക്കും. പക്ഷേ സത്യം പറയാമല്ലോ , നിന്നോട് ഒരു ബഹുമാനമുണ്ട്. അതിനുള്ള കാരണങ്ങൾ ഞാൻ പറയാം , നീ വന്നതോടെ എന്റെ അറിവ് വർദ്ധിച്ചു. ബാക്ടീരിയ ,വൈറസ് എന്നിവ തമ്മിലുള്ള വ്യത്യാസം ഇപ്പോൾ എനിക്കറിയാം .ക്വാറന്റൈൻ,ഐസൊലേഷൻ തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം എനിക്കറിയാം . സനിറ്റൈസർ , ഹാൻഡ് വാഷ് മുതലായവ എന്താണെന്ന് എനിക്കറിയാം . വ്യക്തി ശുചിത്തെ കുറിച്ച് വേണമെങ്കിൽ ഒരു ലേഖനം എഴുതാൻ തന്നെ ഇപ്പോൾ എനിക്ക് സാധിക്കും . പുറത്ത് പോയിട്ട് തിരിച്ചുവരുന്ന പപ്പാ പലതവണ കൈ സോപ്പിട്ട് കഴുകുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു .പപ്പ ഒത്തിരി മാറി,നീയറിയാതെ മറ്റു ചില ഗുണങ്ങൾ നീ മൂലം എനിക്കുണ്ടായി .എന്റെ അമ്മയ്ക്ക് നന്നായി പാചകം ചെയ്യാൻ അറിയാമെന്ന് എനിക്ക് മനസ്സിലായി . ബേക്കറി പലഹാരങ്ങളെക്കാൾ സ്വാദ് അമ്മയുണ്ടാക്കിയ ചക്ക വിഭവങ്ങൾക്ക് തന്നെ . തൂമ്പ എടുത്തു കിളക്കുന്ന പപ്പായെ ഇപ്പോൾ ഞാൻ ആദ്യമായി കണ്ടു. പയറും ചീരയും കോവലും വഴുതനയും ഞങ്ങളുടെ പറമ്പിലും വിളയും എന്ന് നീ പഠിപ്പിച്ചു. അയൽപക്കക്കാർ ഒക്കെ ഒത്തിരി നല്ലവരും സ്നേഹമുള്ളവരുമാണ്ണെന്ന് മനസ്സിലായി. ചക്ക ,മാങ്ങ തേങ്ങ ,കൈതച്ചക്ക, ചേന ,വാഴപ്പഴം ,മുതലായവ നിത്യവും വീട്ടിൽ എത്തുന്നുണ്ട് .കഞ്ഞിയും ചമ്മന്തിയും ഒക്കെ എന്താ സ്വാദ്. പിന്നെ നിന്നോട് ഒരുപാട് നന്ദിയുണ്ട് .എന്തിനാണെന്നോ ,ഞാൻ ഇതുവരെ കാണാത്ത ധാരാളം പക്ഷികൾ വീട്ടുമുറ്റത്തെ മരങ്ങളിൽ പതിവായി കാണുന്നു. അതുമാത്രമല്ല വളരെ നാളത്തെ എന്റെ ഒരു ആഗ്രഹം സഫലമായി എന്താണെന്നറിയാമോ മുടി നീട്ടി വളർത്തുക എന്നത് നീണ്ടു വളർന്നു നിൽക്കുന്ന എന്റെ മുടി ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇതുമാത്രമല്ല നീ കാരണം ലോക സമൂഹത്തിനും ചില നല്ല ഗുണങ്ങൾ ഉണ്ടായി .ചിലത് പറയാം , ഇപ്പോൾ നല്ല ശുദ്ധവായു കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ ആർക്കും അസുഖങ്ങൾ ഇല്ല ലോകമാകെ മലിനീകരണം കുറഞ്ഞു എന്നും കേട്ടു ,നല്ല കാര്യം ,മദ്യമില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ ആവും എന്ന് നീ തെളിയിച്ചു.ജീവിതത്തിന് ഇത്രയും വേഗതയുടെ ആവശ്യമില്ലെന്നും നീ മനസ്സിലാക്കി തന്നു .ഇത് ഞങ്ങൾ മനുഷ്യർക്ക് പല തിരിച്ചറിവ്കളുടെ കാലമാണ് .സർക്കാരിനെയും ജനങ്ങളുടെയും പിന്തുണയോടെ കേരളം എന്ന എന്റെ കൊച്ചു സംസ്ഥാനത്തിന് നിന്നെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ സാധിച്ചു.തളരില്ല ഞങ്ങൾ നീ വേഗം തിരികെ പോവുക സ്കൂൾ തുറക്കുമ്പോൾ നിന്റെ തോൽവി ഞങ്ങൾ കൂട്ടുകാർ പറഞ്ഞു ചിരിക്കും.....
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |