മത്സര ശ്രേണികൾ തീർക്കുമ്പോൾ
മറക്കണം മനുഷ്യർ തത്വശാസ്ത്രങ്ങളെ
ബന്ധങ്ങളെ നന്മതിന്മതൻ പോരിനെ
സഹികെട്ട് പ്രതിരോധം തീർക്കുന്ന പ്രകൃതിയെ
വികൃതിയാൽ കളങ്കപ്പെടുത്തുന്ന മുറിവിൽ
നിന്നുണരുന്നു ജീവൻ്റെ അന്തകൻ വിനാശകൻ
മരണമെത്തുന്ന വഴിയറിയാതിന്ന് പതറുന്ന
കാഴ്ചയാണെങ്ങും ഭയാനകം
ജീവിച്ചിരുന്നു നാം ഒരുകാലത്തലിവോടെ
സഹജീവികൾക്കൊപ്പം നേരായ മാർഗ്ഗത്തിൽ
പശിയടക്കാൻ മാത്രം ഇരതേടി എഴുതാത്ത
നീതിബോധത്തിൻ്റെ ശില്പികളായി നാം
പിന്നെപ്പോഴോ ഏത് വെളിപാടിന്നുണർവിലോ
ചിക്കി ചികഞ്ഞു കണ്ടെത്തി
പുത്തൻ അറിവുകൾ ജാതിയുണ്ടായ്,
മതവും വിദ്വേഷവും അധികാരത്തിനായുള്ള നെട്ടോട്ടവും
ധനമേറെ വേണം അതിലാണ് പെരുമ
ദുര മൂത്തു കൊലചെയ്തു രക്തബന്ധങ്ങളെ
മലനിരകളും പാടവും കാവും കുളങ്ങളും
പൊടിപാറി സമതല കാഴ്ച മറയ്ക്കുന്നു
മാനം കെടുത്തിയി മണ്ണിനെ, പുൽക്കൊടി -
ത്തുമ്പിനെ, പുഴകളെ, കാനനഭംഗിയെ
വിഷലിപ്തമല്ലാത്തൊരില പോലുമില്ലാത്ത
കലികാലമാണെന്നെൻ മുത്തശ്ശി ചൊല്ലുന്നു
തിരമാലകൊണ്ടുള്ള പ്രഹരവും
തോരാത്ത കണ്ണീരിൻ രുചിയുള്ള പ്രളയവും
കാൽക്കീഴിൽ ഇളകുന്നൊരമ്മതൻ നെഞ്ചിടിപ്പും
കാണെ എരിയുന്ന സൂര്യൻ്റെ രോഷാഗ്നിയും
പൂവില്ല, പൂമ്പാറ്റ പാറുന്നിടമില്ല തണലില്ല
ഇളമേൽക്കാൻ കരിയിലക്കാറ്റില്ല
കിളിയില്ല പാട്ടൊന്നു മൂളുവാൻ പിന്നെയോ
ബലിച്ചോറുതിരയുന്ന കാക്കതൻ ചിറകടി
ഓരോ ദുരന്തവും വിട്ടൊഴിയുമ്പോഴും
അതിജീവനത്തിൻ്റെ പേരിൽ അഹങ്കരി -
ച്ചതിവേഗം മറുമുഖമണിഞ്ഞു പടവെട്ടുന്നു
ഇരു മുഖമുള്ള മനുഷ്യൻ ലജ്ജാകരം
സ്വച്ഛത ഇനി കൈവന്നീടുമോ -
അറിയില്ല നിശ്ചയം
സഹജീവിജാലങ്ങളെയെന്നും നോവിക്കയില്ല ഞാൻ
കാവലായ് നിന്നിടും ഈ മഹാ അത്ഭുത പ്രപഞ്ച സത്യത്തിനെ
ഈ മഹാ അത്ഭുത പ്രപഞ്ച സത്യത്തിനെ.