സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/ ജീവിക്കാം കരുതലോടെ

ജീവിക്കാം കരുതലോടെ

വിവിധ ജാതിമതങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും തത്വചിന്തകളും നിലനിൽക്കുന്ന ഭാരത സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

പ്രകൃതിയിലെ മനുഷ്യന്റെ വിവേകശൂന്യമായ ഇടപെടൽ ലോകനാശത്തിന് കാരണം ആകുന്നു. പ്രകൃതി അമ്മയാണ്. "എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യ ത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും" ലക്ഷ്യം വച്ചുകൊണ്ടാണ് 1972 മുതൽ ലോകപരിസ്ഥിതിദിനം ആചരിച്ചു വരുന്നത്.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യരാശിയെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.

ഭൂമിയിലെ ചൂടിന്റെ കാഠിന്യം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ജലമലിനീകരണം, മണ്ണിടിച്ചിൽ, വരൾച്ച, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

എന്നാൽ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ നാം വായു, ജലം എന്നിവയുടെ മലിനീകരണത്തിൽ നിന്നും ഏറെക്കുറെ രക്ഷപ്പെട്ടിരിക്കുന്നു.

നാം വസിക്കുന്ന കെട്ടിടത്തിന്റെ ശുചിത്വം, കഴിക്കുന്ന ഭക്ഷണങ്ങളുടെ വിശുദ്ധി, ധരിക്കുന്ന വസ്ത്രങ്ങളുടെ ശുചിത്വം, നമ്മുടെ ശരീരങ്ങളുടെ വിശുദ്ധി ഇവയ്ക്കെല്ലാം നാം പ്രാധാന്യം നൽകണം.

വീടിനു ചുറ്റും അടിച്ചുവാരി വൃത്തിയാക്കുന്ന നല്ല ശീലം പണ്ട് മുതൽക്കേ കേരളീയർക്കുണ്ട്. എന്നാൽ കെട്ടിടങ്ങളുടെ വലുപ്പം കുറയുകയും അടുത്തടുത്ത് വീടുകൾ വരികയും ചെയ്തപ്പോൾ മാലിന്യങ്ങൾ നീക്കുക വലിയ പ്രശ്നമായി.

മാലിന്യങ്ങൾ സമൂഹത്തിനും, ഭാവിതലമുറക്കും ഉപദ്രവം ചെയ്യാത്ത രീതിയിൽ നീക്കം ചെയ്യണം. നാട്ടിൻപുറങ്ങളിൽ പഴം-പച്ചക്കറികളുടെ അവശിഷ്ടങ്ങൾ കൃഷിക്ക് വളമായി മാറ്റാം. തുളസി, വേപ്പ് തുടങ്ങി ആരോഗ്യത്തിന് പ്രയോജനം ചെയ്യുന്ന ചെടികളും, ആഹാരത്തിന് ഉപയോഗിക്കാവുന്ന മറ്റ് മരങ്ങളും, പച്ചക്കറികളും നട്ടു വളർത്തി നമ്മുടെ പരിസരം ഭംഗിയായി സൂക്ഷിക്കാം.

ശുചിത്വം ആർക്കും ആരുടെമേലും അടിച്ചേൽപിക്കാനാവില്ല. അത് വളർത്തിയെടുക്കേണ്ട ഒരു ശീലമാണ്. പോഷകമൂല്യമുള്ള ആഹാരം നാം ഉപയോഗിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് ശരീരശുദ്ധിയും, വസ്ത്രശുദ്ധിയും. മോടിയുള്ള പുറംവസ്ത്രങ്ങളും സുഗന്ധ വസ്തുക്കളും ഉപയോഗിക്കുന്നവർ കുറവല്ല. ശരീരം കഴുകി വൃത്തിയാക്കി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, കൈകാലുകളിലെ നഖങ്ങൾ വൃത്തിയാക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ശീലിക്കണം.

വസ്ത്രങ്ങളുടെ എണ്ണത്തിനും വിലയ്ക്കും നൽകുന്ന പ്രാധാന്യത്തേക്കാൾ അവയുടെ ശുചിത്വത്തിനാണ് നാം പ്രാധാന്യം നൽകേണ്ടത്. വസ്ത്രങ്ങളുടെ ശുചിത്വം ആരോഗ്യത്തിനും അത്യാവശ്യമായ ഒരു ഘടകമാണ്. വൃത്തിയായ അടിവസ്ത്രങ്ങളും വൃത്തിയുള്ള ശരീരവും പലതരം ത്വക്ക് രോഗങ്ങളെയും തടയുന്നു.

ശരീരത്തെ മലിനമാക്കുന്ന പുകവലി, മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയിൽ ചെന്നുപെടാതിരിക്കുക.


ചില നല്ല ഭക്ഷണശീലങ്ങൾ.

1. ഏതു നേരവും കൈകഴുകിയിട്ടുമാത്രം ഭക്ഷണം കഴിക്കുക. 2. രാവിലെയും രാത്രി ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കുക. 3. പ്രഭാത ഭക്ഷണം കഴിക്കേണ്ട സമയങ്ങളിൽ ലഘുഭക്ഷണം കഴിക്കാതിരിക്കുക. 4. എല്ലാ ദിവസവും കഴിയുന്നതും ഒരേ സമയങ്ങളിൽ ഭക്ഷണം കഴിക്കുക. 5. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കാതിരിക്കുക. 6. ഏതു സാമ്പത്തിക ചുറ്റുപാടിൽ ഉള്ള കുടുംബങ്ങളിലായാലും ആഹാരം അമിതമായി വാങ്ങുകയും ഉണ്ടാക്കുകയും ചെയ്തിട്ട് നഷ്ടപ്പെടുത്താതിരിക്കുക.

കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവയ്പുകൾ .

1. ബി.സി.ജി. - ക്ഷയത്തിനെതിരെ 2. പോളിയോ വാക്സിൻ - പോളിയോയ്ക്കെതിരെ 3. ട്രിപ്പിൾ ആന്റിജൻ കുത്തിവയ്പ് - തൊണ്ടമുള്ള്, വില്ലൻചുമ, റ്റെറ്റനസ് എന്നിവയ്ക്കെതിരെ 4. മീസിൽസ് വാക്സിൻ കുത്തിവയ്പ് - അഞ്ചാം പനിക്കെതിരെ 5. എം.എം.ആർ. കുത്തിവയ്പ് - മുണ്ടിനീര്, ജർമ്മൻ മീസൽസ് എന്നിവയ്ക്കെതിരെ.

ശരീരം, വസ്ത്രം, ഭവനം, ചുറ്റുപാട് ഇവ ശുചിയായി സൂക്ഷിക്കാനും; സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, സഹിഷ്ണുത, ധൈര്യം, അനുകമ്പ എന്നിവ വളർത്താനും നാം ശീലിക്കണം.

പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് എന്നും ഏത് പ്രശ്നവും പരിഹരിക്കാൻ സാധിക്കും എന്നും ഉറച്ച് വിശ്വസിക്കുക. ആശയവിനിമയം പ്രശ്നങ്ങൾ ലഘൂകരിക്കാനും സംഘർഷങ്ങൾ ഒഴിവാക്കാനും സഹായിക്കും. കലവറയില്ലാത്ത സ്നേഹത്തോടും സഹകരണത്തോടും ജീവിക്കാനും, പ്രശ്നങ്ങൾ തരണം ചെയ്യാനും വേണ്ട ഊർജ്ജവും ശക്തിയും പകർന്നു നൽകാൻ ഈ പ്രപഞ്ചത്തെ ദാനം നൽകിയ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് നാം ഓരോരുത്തരും ജീവിക്കണം.

ജിൻസി. എസ്.വി.
1 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം