കൊറോണയുടെ ആത്മകഥ
പ്രിയപ്പെട്ടവരേ.... എന്റെ പേര് കോവിഡ് 19. കൊറോണ എന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത്.ആ പേരിലുള്ള ഞാൻ വളരെ പാവമായിരുന്നു. എപ്പോഴോ ഏതോ ഒരു ജീവിയിൽ വച്ച് എന്റെ സ്വഭാവത്തിന് ചില മാറ്റങ്ങൾ വന്നു. അങ്ങനെ ഞാനൊരു ഭീകര രൂപിയായി.
2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു മാർക്കറ്റിൽ വച്ചാണ് ഞാൻ മനുഷ്യനിലേക്ക് പകർന്നത്. ആദ്യമൊന്നും ഞാൻ ആരെന്ന് മനുഷ്യന് മനസ്സിലായിരുന്നില്ല. പിന്നീട് അവർ പെട്ടെന്ന് തന്നെ എന്നെ കണ്ടുപിടിച്ചു. എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും അവർ കണ്ടു പിടിച്ചു. അങ്ങനെ മനുഷ്യർ എനിക്ക് കോവിഡ് 19 എന്ന പേരിട്ടു.
അപ്പോഴേക്കും ഞാൻ മനുഷ്യരിലൂടെ പല രാജ്യങ്ങളിലും എത്തിയിരുന്നു. പ്രായമായവരിലും കുട്ടികളിലും എനിക്ക് പെട്ടെന്ന് കടന്നു കൂടാൻ പറ്റും. എന്നാൽ നല്ല ആരോഗ്യമുള്ളവരുടെ ശരീരത്ത് എനിക്ക് പെട്ടെന്ന് കയറി കൂടാൻ പറ്റില്ല.
ലോകത്താകമാനം മുപ്പതുലക്ഷത്തിലധികം ആളുകളിൽ എനിക്ക് കയറി കൂടാൻ പറ്റി. അതിൽ രണ്ടുലക്ഷിലധികം ആളുകളെ എനിക്ക് കൊല്ലാനും പറ്റി. മനുഷ്യൻ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകളെയൊന്നും എനിക്ക് പേടിയില്ല. ആകെ പേടിയുള്ളത് സോപ്പിനെ മാത്രമാണ്. മനുഷ്യർ എന്നെ പേടിച്ചു സോപ്പിട്ടു കൈകഴുകുന്നതിനാൽ എനിക്ക് ഒത്തിരി ആൾക്കാരിൽ കയറാൻ പറ്റാതെ വരുന്നുണ്ട്.
കൂട്ടുകാരൊക്കെ എന്നെ പേടിച്ചു സ്കൂളിൽ പോലും പോകാതെ ഇരിക്കുകയാണല്ലേ. ഈ സമയത്ത് വെറുതെ വീട്ടിലിരിക്കാതെ എല്ലാവരും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ സമയം ചിലവഴിക്കണം. മനുഷ്യർ എന്നെങ്കിലും എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കുമെന്നു എനിക്ക് ഉറപ്പാണ്. അതുവരെ ഞാൻ ഈ ലോകത്ത് ഇങ്ങനെ പറന്നു നടക്കും… കൂട്ടുകാരൊക്കെ എന്റെ അടുത്തു വരാതെ സൂക്ഷിക്കണം. അതിനു വേണ്ടി എല്ലാവരും വീട്ടിലിരിക്കുക.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
|