സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിരമ്പുഴ സെന്റ് അലോഷ്യസ് പ്രൈമറി സ്കൂൾ സ്ഥാപിത ചരിത്രം

നൂറിൽ പരം വർഷങ്ങൾക്ക് മുൻപ് ബ. വൈദികർ ഇവിടെ ഒരു വിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. അക്കാലത്ത് ആശാന്മാർ കരിമ്പനയോലയിൽ അക്ഷരങ്ങൾ എഴുതിക്കൊടുക്കുന്നത് മണലിൽ ആവർത്തിച്ചെഴുതി നന്നായി പഠിച്ചു കഴിഞ്ഞാൽ ഏതു താളിയോലഗ്രന്ഥവും അവർക്കു വായിക്കാനാകും . എന്നാൽ അന്നത്തെ ക്രൂരവും അശാസ്ത്രീയവുമായ പഠനരീതിയെ പലരും അംഗീകരിച്ചിരുന്നില്ല . അതുകൊണ്ട് അക്ഷരജ്ഞാനമില്ലാതെ അനേകം പേർ അന്തരിച്ചു പോയിട്ടുണ്ട് .


എഴുതാൻ കടലാസും അച്ചടിക്കാൻ പ്രസ്സും എഴുതാൻ പെൻസിലും പേനയും ഉണ്ടായതുകൂടി സർക്കാർ പള്ളിക്കൂടങ്ങൾ പലയിടത്തുമുണ്ടായി . അവിടെ സവർണ്ണജാതിക്കാക്കാർക്കാണു മുൻഗണന . അധകൃതസമുദായത്തിനു സമ്പൂർണ്ണ നിരോധനമായിരുന്നു. ഏതെങ്കിലും സർക്കാർ ജോലി കിട്ടണമെങ്കിൽ കുറഞ്ഞത് നാലു ക്ലാസ്സെങ്കിലും പഠിച്ചിരിക്കണം . ഒരു പള്ളിക്കൂടം തുടങ്ങാമെന്നുവെച്ചാൽ നായന്മാരായ സാറന്മാരെയേ കിട്ടുമായിരുന്നുള്ളു . ഇവിടത്തെ ആദ്യകാല അദ്ധ്യാപകരുടെ ലിസ്റ്റിൽ അതു വ്യക്തമാണ് .

ഈ പള്ളി ഇടവകക്കാരായ മുൻഗാമികൾ അന്നത്തെ ഇടവക വികാരിയുടെ നേതൃത്വത്തിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിച്ചു . അതിനു മുൻനിരയിൽ നിന്നത് കുഴുപ്പിൽ കുഞ്ഞച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജനസമ്മതനായ വേകത്താനത്തു പുത്തൻപുരയിൽ ഇട്ടിച്ചെറിയത് ഔസേപ്പു എന്ന പൗരമുഖ്യനായിരുന്നു . ഭരണനിപുണനായ വികാരി . ബഹു . മരുതുക്കുന്നേൽ തോമസച്ചന്റെ പ്രോത്സാഹനവും കൂടി ഉണ്ടായപ്പോൾ പള്ളിക്കൂടം ആരംഭിക്കുന്നതിനുള്ള തീരുമാനമായി .


സ്കൂൾ തുടങ്ങണമെങ്കിൽ കെട്ടിടം വേണം . പണിയാനുള്ള സാമ്പത്തിക സ്ഥിതി പള്ളിക്കില്ല . തല്ക്കാലം പള്ളിമുറിയുടെ വരാന്തയിലും പഴയ കുശിനിപ്പുരയിലുമായി , രണ്ട് , ഒന്ന് , അര എന്നീ ക്രമത്തിനു മൂന്നു ക്ലാസുകൾ തുടങ്ങാമെന്നു വെച്ചു . പിതാക്കന്മാരുടെ അക്ഷീണപരിശ്രമഫലമായി 28 കുട്ടികളെ കിട്ടി . ഹെഡ്മാസ്റ്ററായി മുണ്ടുചിറക്കൽ എം സി അബ്രാഹത്തെയും സഹാധ്യാപകരായി ശ്രീമാന്മാരായ വി എം ചാക്കോ , കൊച്ചുപുരയ്ക്കൽ ഈപ്പൻ ജോസഫ് എന്നിവരെയും നിയമിച്ചു . ഉടനെ അംഗീകാരത്തിനായി അപേക്ഷിച്ചതനുസരിച്ച് 1899 ഫെബ്രുവരി മാസം 22-ാം തീയതി സർക്കാർ അംഗീകാരം ഈ വിദ്യാലയത്തിനു ലഭിച്ചു .


രണ്ടാം ക്ലാസിനു നാലുരൂപായും ഒന്നാം ക്ലാസിനു മൂന്ന് രൂപയും ബാലപാഠക്ലാസിനു രണ്ടുരൂപായും ഗ്രാന്റ് അനുവദിച്ചു . ആണ്ടവസാനത്തിൽ കുട്ടികളുടെ എണ്ണം നൂറായി വർദ്ധിച്ചു . ഇടവകക്കാരനായ പെരുമാലിപുറക്കരയിൽ ബഹു. തോമസച്ചന്റെ നിർദ്ദേശമനുസരിച്ചാണ് സ്കൂളിന് സെന്റ് അലോഷ്യസിന് എന്ന് നാമകരണം ചെയ്തത് . 1901 - ൽ പുതിയ കെട്ടിടത്തിലേക്കു ക്ലാസ്സുകൾ മാറ്റി മാനേജർക്ക് സ്ഥലം മാറ്റം വന്നു. ഹെഡ്മാസ്റ്റർ രാജിവെച്ചു . ശ്രീ. വി. എം. ചാക്കോയെ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം നൽകി. പിന്നാലെ മാനേജരായി വന്ന പാറേമ്മാക്കിൽ ബഹുമാനപ്പെട്ട മത്തായി അച്ചൻ പള്ളിയോഗം ചേർന്നു എടുത്ത തീരുമാനം, സ്കൂൾ അഭിവൃദ്ധിയിലെടുക്കുന്നതിന് ഉപകരിച്ചു. പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിലേക്കയക്കണം. വീടൊന്നിന് ഒരു പണം വീതം സ്കൂൾ ഫണ്ടിലേക്ക് നൽകണം.


കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിക്കുകയും ഡിവിഷൻ വർദ്ധിപ്പിക്കുകയും ചെയ്തു. 1908 - ൽ വികാരിയായി വന്ന ഫാദർ തോമസ് ഉലക്കലാടി ഒരു ക്ലാസുകൂടി ആരംഭിച്ചു. ശ്രീ. റ്റി. വി. സേവ്യറെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1910 - ൽ ഡോ. മിച്ചലിന്റെ വിദ്യാഭ്യാസ കേഡിത മുൻകാല പ്രാബല്യം സിദ്ധിക്കയാൽ ബാലപാഠക്ലാസ്സ് ഒന്നാം ക്ലാസ്സാകുകയും , 4 ക്ലാസ്സുള്ള ഒരു ഹയർ പ്രൈമറി സ്കൂളായി ചേരുകയും ചെയ്തു. 1 , 2 , 3 ക്ലാസ്സുകൾക്ക് 18 രൂപ ഗ്രാന്റ് ലഭിച്ചു.